തിരുവനന്തപുരം: ഏഴു ദിനരാത്രങ്ങൾ നീണ്ട 29മത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്നു സമാപനം. 68 രാജ്യങ്ങളിൽ നിന്നുള്ള 177 ചിത്രങ്ങളാണ് ഇത്തവണ മേളയിൽ പ്രദർശിപ്പിച്ചത്. വൈകുന്നേരം ആറിന് നിശാഗന്ധിയിൽ നടക്കുന്ന സമാപന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാര സമർപ്പണം നിർവഹിക്കും.
സംവിധായിക പായൽ കപാഡിയയ്ക്ക് സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് മുഖ്യമന്ത്രി സമ്മാനിക്കും. മികച്ച ചിത്രത്തിനുള്ള സുവർണ ചകോരത്തിന് അർഹമാവുന്ന സിനിമയ്ക്ക് 20 ലക്ഷം രൂപ ലഭിക്കും. തുടർന്ന് ഈ സിനിമ നിശാഗന്ധിയിൽ പ്രദർശിപ്പിക്കും.
രജത ചകോരത്തിന് അർഹമാവുന്ന ചിത്രത്തിൻ്റെ സംവിധാനത്തിന് നാലു ലക്ഷം രൂപയും രജത ചകോരത്തിന് അർഹത നേടുന്ന നവാഗത സംവിധാന പ്രതിഭയ്ക്ക് മൂന്നു ലക്ഷം രൂപയും ലഭിക്കും. പ്രേക്ഷക പുരസ്കാരത്തിന് അർഹമാവുന്ന സിനിമയുടെ സംവിധാനത്തിന് രണ്ടു ലക്ഷം രൂപയും കെ ആർ മോഹനൻ എൻഡോവ്മെൻ്റ് അവാർഡ് നേടുന്ന ഇന്ത്യയിലെ മികച്ച നവാഗത സംവിധായകന് ഒരു ലക്ഷം രൂപയും ലഭിക്കും.
വിഖ്യാത ഫ്രഞ്ച് ഛായാഗ്രാഹക ആനിയസ് ഗൊദാർദ് ആണ് അന്താരാഷ്ട്ര മൽസര വിഭാഗത്തിന്റെ ജൂറി ചെയർപേഴ്സൺ. 15 തിയേറ്ററുകളിലായി 68 രാജ്യങ്ങളിൽ നിന്നുള്ള 177 സിനിമകൾ വിവിധ വിഭാഗങ്ങളിലായി പ്രദർശിപ്പിച്ചു. സ്ത്രീപക്ഷ നിലപാടുകളോടുള്ള ഐക്യദാർഢ്യമായി സ്ത്രീ സംവിധായകരുടെ 52 സിനിമകളുണ്ടായിരുന്നു എന്നതും മേളയെ ശ്രദ്ധേയമാക്കി. ഇതിൽ ഇന്ദുലക്ഷ്മിയുടെ ‘അപ്പുറം’ എന്ന സിനിമ മത്സര വിഭാഗത്തിലെ ഏക വനിതാ മലയാളി സാന്നിധ്യമായി.