Health

മുളപ്പിച്ച ചെറുപയർ ഭക്ഷണത്തിൽ ഉൾപ്പെടുത്താം; ആരോഗ്യ ഗുണങ്ങൾ അറിയാമോ ? | benefits-of-sprouted-peas

ശരീരഭാരം കുറയ്ക്കാനും രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ചെറുപയര്‍ മുളപ്പിച്ച്‌ കഴിക്കുന്നതാണ് നല്ലത്

നിരവധി പോഷക ഗുണങ്ങൾ അടങ്ങിയ പയർ വർഗ്ഗങ്ങളിൽ ഒന്നാണ് ചെറുപയർ. ദിവസേന ചെറുപയർ കഴിക്കുന്നത് ശീലമാക്കിയാൽ ആരോഗ്യത്തിന് ഒട്ടനവധി ഗുണങ്ങൾ ലഭിക്കും. അതേസമയം ചെറുപയര്‍ മുളപ്പിക്കുമ്പോള്‍ അതിലെ പോഷകഗുണങ്ങള്‍ ഇരട്ടിയാകും. ശരീരഭാരം കുറയ്ക്കാനും രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ചെറുപയര്‍ മുളപ്പിച്ച്‌ കഴിക്കുന്നതാണ് നല്ലത്.

അയണ്‍, മഗ്‌നീഷ്യം ഫോസ്ഫറസ്, പൊട്ടാസ്യം, കാത്സ്യം, മാംഗനീസ്, ഒമേഗ ത്രി ഫാറ്റി ആസിഡ് എന്നിവ ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരത്തിന് പ്രോട്ടീന്‍ ലഭിക്കാനുള്ള ഏറ്റവും നല്ല വഴിയാണ് മുളപ്പിച്ച ധാന്യങ്ങള്‍. വിറ്റാമിനുകളുടെ ഒരു കലവറയാണിത്. ശരീരപ്രവര്‍ത്തനത്തിന് ആവശ്യമായ അമിനോ ആസിഡുകള്‍ ലഭ്യമാക്കാന്‍ മുളപ്പിച്ച പയര്‍ വര്‍ണ്മങ്ങള്‍ സഹായിക്കുന്നു.

മുളപ്പിച്ച പയറിന്റെ ഗുണങ്ങള്‍ ഇവയാണ്:

ദഹനത്തിന് സഹായിക്കുന്നു

പയര്‍ മുളപ്പിക്കുമ്ബോള്‍ ആന്റിഓക്സിഡന്റുകള്‍, ഫൈറ്റോ കെമിക്കലുകള്‍, ബയോഫ്ളെവനോയിഡുകള്‍, ജീവകങ്ങള്‍, ധാതുക്കള്‍ തുടങ്ങിയവ ധാരാളമായി ഉണ്ടാകും. ഇതില്‍ എന്‍സൈമുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ ദഹനപ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കുന്നു. ദഹനസമയത്തുള്ള രാസപ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുകയും ഇതിലടങ്ങിയിരിക്കുന്ന എന്‍സൈമുകള്‍ പോഷകങ്ങളുടെ ആഗിരണം സുഗമമാക്കുകയും ചെയ്യുന്നു.

രോഗപ്രതിരോധ ശക്തി വര്‍ധിപ്പിക്കുന്നു

മുളപ്പിച്ച പയറില്‍ ജീവകം എ, സി എന്നിവ ധാരാളമായിട്ടുണ്ട്. ഇത് രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ഇതിലുള്ള വിറ്റാമിന്‍ സി ശ്വേതരക്താണുക്കളുടെ പ്രവര്‍ത്തനത്തെ ഉത്തേജിപ്പിച്ച്‌ അണുബാധയും രോഗങ്ങളും പ്രതിരോധിക്കുന്നു.

ശരീരഭാരം കുറയ്ക്കുന്നു

മുളപ്പിച്ച പയറില്‍ ഊര്‍ജത്തിന്റെ തോത് കുറവും എന്നാല്‍ പോഷകങ്ങള്‍ കുടുതലുമാണ്. ഇത് ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കും. ഇതില്‍ നാരുകള്‍ ധാരാളമുള്ളതിനാല്‍ കൂടുതല്‍ നേരം വയര്‍ നിറഞ്ഞു എന്ന തോന്നല്‍ ഉണ്ടാകും.

