ശബരിമല: ഇത്തവണ മണ്ഡലകാല ചരിത്രം തിരുത്തി ഇന്നലെ ദർശനം നടത്തിയത് 96,007 തീർഥാടകർ. സ്പോട് ബുക്കിങ് വഴി മാത്രം 22,121. ഇത്രയും തീർഥാടകർ എത്തിയിട്ടും കഴിഞ്ഞ വർഷത്തെ പോലെ തീർഥാടകരെ വഴിയിൽ തടയുകയോ മറ്റു നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയോ ചെയ്തില്ല. 18ന് രാത്രി മലകയറി എത്തിയവരിൽ ദർശനം കിട്ടാതെ പതിനെട്ടാംപടി കയറിയ 5000 പേർ ഇന്നലെ പുലർച്ചെ വടക്കേ നടയിലൂടെ ദർശനം നടത്തി.
ഇത്രയേറെ തിരക്ക് ഉണ്ടായിട്ടും പതിനെട്ടാംപടി കയറാൻ പരമാവധി 5 മണിക്കൂർ വരെ മാത്രമേ കാത്തുനിൽക്കേണ്ടി വന്നുള്ളൂ. പൊലീസ് ഉണർന്നു പ്രവർത്തിച്ചതാണ് പരാതിക്ക് ഇടയില്ലാതെ ദർശനം സുഗമമാക്കിയതെന്നാണ് വിലയിരുത്തൽ. ഇന്നും തിരക്ക് അതുപോലെ തുടരുകയാണ്. രാവിലെ പതിനെട്ടാം പടി കയറാനുള്ള ക്യൂ മരക്കൂട്ടം വരെയുണ്ട്. മണ്ഡല പൂജക്ക് ഒരാഴ്ച മാത്രം ബാക്കി നിൽക്കെ സന്നിധാനത്തേക്ക് വൻ ഭക്തജന പ്രവാഹം തുടരുമെന്നാണ് കണക്കുക്കൂട്ടൽ. പമ്പയിലും നിലയ്ക്കലിലുമെല്ലാം പാർക്കിങ് സംവിധാനവും തിരക്കും നിയന്ത്രണ വിധേയമാണെന്ന് അധികൃതർ അറിയിച്ചു.