Kerala

സിഎംആര്‍എല്‍ നല്‍കിയ കോടികളുടെ കോഴ ആര്‍ക്കാണെന്നു വ്യക്തമായെന്ന് മാത്യു കുഴല്‍നാടന്‍

സിഎംആര്‍എല്‍ വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിക്ക് കോടികള്‍ നല്‍കിയത് ഒരു രാഷ്ട്രീയ നേതാവിനെ സ്വാധീനിക്കാനാണെന്നാണ് എസ്എഫ് ഐ ഒയക്ക് വേണ്ടി ഹാജരായ കേന്ദ്ര സര്‍ക്കാരിന്റെ അഭിഭാഷകന്‍ ഡല്‍ഹി ഹൈക്കോടതിയില്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ ആ രാഷ്ട്രീയ നേതാവ് ആരാണെന്ന് പറയാനുള്ള ബാധ്യത മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനുമുണ്ടെന്ന് മാത്യൂ കുഴല്‍നാടന്‍ എംഎല്‍എ. കെപിസിസി ആസ്ഥാനത്ത് വാര്‍ത്താസമ്മേളത്തില്‍ സംസാരിക്കുക ആയിരുന്നു അദ്ദേഹം.

എസ്എഫ് ഐഒയുടെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ആ രാഷ്ട്രീയ നേതാവ് താനല്ലെന്ന് പറയാനുള്ള ധൈര്യം മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും ഇപ്പോഴുമുണ്ടോ. ഇന്ററീം സെറ്റില്‍മെന്റ് ബോര്‍ഡ് കണ്ടെത്തിയ പി.വി താനല്ലെന്ന് ഒരിക്കല്‍ക്കൂടി കേരളീയ പൊതുസമൂഹത്തോട് പറയാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ. സിഎംആര്‍എല്‍ നല്‍കിയ കോടികള്‍ കൈപ്പറ്റിയ പിവി താനാണെന്ന് അംഗീകരിക്കുന്നതിന് തുല്യമാണ് മുഖ്യമന്ത്രിയുടെ മൗനം. ഇന്ററീം സെറ്റില്‍മെന്റ് ബോര്‍ഡ് കണ്ടെത്തിയ പേരിലെ പിവി താനല്ലെന്ന് പറഞ്ഞത് പിണറായി വിജയനാണ്. മറ്റാരും അല്ലെന്ന് പറഞ്ഞിട്ടില്ല. തന്റെ കൈകള്‍ ശുദ്ധമാണെന്ന് പറഞ്ഞതും പിണറായി വിജയനാണെന്നും കേരളത്തില്‍ ഈ പേരുള്ള മറ്റൊരു പൊതു പ്രവര്‍ത്തകനുണ്ടോയെന്നും കുഴല്‍നാടന്‍ ചോദിച്ചു.

അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എസ്എഫ്ഐഒയ്ക്ക് അനുവദിച്ച സമയപരിധി എട്ടുമാസമാണ്. എന്നാല്‍ ഇതുവരെ അന്വേഷണം പൂര്‍ത്തിയായില്ല. അനുവദിച്ച സമയപരിധി കഴിഞ്ഞിട്ട് മൂന്ന് മാസമായി. കെഎസ്ഐഡിസിയും വീണാ വിജയനും ഓരോ ഹൈക്കോടതിയെ സമീപിച്ചു. അവിടെന്ന് തിരിച്ചടി കിട്ടിയപ്പോള്‍ സിഎംആര്‍എല്ലിനെ കൊണ്ട് മൂന്നാമത്തെ ഹൈക്കോടതിയെ സമീപിപ്പിച്ചു. രണ്ട് ഹൈക്കോടതികള്‍ തള്ളുകയും മൂന്നാമത്തെ ഹൈക്കോടതി കേസില്‍ ഇടപെടാന്‍ മടിക്കുകയും ചെയ്ത കേസിലാണ് എട്ടുമാസമായിട്ടും അന്വേഷണ റിപ്പോര്‍ട്ട് എസ്എഫ് ഐ ഒ നല്‍കാത്തത്. ആര്‍ക്കുവേണ്ടിയാണ് അന്വേഷണം നീട്ടി കൊണ്ടുപോകുന്നത്. പിണറായി വിജയനും കുടുംബവും നടത്തിയ അഴിമതി പൊതുസമൂഹത്തില്‍ തെളിയിക്കുന്നത് വരെ ശക്തമായ പോരാട്ടം തുടരും. അതിന് കരുത്ത് നല്‍കുന്നതാണ് ഡല്‍ഹി ഹൈക്കോടതിയില്‍ വന്നതെന്നും മാത്യൂ കുഴല്‍നാടന്‍ പറഞ്ഞു.