ഹൃദയാരോഗ്യം സംരക്ഷിക്കുന്നു

മുളപ്പിച്ച പയര്‍ കഴിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിന് ഉത്തമമാണ്. ഇവ നല്ല കൊളസ്ട്രോളിന്റെ തോതിനെ കൂട്ടാന്‍ സഹായിക്കുന്നു. ചീത്ത കൊളസ്ട്രോളിന്റെ അളവിനെ കുറച്ച്‌ ഹൃദയത്തിന്റെ ആരോഗ്യത്തെ കാക്കുന്നു. മുളപ്പിച്ച പയറിലുള്ള ഒമേഗ ത്രീ ഫാറ്റി ആസിഡാണ് ഇതിന് സഹായിക്കുന്നത്. ഇതിലുള്ള നാരുകള്‍ ശരീരത്തില്‍ നിന്നും ടോക്സിനുകളും അധികമുള്ള കൊഴുപ്പും പുറന്തള്ളാന്‍ സഹായിക്കും. ഉയര്‍ന്ന രക്തസമ്മര്‍ദം നിയന്ത്രിക്കാനുള്ള നല്ലൊരു ഉപാധിയാണ് മുളപ്പിച്ച പയര്‍. ചെറുപയറില്‍ ധാരാളം മഗ്‌നീഷ്യം അടങ്ങിയിട്ടുണ്ട്. ഇത് ഉയര്‍ന്ന രക്തസമ്മര്‍ദത്തെ നിയന്ത്രിക്കുന്നതിനുള്ള നല്ലൊരു ഉപാധിയാണ്.

തലമുടിയുടെ ആരോഗ്യത്തിന്

മുളപ്പിച്ച പയര്‍ ഹെയര്‍ ഫോളിക്കുകളെ ഉത്തേജിപ്പിച്ച്‌ കട്ടികൂടിയതും ഇടതൂര്‍ന്നതുമായ മുടി വളരാന്‍ സഹായിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന ജീവകം എ തലച്ചോറിലെ സെബത്തിന്റെ ഉല്‍പാദനം വര്‍ധിപ്പിച്ച്‌ നല്ല ആരോഗ്യമുള്ള മുടി വളരാന്‍ സഹായിക്കുന്നു. മുളപ്പിച്ച പയറിലുള്ള ബയോട്ടിന്‍ അകാലനര തടയുകയും താരനില്‍നിന്നും സംരക്ഷിക്കുകയും ചെയ്യുന്നു.

ചര്‍മ്മത്തെ സംരക്ഷിക്കുന്നു

മുളപ്പിച്ച പയറിലുള്ള ആന്റീ ഓക്സിഡന്റുകള്‍ ഫ്രീറാഡിക്കലുകളെ തടയുന്നു. ഇതിലുള്ള സെലിനിയം ചര്‍മ്മത്തിന് തിളക്കവും ആരോഗ്യവും പ്രാധാന്യം ചെയ്യുന്നു. മുഖക്കുരു, മറ്റു ചര്‍മ്മരോഗങ്ങള്‍ എന്നിവയില്‍ നിന്നും സംരക്ഷിക്കാന്‍ ഇതില്‍ വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. സൂര്യതാപത്തില്‍ നിന്ന് ചര്‍മ്മത്തെ രക്ഷിക്കുന്നു. അകാല വാര്‍ദ്ധക്യത്തിന് കാരണമാകുന്ന ഡി.എന്‍.എയുടെ നാശം തടയാന്‍ മുളപ്പിച്ച പയര്‍ ഉത്തമമാണ്.

കാഴ്ച്ച ശക്തി വര്‍ധിപ്പിക്കുന്നു

മുളപ്പിച്ച പയറിലുള്ള ജീവകം എ കണ്ണിന്റെ ആരോഗ്യത്തിനും നല്ല കാഴ്ച്ചയ്ക്കും സഹായിക്കും. അര്‍ബുദത്തിന് കാരണമാകുന്ന ഏജന്റുകളില്‍ നിന്നും ശരീരത്തെ സംരക്ഷിക്കുന്ന എന്‍സൈമുകളായ ഗ്ലൂക്കോറാഫാനിന്‍ മുളപ്പിച്ച പയറിലുണ്ട്. രക്തത്തിലെ ഇരുമ്ബിന്റെയും കോപ്പറിന്റെയും അളവ് കൂട്ടി രക്ത ചംക്രമണം വര്‍ധിപ്പിക്കുന്നു. ശരീരത്തിന് കൂടുതല്‍ ഓക്സിജന്‍ ലഭിക്കുന്നതിനും മുളപ്പിച്ച പയര്‍ സഹായിക്കുന്നു. പ്രമേഹ രോഗികള്‍ക്ക് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിച്ച്‌ നിര്‍ത്തുന്നതിന് ചെറുപയര്‍ ഗുണകരമാണ്. ഇത് ഇന്‍സുലിന്‍ ഉല്‍പാദനത്തിന് സഹായിക്കുന്നു.

content highlight: benefits-of-sprouted-peas