Kerala

സര്‍വകലാശാല അറിയാതെ ബിരുദപരീക്ഷാ ഫലം പ്രസിദ്ധീകരിച്ച് മഹാരാഷ്ട്ര കമ്പനി: കരിമ്പട്ടികയില്‍പ്പെട്ട കമ്പനിക്ക് ഡാറ്റ കൈമാറിയത് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മാത്രം; MKCLന് യൂണിവേഴ്‌സിറ്റികള്‍ ഡാറ്റ കൈമാറുന്നത് തടയണം

കെ റീപ്പ് തുടക്കം പാളി; കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് കെ റീപ്പ് സോഫ്റ്റ്വെയറില്‍ നിയന്ത്രണമില്ല: കേരള, എംജി, കാലിക്കറ്റ് യൂണിവേഴ്‌സിറ്റികള്‍, ഡാറ്റ കൈമാറുന്നത് വിശദപഠനത്തിന് ശേഷം

കണ്ണൂര്‍ സര്‍വകലാശാലയുടെ ഒന്നാം സെമസ്റ്റര്‍ ബിരുദപരീക്ഷാ ഫലം പ്രസിദ്ധീകരിച്ചത് സര്‍വ്വകലാശാല അറിയാതെ. അഫിലിയേറ്റഡ് കോളേജ് പ്രിന്‍സിപ്പല്‍മാരുടെ മെയിലില്‍ പരീക്ഷാഫലം വന്നതോടെ റിസള്‍ട്ട് വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുകയായിരുന്നു യൂണിവേഴ്‌സിറ്റിയുടെ അനുമതി കൂടാതെ ഫലം പുറത്തുവിട്ട മഹാരാഷ്ട്ര കമ്പനിക്കെതിരെ നടപടി കൈക്കൊള്ളുന്നതിനു പകരം, കോളേജ് പ്രിന്‍സിപ്പല്‍മാരോട് വിശദീകരണം ചോദിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ കണ്ണൂര്‍ സര്‍വ്വകലാശാലാ അധികൃതര്‍.

സര്‍വകലാശാല നിയമത്തിലെ വകുപ്പ് 25(15) പ്രകാരം പരീക്ഷാ ഫലം സിണ്ടിക്കേറ്റ് അംഗീകരിച്ചുമാത്രമേ പ്രസിദ്ധീകരിക്കാവുവെന്ന വ്യവസ്ഥ അവഗണിച്ചാണ് മഹാരാഷ്ട്ര കമ്പനി യൂണിവേഴ്‌സിറ്റിയുടെ അനുമതി വാങ്ങാതെ നേരിട്ട് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചത്.വിസിയും പരീക്ഷ കണ്‍ട്രോളറും പരീക്ഷഫലം MKCL പ്രസിദ്ധീകരിച്ചവിവരം അറിഞ്ഞതോടെ ഫലം ഔദ്യോഗികമായി പ്രസിദ്ധീകരിച്ചതായി അറിയിച്ച് സര്‍വ്വകലാശാലയുടെ പത്രക്കുറിപ്പ് ഇറക്കി. തൊട്ടുപിന്നാലെ റെക്കോഡ് വേഗതയില്‍ കെ. റീപ്പ് സോഫ്റ്റ്വെയറിലൂടെ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചത് ചരിത്രനേട്ടമാണെന്ന പ്രസ്താവനയുമായി ഉന്നത വിദ്യാഭ്യാസ മന്ത്രിയും രംഗത്തെത്തി.

കെ. റീപ്പ് സോഫ്റ്റ്വെയറിന്റെ ചുമതല കരിമ്പട്ടികയില്‍പ്പെട്ട മഹാരാഷ്ട്ര കമ്പനിയായ എം കെ സി എല്ലിന് നല്‍കിയതോടെ പരീക്ഷ നടത്തിപ്പിലും ഫല പ്രഖ്യാപനത്തിലും യൂണിവേഴ്‌സിറ്റികള്‍ക്ക് ഒരു നിയന്ത്രണവു മില്ലാതായി. എം.കെ.സിഎല്ലുമായോ, അസാ പ്പുമായോ ധാരണ പത്രത്തില്‍ ഒപ്പുവയ്ക്കാതെ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളുടെ ഡാറ്റാ കൈമാറ്റം ചെയ്യ്തത് ഗുരുതര വീഴ്ചയാണ്. ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദ്ദേശാനുസ രണം കെ-റിപ്പ് നടപ്പാക്കിയതോടെ യൂണിവേഴ്‌സിറ്റികളില്‍ മാര്‍ക്ക് പരിശോധന നടക്കുന്നില്ലെന്നും, എം കെ സി എല്ലില്‍ നിന്നും സര്‍വകലാശാല പരീക്ഷ നടത്തിപ്പ് ചുമതല സര്‍വകലാശാലകള്‍ ഏറ്റെടുക്കണമെന്നും കെ റിപ്പ് സോഫ്റ്റ്വെയറിന്റെ സേവന ചുമതല ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിക്ക് കൈമാറണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി കേരള, എംജി, കാലിക്കറ്റ്, കണ്ണൂര്‍ വിസി മാര്‍ക്ക് നിവേദനം നല്‍കി.

CONTENT HIGHLIGHTS; Maharashtra company published graduation result without knowledge of university: Only Kannur University handed over data to blacklisted company; Universities should prevent transfer of data to MKCL