Travel

കൊട്ടാരങ്ങളുടെ നഗരം; സവിശേഷമായ ഭൂപ്രകൃതികൊണ്ട് അനുഗ്രഹീതമായ അല്‍വാര്‍

താര്‍ മരുഭൂമിയും ആരവല്ലി മലനിരകളും രാജസ്ഥാന്റെമാത്രം പ്രത്യേകതകളാണ്

സവിശേഷമായ ഭൂപ്രകൃതികൊണ്ട് അനുഗ്രഹീതമായ സംസ്ഥാനമാണ് രാജസ്ഥാന്‍. മരുഭൂമികളും കാടുകളുമുള്‍പ്പെട്ട ഭൂപ്രകൃതിയാണ് ഇവിടുത്തേത്. താര്‍ മരുഭൂമിയും ആരവല്ലി മലനിരകളും രാജസ്ഥാന്റെമാത്രം പ്രത്യേകതകളാണ്. പുതിയ പുതിയ സ്ഥലങ്ങളെ പരിചയപ്പെടാനും അനുഭവിയ്ക്കാനും ആഗ്രഹിയ്ക്കുന്ന സഞ്ചാരികള്‍ക്ക് ആവേശം പകരുന്നതാണ് രാജസ്ഥാനിലെ ഭൂമിയും സംസ്‌കാരവും. രാജസ്ഥാനിലെ പ്രധാനനഗരങ്ങളില്‍ ഒന്നാണ് അല്‍വാര്‍. പുരാതനമെങ്കിലും വികസനോന്മുഖമായ ഒരു നഗരമാണിത്. ആരവല്ലിയില്‍പ്പെടുന്ന മലനിരകളാല്‍ മൂന്നുവശവും ചുറ്റപ്പെട്ട ഈ സ്ഥലം സമുദ്രനിരപ്പില്‍ നിന്നും 268 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്.

അല്‍വാര്‍ ജില്ലയുടെ ഭരണതലസ്ഥാനമാണ് അല്‍വാര്‍ നഗരം. ഭൂപ്രകൃതിയെ അടിസ്ഥാനപ്പെടുത്തി വളരെ തന്ത്രപ്രധാനമായ സ്ഥലത്താണ് അല്‍വാറിന്റെ കിടപ്പ്. പുരാണങ്ങളില്‍ മത്സ്യ ദേശ് എന്നപേരിലാണ് അല്‍വാര്‍ അറിയപ്പെട്ടിരുന്നത്. പാണ്ഡവന്മാര്‍ തങ്ങളുടെ വനവാസക്കാലത്ത് കഴിഞ്ഞിരുന്നത് ഇവിടെയായിരുന്നുവെന്നാണ് മഹാഭാരതത്തില്‍ പറയുന്നത്. ചരിത്രം നോക്കിയാല്‍ അല്‍വാറിന് മേവാര്‍ എന്നൊരു പേരുകൂടി കാണാം. മനോഹരമായ തടാകങ്ങള്‍, വാസ്തുവിസ്മയങ്ങളായ കൊട്ടാരങ്ങള്‍, ക്ഷേത്രങ്ങള്‍, കൂറ്റന്‍ ഗോപുരങ്ങളുള്ള കോട്ടകള്‍, വീരനേതാക്കന്മാര്‍ക്കായി പടുത്തുയര്‍ത്തിയ സ്മാരകങ്ങള്‍ എന്നുവേണ്ട ഒട്ടേറെ കാര്യങ്ങളാണ് അല്‍വാറില്‍ സഞ്ചാരികളെക്കാത്തിരിയ്ക്കുന്നത്. അല്‍വാറിലെ വിസ്മയങ്ങള്‍ 1550ല്‍ ഹസന്‍ ഖാന്‍ മേവടി പണിതീര്‍ത്ത ബാല ക്വില അഥവാ അല്‍വാര്‍ ഫോര്‍ട്ടാണ് അല്‍വാറിലെ പ്രധാന വാസ്തുവിസ്മയങ്ങളില്‍ ഒന്ന്.

