തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ 7-ാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ക്ലാസ് മുറിയില്‍ വെച്ച് പാമ്പുകടിയേറ്റു. ചെങ്കല്‍ ഗവ. യുപിഎസിലെ വിദ്യാര്‍ത്ഥിനിക്കാണ് പാമ്പുകടിയേറ്റത്. ചെങ്കല്‍ സ്വദേശികളായ ജയന്‍ നിവാസില്‍ ഷിബു- ബീന ദമ്പതികളുടെ മകള്‍ നേഹ(12)യ്ക്കാണ് പാമ്പുകടിയേറ്റത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ക്ലാസ് മുറിയില്‍ ക്രിസ്മസ് ആഘോഷം നടക്കുന്നതിനിടെയാണ് സംഭവം.
ആഘോഷത്തിനിടെ നേഹയുടെ വലതുകാല്‍ പാദത്തിൽ പാമ്പുകടിക്കുകയായിരുന്നു. കടിയേറ്റയുടനെ കുട്ടി കുതറി മാറി. ഈ സമയം മറ്റു കുട്ടികളും അടുത്തുണ്ടായിരുന്നു. ഉടനെ തന്നെ നേഹയെ സ്‌കൂള്‍ അധികൃതര്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെത്തിച്ചു. നിലവിൽ പെൺകുട്ടി ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണത്തിൽ തുടരുകയാണ്. പെണ്‍കുട്ടിയ്ക്ക് മറ്റു ആരോഗ്യപ്രശ്നങ്ങളില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അതേസമയം, കടിച്ച പാമ്പിനെ സ്‌കൂൾ അധികൃതർ അടിച്ചുകൊന്നു. സ്കൂളും പരിസരവും കാടുമൂടി കിടക്കുന്നതാണ് ഇത്തരം സംഭവങ്ങൾക്ക് കാരണമെന്ന ആരോപണവും ഉയരുന്നുണ്ട്.
content highlight : 7th-class-student-was-bitten-by-a-snake