അല്ലു അർജുൻ നായകനായ ‘പുഷ്പ 2’ എല്ലാ കളക്ഷൻ റെക്കോർഡുകളും ഭേദിച്ച് മുന്നേറുകയാണ്. സമ്മിശ്ര പ്രതികരണമാണ് സിനിമക്ക് ലഭിക്കുന്നതെങ്കിലും മികച്ച കളക്ഷനാണ് സിനിമക്ക് ലഭിക്കുന്നത്. റിലീസ് ചെയ്ത് പതിനാല് ദിവസങ്ങൾ കഴിയുമ്പോൾ ബോക്സ് ഓഫീസിൽ നിന്ന് 1500 കോടിയാണ് സിനിമ നേടിയിരിക്കുന്നത്. ഒരു ഇന്ത്യൻ സിനിമ ഏറ്റവും വേഗത്തിൽ ഈ കളക്ഷനിൽ എത്തുന്ന ആദ്യ സിനിമ കൂടിയാണ് പുഷ്പ 2. ഇതോടെ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ഇന്ത്യൻ സിനിമകളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് പുഷ്പ 2.
ഹിന്ദി വേർഷനിൽ നിന്ന് മാത്രം ചിത്രം 600 കോടിയാണ് നേടിയിരിക്കുന്നത്. പുഷ്പയുടെ തെലുങ്ക് പതിപ്പിനേക്കാള്‍ കൂടുതല്‍ കളക്ഷന്‍ നേടുന്നത് ഹിന്ദി പതിപ്പാണ്. 293.3 കോടിയാണ് പുഷ്പയുടെ തെലുങ്ക് വേർഷന്റെ ആകെ കളക്ഷൻ. പുഷ്പ ആദ്യഭാഗം ആഗോളതലത്തില്‍ 350 കോടിയോളം രൂപയായിരുന്നു നേടിയിരുന്നത്. ഈ തുക രണ്ട് ദിവസം കൊണ്ട് പുഷ്പ 2 മറികടന്നിരുന്നു. ആദ്യദിനത്തില്‍ മാത്രം സിനിമ ആഗോളതലത്തില്‍ 294 കോടിയായിരുന്നു നേടിയത്. ഇതും റെക്കോര്‍ഡായിരുന്നു.
തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ, ബംഗാളി ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്. ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സാണ് പുഷ്പ 2 കേരളത്തിലെത്തിച്ചത്. അല്ലു അര്‍ജുനും രശ്മിക മന്ദാനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ സുനില്‍, ഫഹദ് ഫാസിൽ, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൈത്രി മൂവി മേക്കേഴ്‌സാണ് ചിത്രം നിര്‍മിച്ചത്.
2000 കോടിക്ക് മുകളിൽ നേടിയ ആമിർ ഖാൻ ചിത്രം ദംഗലും എസ് എസ് രാജമൗലി ചിത്രമായ ബാഹുബലി രണ്ടാം ഭാഗവുമാണ് ഇനി പുഷ്പക്ക് മുന്നിലുള്ള സിനിമകൾ. ഇതേ കളക്ഷൻ തുടർന്നാൽ വൈകാതെ തന്നെ ‘പുഷ്പ 2’ 2000 കോടി ക്ലബ്ബിൽ എത്തുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ നിഗമനം.
ഇന്ത്യയില്‍ നിന്ന് മാത്രം 1400 കോടിയോളമാണ് ബാഹുബലി 2 കളക്ട് ചെയ്തത്. 16 ആഴ്ചയിലേറെ ചിത്രം തിയേറ്ററുകളില്‍ ഓടിയിരുന്നു. എന്നാല്‍ ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തില്‍ ബാഹുബലി, കെജിഎഫ് ഫ്രാഞ്ചൈസികളിലോ ഓസ്‌കാര്‍ നേട്ടം സ്വന്തമാക്കിയ ആര്‍ആര്‍ആറോ അല്ല. 2014 ല്‍ പുറത്തിറങ്ങിയ ദംഗല്‍ ആണ് ഇന്ത്യയിലെ ഏറ്റവും വലിയ ബോക്‌സോഫീസ് വിജയം സ്വന്തമാക്കിയ സിനിമ.
ലോകമെമ്പാടും 2070 കോടി രൂപയാണ് ദംഗല്‍ കളക്ട് ചെയ്തത്. ആര്‍ആര്‍ആര്‍ (1275.51 കോടി), കെജിഎഫ് 2 (1230 കോടി), ജവാന്‍ (1163 കോടി), പത്താന്‍ (1069 കോടി) കല്‍ക്കി 2898 എഡി (1054 കോടി) എന്നിവയാണ് ഇന്ത്യയില്‍ 1000 കോടി കടന്ന മറ്റ് ചിത്രങ്ങള്‍.