Video

അമിത്ഷായുടെ രാജിക്കായി പ്രതിഷേധം, പാർലമെന്റിന്റെ ഇരുസഭകളും സ്തംഭിച്ചു

ഭരണഘടനാ ശില്പി ‍ഡോ. ബി.ആർ.അംബേദ്കറെ അവഹേളിച്ച ആഭ്യന്തരമന്ത്രി അമിത്ഷാ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം. പാർലമെന്റിന്റെ ഇരുസഭകളും സ്തംഭിച്ചു. ഭരണഘടനാ ചർച്ചയിൽ തന്നെ ഭരണഘടയുടെ ശില്പിയായ അംബേദ്കറിനെതിരെ അമിത് ഷാ നടത്തിയ പരാമർശം അദ്ദേഹത്തിന്റെ മനുവാദ മനോഭാവം പുറത്തുകൊണ്ടുവരുന്നതാണ്. ഇക്കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അമിത്ഷായ്ക്ക് നൽകിയ പിന്തുണ മനസാക്ഷിക്ക് നിരക്കാത്തതാണെന്നും ആഭ്യന്തരമന്ത്രിയായി തുടരാൻ അമിത്ഷായ്ക്ക് അവകാശമില്ലെന്നുമാണ് പ്രതിപക്ഷം ഉയർത്തുന്ന വിഷയം.

ഭരണഘടനയുടെ 75–ാം വാർഷികവുമായി ബന്ധപ്പെട്ടു നടന്ന പ്രത്യേക ചർച്ച ഉപസംഹരിക്കുന്നതിനിടെ, ചൊവ്വാഴ്ച വൈകിട്ട് നടത്തിയ പരാമർശത്തെ ചൊല്ലിയാണു വിവാദമുയർന്നത്. പ്രധാനമന്ത്രിയുൾപ്പെടെയുള്ള ബിജെപി നേതാക്കൾ അമിത്ഷായ്ക്കു പിന്തുണയുമായി എത്തിയെങ്കിലും പ്രതിരോധം ദുർബലമായിരുന്നു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ നേതൃത്വത്തിൽ ഇന്ത്യാസഖ്യം പാർലമെന്റ് വളപ്പിൽ അംബേദ്കർ ചിത്രങ്ങൾ ഉയർത്തി പ്രതിഷേധിച്ചു. അദാനിക്കെതിരായ പ്രതിഷേധങ്ങളിൽ പങ്കെടുക്കാതെ നിന്ന സമാജ്‍വാദി പാർട്ടിയും ഇതിൽ പങ്കാളികളായി. കൊടിക്കുന്നിൽ സുരേഷ്, കെ.സി. വേണുഗോപാൽ തുടങ്ങിയവർ ലോക്സഭയിൽ അടിയന്തരപ്രമേയ നോട്ടിസ് നൽകിയെങ്കിലും സ്പീക്കർ അനുവദിച്ചില്ല.

‘അംബേദ്കർ, അംബേദ്കർ, അംബേദ്കർ എന്ന് പറയുന്നത് ഇപ്പോൾ ഒരു ഫാഷനായി മാറിയിരിക്കുന്നു. ഇങ്ങനെ പറയുന്നതിന് പകരം ദൈവത്തിന്റെ പേര് ഇത്ര തവണ പറഞ്ഞിരുന്നെങ്കിൽ അവർക്ക് സ്വർഗത്തിൽ ഇടം ലഭിക്കുമായിരുന്നു’ എന്നാണ്‌ അമിത്‌ ഷാ നടത്തിയ വിവാദ പരാമർശം. ഇത്‌ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും പ്രതിഷേധം രൂക്ഷമാവുകയും ചെയ്‌തതോടെ ബിജെപി പ്രതിരോധത്തിലായി.

വിവാദ വിഷയത്തിൽ ചർച്ച വേണമെന്നും അമിത് ഷാ മാപ്പു പറയണമെന്നും ആവശ്യപ്പെട്ടാണു രാജ്യസഭയിൽ പ്രതിപക്ഷം പ്രതിഷേധം തുടങ്ങിയത്. പ്രതിപക്ഷവും ഭരണപക്ഷവും നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതോടെ, അധ്യക്ഷൻ സഭ നിർത്തിവച്ചു. പ്രസംഗം കോൺഗ്രസ് വളച്ചൊടിച്ചതായി അമിത്ഷാ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അംബേദ്കറെ ഒരിക്കലും അപമാനിക്കാൻ കഴിയാത്ത പാർട്ടിയിലെ അംഗമാണു താനെന്നും പറഞ്ഞു. അമിത് ഷാ ചെയ്തതു തെറ്റാണെന്നു പറയുന്നതിനു പകരം, മോദി അദ്ദേഹത്തെ സംരക്ഷിക്കുകയാണ് ചെയ്യുന്നതെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞു.

Latest News