കോട്ടയിലെ കല്‍പ്പണികളും, ഗാംഭീര്യമുള്ള രൂപങ്ങളുമെല്ലാം ഈ കോട്ടയെ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാക്കി മാറ്റുന്നു. അഞ്ചു കവാടങ്ങളാണ് കോട്ടയിലുള്ളത്. ജയ് പോള്‍, ലക്ഷ്മണ്‍ പോള്‍, സൂരറ്റ് പോള്‍, ഛന്ദ് പോള്‍, അന്ധേരി ഗേറ്റ്, കൃഷ്ണ ഗേറ്റ് എന്നിങ്ങനെയാണ് കവാടങ്ങളുടെ പേരുകള്‍. ദി സിറ്റി പാലസ്, വിജയ് മന്ദിര്‍ പാലസ് എന്നിവയാണ് അല്‍വാറിലെ മറ്റ് പ്രധാനപ്പെട്ട പുരാതനവും വലിപ്പമേറിയതുമായ വാസ്തുവിസ്മയങ്ങള്‍. നിര്‍മ്മാണശൈലിയിലുള്ള പ്രത്യേകതയും മ്യൂസിയവുമാണ് സിറ്റി പാലസിനെ വ്യത്യസ്തമാക്കുന്നത്. വിജയ് മന്ദിര്‍ പ്രശസ്തമാകുന്നത് അതിലുള്ള 105 മുറികളുടെ പേരിലാണ്. കൂടാതെ മനോഹരമായ ഒരു പൂന്തോട്ടവും തടാകവും ചേര്‍ന്നുള്ള പരിസരവും ഈ കെട്ടിടത്തെ പ്രത്യേകതയുള്ളതാക്കി നിര്‍ത്തുന്നു.

ജയ്‌സമന്ദ് തടാകം, സിലിസേര്‍ തടാകം, സാഗര്‍ തടാകം എന്നിവയാണ് അല്‍വാറിലെ പ്രധാന തടാകങ്ങള്‍, ഇവയെല്ലാം വളരെ തിരക്കേറിയ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ കൂടിയാണ്. മൂസി മഹാറാണി കി ഛത്രി, ട്രിപോളിയ, മോടി ഡൂങ്ഗ്രി, റൂയിന്‍സ് ഓഫ് ബാങ്ക്ര, കമ്പനി ബാഗ്, ക്ലോക്ക് ടവര്‍, ഗവണ്‍മെന്റ് മ്യൂസിയം, ഫത്തേ ജുങ്കിന്റെ ശവകുടീരം, കാലകണ്ട് മാര്‍ക്കറ്റ്, നല്‍ദേശ്വര്‍ തുടങ്ങിയവയെല്ലാം അല്‍വാറിലേയ്ക്കുള്ള വഴിയിലെ പ്രധാന ആകര്‍ഷണകേന്ദ്രങ്ങളാണ്. അല്‍വാര്‍ യാത്രയ്‌ക്കൊരുങ്ങുമ്പോള്‍ വിമാനം, റെയില്‍, റോഡ് എന്നീ മൂന്നു മാര്‍ഗ്ഗങ്ങളിലൂടെയും അല്‍വാറിലെത്താം. ജയ്പൂരിലെ സംഗ്നേശ്വര്‍ എയര്‍പോര്‍ട്ടാണ് അല്‍വാറിന് തൊട്ടടുത്തുള്ളത്.

ദില്ലിയിലെ ഇന്ദിരാഗാന്ദി അന്താരാഷ്ട്ര വിമാനത്താവളമാണ് അടുത്തുള്ള അന്താരാഷ്ട്രവിമാനത്താവളം. ദില്ലി, ജയ്പൂര്‍ എന്നീ നഗരങ്ങളില്‍ നിന്നും അല്‍വാര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചേരാന്‍ പ്രയാസമില്ല. വിമാനത്താവളങ്ങളില്‍ നിന്നും റെയില്‍വേ സ്റ്റേഷനില്‍ നിന്നും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെത്താന്‍ വാടകവാഹനങ്ങളും ടാക്‌സികളും ലഭിയ്ക്കും. സമീപനഗരങ്ങളില്‍ നിന്നെല്ലാം അല്‍വാറിലേയ്ക്ക് വേണ്ടത്ര ബസ് സര്‍വ്വീസുകളുമുണ്ട്. വര്‍ഷത്തില്‍ ഏതാണ്ട് എല്ലാകാലത്തും വരണ്ട കാലാവസ്ഥയനുഭവപ്പെടുന്ന സ്ഥലമാണ് അല്‍വാര്‍. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള സമയമാണ് അല്‍വാറിലേയ്ക്ക് വിനോദയാത്ര നടത്താന്‍ പറ്റിയ സമയം.

STORY HIGHLIGHTS:  Alwar is blessed with a unique landscape