കൊച്ചി: എറണാകുളം മഹാരാജാസ് കോളജില്‍ കുത്തേറ്റു മരിച്ച എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്‍റെ കേസിൽ വിചാരണ ആരംഭിക്കാത്തത് ചോദ്യം ചെയ്തുള്ള ഹർജിയിൽ ഹൈക്കോടതി റിപ്പോർട്ട് തേടി. അഭിമന്യുവിൻ്റെ അമ്മ ഭൂപതി നൽകിയ ഹർജിയിൽ റിപ്പോർട്ട് നൽകാൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിക്ക് ഹൈക്കോടതി നിർദേശം നൽകി.
കേസിൽ കുറ്റപത്രം നൽകി ആറ് വർഷം കഴിഞ്ഞിട്ടും വിചാരണ ആരംഭിച്ചിട്ടില്ലെന്ന് ഹർജിയിൽ ആരോപിക്കുന്നു. എറണാകുളം മഹാരാജാസ് കോളേജിലെ രണ്ടാം വർഷ കെമിസ്ട്രി വിദ്യാർത്ഥിയും എസ്എഫ്‌ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവുമായ അഭിമന്യുവിനെ പോപുലർ ഫ്രണ്ടിൻ്റെയും വിദ്യാർത്ഥി വിഭാഗമായ ക്യാംപസ് ഫ്രണ്ടിൻ്റെയും പ്രവർത്തകർ 2018 ജൂൺ എട്ടിനാണ് കൊലപ്പെടുത്തിയത്.
അതേസമയം അഭിമന്യുവിന്‍റെ സ്മാരകം വാടകയ്ക്ക് നല്‍കിയതില്‍ വിവാദം കത്തുന്നു. റസിഡന്‍ഷ്യല്‍ കെട്ടിടം എന്ന നിലയില്‍ നിര്‍മിച്ച സ്മാരകം ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തിയാണ് വാണിജ്യാവശ്യത്തിന് നല്‍കിയതെന്ന് ചൂണ്ടിക്കാട്ടി യുഡിഎഫ് അന്വേഷണം ആവശ്യപ്പെട്ടു. സിപിഎമ്മിലും അതൃപ്തി നീറിപ്പുകയുന്നുണ്ട്. സ്മാരകത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താനാണ് വാടകയ്ക്ക് നല്‍കിയതെന്ന് പാര്‍ട്ടി വിശദീകരിക്കുന്നു.
കലൂര്‍–കതൃക്കടവ് റോഡിലെ ആറര സെന്‍റിലാണ് അഭിമന്യു പഠനകേന്ദ്രം. പണം പിരിച്ചതും പണികഴിപ്പിച്ചതും പാര്‍ട്ടി ജില്ലാകമ്മിറ്റി. 2020ല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. പഠനം, തൊഴില്‍ പരിശീലനം, പി.എസ്.സി ഉള്‍പ്പടെ പരീക്ഷകള്‍ക്ക് തയ്യാറെടുക്കാന്‍ സൗകര്യം. ഈ ആവശ്യങ്ങള്‍ക്കായി സ്മാരക മന്ദിരം ഉപയോഗിക്കാനായിരുന്നു ലക്ഷ്യമിട്ടത്. ഒപ്പം, കൊച്ചിയിലെത്തുന്ന പിന്നാക്ക വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സൗജന്യ താമസം. എന്നാല്‍ അര്‍ബന്‍ കോ ഓപ്പറേറ്റീവ് ബാങ്കിന് വാടകയ്ക്ക് നല്‍കിയിരിക്കുകയാണ്. ഇതാകട്ടെ ചട്ടങ്ങള്‍ ലംഘിച്ചാണെന്ന് യുഡിഎഫ് ചൂണ്ടിക്കാട്ടുന്നു.
STORY HIGHLIGHT: hc on abhimanyu mother plea on delay of trial