Kerala

തെറ്റായ ആസ്തി വിവരങ്ങൾ നൽകി; പ്രിയങ്ക ഗാന്ധിക്കെതിരെ ഹർജി നൽകി നവ്യാ ഹരിദാസ് | navya haridas

സ്ഥാനാർത്ഥിയുടെയും കുടുംബാംഗങ്ങളുടെയും സ്വത്തു വിവരങ്ങൾ മറച്ചുവെച്ചുവെന്ന് ഹർജിയിൽ ആരോപിക്കുന്നു

കൊച്ചി: വയനാട് എംപി പ്രിയങ്ക ഗാന്ധിക്കെതിരെ ഹൈക്കോടതിയിൽ ഹർജി നൽകി പ്രിയങ്കാ ഗാന്ധിയോട് മത്സരിച്ച ബിജെപി സ്ഥാനാർത്ഥിയായിരുന്ന നവ്യാ ഹരിദാസ്. വയനാട്ടിൽ മത്സരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ തെറ്റായ ആസ്തി വിവരങ്ങൾ നൽകിയെന്നാണ് ആരോപണം. സ്ഥാനാർത്ഥിയുടെയും കുടുംബാംഗങ്ങളുടെയും സ്വത്തു വിവരങ്ങൾ മറച്ചുവെച്ചുവെന്ന് ഹർജിയിൽ ആരോപിക്കുന്നു.

പ്രിയങ്ക ഗാന്ധിയുടെ ആസ്തി 12 കോടിയെന്നായിരുന്നു സത്യവാങ്മൂലം. വിവിധ ബാങ്കുകളിലായും സ്വര്‍ണവുമായും 4.24 കോടിയുടെ നിക്ഷേപമുണ്ട്. നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കൈവശം 52,000 രൂപയാണ് ഉള്ളത്. 2.1 കോടിയുടെ ഭൂസ്വത്തുക്കള്‍ ഉണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. രണ്ടിടങ്ങളിലായി നാലേക്കറോളം ഭൂമിയുണ്ട്. 15,75,000 രൂപയുടെ ബാധ്യതയുണ്ട്. ഭര്‍ത്താവ് റോബര്‍ട്ട് വാധ്രയ്ക്ക് 37.91 കോടിയുടെ ജംഗമവസ്തുക്കളും 27.64 കോടിയുടെ സ്ഥാപരവസ്തുക്കളുമുണ്ട്.

ഭര്‍ത്താവ് സമ്മാനമായി നല്‍കിയ ഹോണ്ട സിആര്‍വി കാര്‍, 1.15 കോടി വിലമതിക്കുന്ന 4400 ഗ്രാം സ്വര്‍ണം കൈവശമുണ്ട്. കൂടാതെ ഹിമാചല്‍ പ്രദേശിലെ ഷിംലയില്‍ സ്വന്തമായി വീടുണ്ടെന്നും അതിന് 5.63 കോടിയിലധികം രൂപയുണ്ടെന്നും സത്യവാങ് മൂലത്തില്‍ പറയുന്നു.

റോബര്‍ട്ട് വാദ്രയ്ക്ക് 10 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുമുണ്ട്. മധ്യപ്രദേശില്‍ ഒന്നും ഉത്തര്‍ പ്രദേശില്‍ രണ്ടും അടക്കം പ്രിയങ്കയ്‌ക്കെതിരെ ഇതുവരെ മൂന്ന് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. യുകെയിലെ സണ്ടര്‍ലാന്‍ഡ് സര്‍വകലാശാലയില്‍ നിന്ന് വിദൂര പഠനത്തിലൂടെ ബുദ്ധിസ്റ്റ് സ്റ്റഡീസില്‍ ബിരുദാനന്തരബിരുദം നേടി. ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് സൈക്കോളജിയില്‍ ബിഎ നേടി.

STORY HIGHLIGHT: navya haridas moves high court against priyanka gandhi