ഏഴു ദിനരാത്രങ്ങള്‍ നഗരത്തെ ചലച്ചിത്രാസ്വാദകരുടെ പറുദീസയാക്കി മാറ്റിയ 29ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരശ്ശീല വീഴും. സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വൈകിട്ട് 6ന് നടക്കുന്ന പരിപാടിയില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷനാവും. സംവിധായിക പായല്‍ കപാഡിയയ്ക്കുള്ള ‘സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ്’, മുഖ്യമന്ത്രി സമ്മാനിക്കും. സുവര്‍ണ ചകോരം, രജത ചകോരം, കെ.ആര്‍.മോഹനന്‍ എന്‍ഡോവ്‌മെന്റ്, ഫിപ്രസി, നെറ്റ്പാക്ക് പുരസ്‌കാരങ്ങള്‍ എന്നിവയും മുഖ്യമന്ത്രി വിതരണം ചെയ്യും.
റവന്യുവകുപ്പ് മന്ത്രി കെ.രാജന്‍, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി മന്ത്രി വി. ശിവന്‍കുട്ടി എന്നിവര്‍ ചേര്‍ന്ന് അര്‍മേനിയന്‍ ചലച്ചിത്ര സംവിധായകരായ സെര്‍ജി അവേദികന്‍, നോറ അര്‍മാനി എന്നിവരെ ആദരിക്കും. 29 ാമത് ഐ.എഫ്.എഫ് കെയുടെ ക്യൂറേറ്റര്‍ ഗോള്‍ഡ സെല്ലം ജൂറി അംഗങ്ങളെ പരിചയപെടുത്തും. ജൂറി അംഗങ്ങള്‍ക്കുള്ള പുരസ്‌കാരം മന്ത്രി കെ.രാജന്‍, വി.കെ പ്രശാന്ത് എം.എല്‍.എ എന്നിവര്‍ നല്‍കും. പോളിംഗിലൂടെ തെരഞ്ഞെടുത്ത മികച്ച പ്രേക്ഷക ചിത്രത്തിനുള്ള പുരസ്‌കാരം മന്ത്രി വി. ശിവന്‍കുട്ടി സമ്മാനിക്കും.
മാധ്യമ പുരസ്‌കാരങ്ങള്‍ മേയര്‍ ആര്യ രാജേന്ദ്രനും തീയറ്റര്‍ പുരസ്‌കാരങ്ങള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് ഡി. സുരേഷ് കുമാറും സമ്മാനിക്കും. വിഖ്യാത ഫ്രഞ്ച് ഛായാഗ്രാഹക ആനിയസ് ഗൊദാര്‍ദ് ആണ് അന്താരാഷ്ട്ര മല്‍സര വിഭാഗത്തിന്റെ ജൂറി ചെയര്‍പേഴ്‌സണ്‍. ജോര്‍ജിയന്‍ സംവിധായിക നാനാ ജോജാദ്‌സി, ബൊളീവിയന്‍ സംവിധായകനും തിരക്കഥാകൃത്തുമായ മാര്‍ക്കോസ് ലോയ്‌സ, അര്‍മീനിയന്‍ സംവിധായകനും നടനുമായ മിഖായേല്‍ ഡോവ്‌ലാത്യന്‍, ആസാമീസ് സംവിധായകന്‍ മോഞ്ചുള്‍ ബറുവ എന്നിവരാണ് മറ്റ് ജൂറി അംഗങ്ങള്‍.
സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ ചടങ്ങില്‍ സ്വാഗതം ആശംസിക്കും. ചലച്ചിത്ര അക്കാഡമി ചെയര്‍പേഴ്‌സണ്‍ പ്രേംകുമാര്‍ ആമുഖ ഭാഷണം നടത്തും. അക്കാദമി സെക്രട്ടറി സി.അജോയ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കും.ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍ പേഴ്‌സണ്‍ ഷാജി എന്‍ കരുണ്‍, സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്‍ പേഴ്‌സണ്‍ കെ മധുപാല്‍ എന്നിവര്‍ ആശംസകള്‍ അറിയിക്കും. സംവിധായകനും അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗവുമായ സോഹന്‍ സീനുലാല്‍ നന്ദി പറയും.
മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരത്തിന് അര്‍ഹമാവുന്ന സിനിമയ്ക്ക് 20 ലക്ഷം രൂപ ലഭിക്കും. രജത ചകോരത്തിന് അര്‍ഹമാവുന്ന ചിത്രത്തിന്റെ സംവിധാനത്തിന് നാലു ലക്ഷം രൂപയും രജതചകോരത്തിന് അര്‍ഹത നേടുന്ന നവാഗത സംവിധാന പ്രതിഭയ്ക്ക് മൂന്നു ലക്ഷം രൂപയും ലഭിക്കും.
കെ.ആര്‍.മോഹനന്‍ എന്‍ഡോവ്‌മെന്റ് അവാര്‍ഡ് നേടുന്ന ഇന്ത്യയിലെ മികച്ച നവാഗത സംവിധാന പ്രതിഭയ്ക്ക് ഒരു ലക്ഷം രൂപയും പ്രേക്ഷക പുരസ്‌കാരത്തിന് അര്‍ഹമാവുന്ന സിനിമയുടെ സംവിധാനത്തിന് രണ്ടു ലക്ഷം രൂപയും ലഭിക്കും. സമാപന ചടങ്ങിനെ തുടര്‍ന്ന് സുവര്‍ണ ചകോരം നേടിയ ചിത്രം നിശാഗാന്ധിയില്‍ പ്രദര്‍ശിപ്പിക്കും. സമാപനച്ചടങ്ങിനു മുന്നോടിയായി രാജേഷ് ചേര്‍ത്തലയുടെ ഓടക്കുഴല്‍ കച്ചേരി നടക്കും.
content highlights; Seven Days and Nights of Wonders End: The 29th International Film Festival concludes today