ഡല്‍ഹി: പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനം ഇന്ന് അവസാനിക്കും. അംബേദ്കര്‍ വിവാദത്തില്‍ ഇരുസഭകളിലും പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്‍റെ തീരുമാനം പുറത്തെ പ്രതിഷേധം ചര്‍ച്ച ചെയ്യാന്‍ രാവിലെ പത്തരക്ക് ഇന്ത്യ സഖ്യം എംപിമാരുടെ യോഗം ചേരും. അതിന് മുന്നോടിയായി കോണ്‍ഗ്രസ് എംപിമാര്‍ ചര്‍ച്ച നടത്തും. അതേസമയം രാഹുല്‍ ഗാന്ധിക്കെതിരെ വനിത എംപിയടക്കം നല്‍കിയ പരാതിയില്‍ നടപടികള്‍ ശക്തമാക്കാനാണ് ബിജെപിയുടെ നീക്കം.
ഇതിനിടെ പാർലമെന്‍റ് വളപ്പിലെ സംഘർഷത്തിൽ രാഹുൽ ഗാന്ധി എംപിക്കെതിരെ കേസെടുത്തിരുന്നു. പാർലമെന്‍റ് കവാടങ്ങളിൽ ധർണകൾക്കും പ്രകടനങ്ങൾക്കും ലോക്സഭാ സ്പീക്കർ ഓം ബിർല വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. പാർലമെന്‍റ് വളപ്പിൽ ഇന്നലെ സംഘർഷമുണ്ടായ പശ്ചാത്തലത്തിലാണ് നടപടി. അംബേദ്കർ പരാമർശത്തിന്‍റെ പേരിൽ അഭ്യന്തരമന്ത്രി അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നലെ മുഴുവൻ സമയവും സമരത്തിലായിരുന്നു. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലിൽ ജെപിസിയെ നിയോഗിച്ചു പ്രമേയം പാസാക്കാൻ ഇതു വരെ കഴിഞ്ഞിട്ടില്ല.
ജഗദീപ് ധൻഘ ഡിനെ ഉപരാഷ്ട്രപതി സ്ഥാനത്ത് നിന്നും മാറ്റണമെന്ന പ്രമേയം ഇന്നലെ രാജ്യസഭാ ഉപാധ്യക്ഷൻ തള്ളിയിരുന്നു. ഈ നടപടിയിലും പ്രതിപക്ഷം പ്രതിഷേധിക്കും.ഇന്ത്യ മുന്നണിയിലെ 60 എംപിമാരാണ് പ്രമേയത്തിൽ ഒപ്പിട്ടിരുന്നത്. ബിജെപി അംഗങ്ങൾക്ക് നിരന്തരം സംസാരിക്കാൻ അവസരം നൽകുകയും പ്രതിപക്ഷ അംഗങ്ങളുടെ നോട്ടീസ് തള്ളുകയും ചെയ്യുന്നു എന്നതാണ് ധൻഘഡിനെതിരായ പ്രധാന പരാതി.