ലോകത്തെ ഏറ്റവും പ്രശസ്തനും ജനപ്രിയനായ സൂപ്പർഹീറോ കഥാപാത്രമാണ് ഡിസി കോമിക്സിന്റെ സൂപ്പർമാൻ.1951 മുതൽ ഹോളിവുഡിൽ നിർമ്മിച്ച് പോരുന്ന സൂപ്പർമാൻ സിനിമകൾ ആണ് വലിയ ജനപ്രീതിക്ക് കാരണം. അവയിലേറ്റവും ഐതിഹാസികമെന്നു വിശേഷിക്കപ്പെടുന്നത് ക്രിസ്റ്റഫർ റീവ്സ് സൂപ്പർമാനായി വേഷമിട്ട ചിത്രങ്ങൾ ആണ്. എന്നാൽ ഇതുവരെയുള്ള എല്ലാ സൂപ്പർമാൻ കഥാപാത്രങ്ങളെയും കടത്തിവെട്ടാൻ ഇനി പുതിയ സൂപ്പർമാൻ വരികയാണ്. ജെയിംസ് ഗണ്‍ സംവിധാനം ചെയ്യുന്ന സൂപ്പർമാന്‍ ചിത്രത്തിന്‍റെ ടീസർ-ട്രെയിലർ പുറത്തിറങ്ങി. പുതിയ സൂപ്പർമാൻ ഡേവിഡ് കോറൻസ്‌വെറ്റ് അരങ്ങേറ്റം കുറിക്കുന്ന ചിത്രം ഡിസി കോമിക്‌സ് കഥാപാത്രങ്ങളാല്‍ സമ്പന്നവും ക്ലാസിക് സൂപ്പര്‍മാനിലേക്കുള്ള തിരിച്ചുപോക്കുമാണ് എന്ന സൂചനയാണ് ടീസർ-ട്രെയിലർ തരുന്നത്.
മഞ്ഞുമൂടിയ ഒരു സ്ഥലത്ത് വായിൽ നിന്ന് രക്തം ച്ഛർദിക്കുന്ന രീതിയില്‍ കിടക്കുന്ന സൂപ്പർമാനെയാണ് തുടക്കത്തിൽ ടീസറില്‍ കാണിക്കുന്നത്. ക്രിപ്‌റ്റോ ദി സൂപ്പർഡോഗ്, പരിക്കേറ്റ ഒരു സൂപ്പർമാന്‍റെ അടുത്ത് വരുമ്പോൾ, സൂപ്പര്‍മാന്‍ ‘എന്നെ വീട്ടിലേക്ക് കൊണ്ടുപോകൂ’ എന്ന് പറയുന്നു. ട്രെയിലറിൽ സൂപ്പർമാന്റെ ഒറിജിനൽ സൗണ്ട് ട്രാക്ക് ആണ് ഉപയോഗിച്ചിരിക്കുന്നത്. യുവനടൻ ഡേവിഡ് കൊറെൻസ്വെറ്റ് ആണ് സൂപ്പർമാന്റെ കുപ്പായം അണിയുന്നത്. മെട്രോപോളിസ് പത്രമായ ദി ഡെയ്‌ലി പ്ലാനറ്റിന്‍റെ റിപ്പോർട്ടറായ ക്ലാർക്ക് കെന്‍റ് എന്ന സൂപ്പർമാന്‍റെ ആൾട്ടർ ഈഗോയും ഫസ്റ്റ് ലുക്ക് പ്രത്യേക്ഷപ്പെടുന്നുണ്ട്. കെന്‍റിന്‍റെയും സഹപ്രവർത്തകനും സൂപ്പർമാന്‍റെ ഗേള്‍ഫ്രണ്ടുമായ ലോയിസ് ലെയ്നായി റേച്ചൽ ബ്രോസ്നഹാൻ എത്തുന്നു. സൂപ്പർമാന്‍റെ ശത്രുവായ ലെക്സ് ലൂഥറായി നിക്കോളാസ് ഹോൾട്ട് ടീസറിൽ അവതരിപ്പിക്കുന്നു.
ഡിസി സ്റ്റുഡിയോസ് നിർമിച്ച് വാർണർ ബ്രദേഴ്സ് വിതരണം ചെയ്യുന്ന സിനിമ അടുത്ത വർഷം ജൂലൈ 11ന് തിയറ്ററുകളിലെത്തും. അതേസമയം 2013ൽ സാക്ക് സ്നൈഡർ സംവിധാനം ചെയ്ത മാൻ ഓഫ് സ്റ്റീൽ എന്ന ചിത്രത്തിലൂടെയാണ് സൂപ്പർമാന്റെ കുപ്പായമണിഞ്ഞ ഹെൻറി ഹെൻറി കാവിലിനെ ഈ വേഷത്തിൽ കാണാൻ സാധിക്കാത്തതിന്റെ നിരാശ ആരാധകർ പങ്കുവയ്ക്കുന്നുണ്ട്. ജയിംസ് ഗണ്ണും ഡിസിയുമായുള്ള തർക്കത്തെ തുടർന്നാണ് ഹെൻറി കാവിൽ സൂപ്പർമാൻ സിനിമയിൽ നിന്നും മാറ്റപ്പെടുന്നത്. 2022ൽ താൻ ഡിസിയിൽ നിന്നും പിന്മാറിയ കാര്യം ഹെൻറി കാവിൽ തന്നെ ഔദ്യോഗികമായി അറിയിക്കുകയും ചെയ്തിരുന്നു.
പുതിയ സൂപ്പർമാൻ ചിത്രം ഡേവിഡ് കോറൻസ്‌വെറ്റിന്‍റെ ഇതുവരെയുള്ള ഏറ്റവും വലിയ ഹോളിവുഡ് പ്രോജക്റ്റ് ആണ്. ക്രിസ്റ്റഫർ റീവ് (1978-87), ബ്രാൻഡൻ റൗത്ത് (2006), ഹെന്‍ട്രി കാവിൽ (2013-2022) എന്നിവർക്ക് ശേഷം ബിഗ് സ്‌ക്രീനിൽ സൂപ്പര്‍മാന്‍ വേഷം ചെയ്യുന്ന നാലാമത്തെ നടനാണ് ഡേവിഡ് കോറൻസ്‌വെറ്റ്. സൂപ്പർമാനുമുമ്പ്, ദ പൊളിറ്റീഷ്യൻ, ഹോളിവുഡ്, പേൾ തുടങ്ങിയ പ്രോജക്ടുകളിൽ ഡേവിഡ് പ്രത്യക്ഷപ്പെട്ടിരുന്നു.