തലശ്ശേരി: ഭരണഘടനാ ശില്‍പ്പി ഡോ. ബി.ആര്‍.അംബേദ്കറുടെ സംഭാവനകളെ തമസ്‌കരിച്ച് ചരിത്രം വളച്ചൊടിക്കാന്‍ അമിത് ഷായും ബിജെപിയും ശ്രമിക്കുന്ന ഈ കാലഘട്ടത്തില്‍ അംബേദ്കറോടുള്ള ആദരസൂചകമായി റിപ്പബ്ലിക് ദിനം കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ ബി.ആര്‍.അംബേദ്കര്‍ ദിനമായി ആചരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. റിപ്പബ്ലിക് ദിനത്തില്‍ ഭരണഘടനയുടെ പ്രാധാന്യം ഉയര്‍ത്തിപിടിച്ച് ‘ജയ് ഭീം അംബേദ്കര്‍ സമ്മേളനം’സംസ്ഥാനതലത്തില്‍ കോണ്‍ഗ്രസ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അമിത് ഷായുടെ അംബേദ്കര്‍ വിരുദ്ധ പ്രസ്താവനയ്ക്കെതിരെയും രാഹുല്‍ ഗാന്ധിക്കെതിരെ കള്ളക്കേസെടുത്തതിനുമെതിരെ തലശേരി ടൗണില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധപ്രകടനത്തിന് നേതൃത്വം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമിത് ഷായുടെ അംബേദ്ക്കര്‍ വിരുദ്ധ പരാമര്‍ശനത്തിനെതിരെ സമാധാനപരമായി പ്രതിഷേധിച്ച രാഹുല്‍ ഗാന്ധിയേയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയേയും കയ്യേറ്റം ചെയ്തത് ബിജെപി എംപിമാരാണ്. അതിനുശേഷം ബിജെപി എംപിമാര്‍ രാഹുല്‍ ഗാന്ധിക്കെതിരെ പരാതി കൊടുത്തു.രാഹുല്‍ ഗാന്ധിയെ നിശബ്ദമാക്കാനാണ് കൂറെ കാലങ്ങളായി ബിജെപി ശ്രമിക്കുന്നത്. അങ്ങനെ ബിജെപി ശ്രമിച്ചാല്‍ തകര്‍ക്കാന്‍ കഴിയുന്ന വ്യക്തിത്വമല്ല രാഹുല്‍ ഗാന്ധി. അംബേദ്കറെ അധിക്ഷേപിച്ചതിനെതിരെ രാജ്യത്തുയര്‍ന്ന ജനരോഷത്തിലെ ശ്രദ്ധ തിരിച്ച് അമിത് ഷായെ സംരക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി വ്യാജ ആരോപണം ഉന്നയിച്ചതെന്ന് കെ.സുധാകരന്‍ പറഞ്ഞു.
രാജ്യത്തിന്റെ മതേതരത്വം സംരക്ഷിക്കാനും ജനാധിപത്യം നിലനിര്‍ത്താനും ഐക്യം സാധ്യമാക്കാനും സ്‌നേഹത്തിന്റെ സന്ദേശവുമായി തെരുവുകളിലൂടെ 4000 ലധികം കി.മീറ്റര്‍ കാല്‍നാടയായി സഞ്ചരിച്ച നേതാവാണ് രാഹുല്‍ ഗാന്ധി. വ്യത്യസ്ത മതത്തിലും ഭാഷയിലും സംസ്‌കാരത്തിലുമുള്ള അനേകായിരം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കഠിനാധ്വാനത്തിലൂടെയാണ് നമ്മുടെ രാജ്യത്തിന്റെ വൈവിധ്യത്തേയും സംസ്‌കാരത്തെയും സംരക്ഷിച്ചത്. ഭരണഘടനയെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് പ്രതിജ്ഞാബദ്ധമാണ്. സംഘപരിവാര്‍ ഇന്ത്യന്‍ ഭരണഘടനയെക്കാള്‍ പ്രാധാന്യം നല്‍കുന്നത് മനുസ്മൃതിക്കാണ്. അതിനാലാണ് ബി.ആര്‍ അംബേദ്കറെ അധിക്ഷേപിക്കാന്‍ ബിജെപി തയ്യാറായത്.അമിത് ഷായുടെ പ്രസ്താവനയിലൂടെ ബിജെപിയുടെ ദളിത് വിരുദ്ധത പ്രകടമാണ്.
ജനാധിപത്യ വിരുദ്ധ നടപടികളുമായി മുന്നോട്ട് പോകുന്ന ബിജെപിക്ക് ഭരണഘടനയോടും രാജ്യത്തോടും ഒരു കടപ്പാടുമില്ല.ബി.ആര്‍.അംബേദ്കര്‍ക്ക് വേണ്ടി ശബ്ദിച്ചതിന് രാഹുല്‍ ഗാന്ധിയുടെ പേരില്‍ കേസെടുക്കാനാണ് മോദി സര്‍ക്കാരിന്റെ തീരുമാനമെങ്കില്‍ അതിനെ തന്റേടത്തോടെ നേരിടും.അംബേദ്കറെയും ഇന്ത്യന്‍ ഭരണഘടനയെയും ഏറെ ബഹുമാനിക്കുന്ന ഇന്ത്യക്കാരുടെ വികാരം വ്രണപ്പെടുത്തിയതിന് ആഭ്യന്തരമന്ത്രി അമിത് ഷാ മാപ്പ് പറയണമെന്നും മന്ത്രിസ്ഥാനം രാജിവെക്കണമെന്നും കെ സുധാകരന്‍ ആവശ്യപ്പെട്ടു.
ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു.നേതാക്കളായ അഡ്വ.പി എം നിയാസ്,വി എ നാരായണന്‍,സജീവ് മറോളി,എം പി അരവിന്ദാക്ഷന്‍,ശശി മാസ്റ്റര്‍,കെ പി സാജു,സുദീപ് ജെയിംസ്, രാജീവന്‍ പാനുണ്ട,അഡ്വ. കെ ശുഹൈബ് എന്നിവര്‍ സംസാരിച്ചു.
content highlight : republic-day-ambedkar-day-congress-announcement