ലഹരി കഴിച്ച് സ്വപ്‌നലോകത്ത് കറങ്ങി നടന്നു എന്നൊക്കെ വീരവാദം മുഴക്കുന്ന പലരേയും നാം ചുറ്റുപാടും കണ്ടിട്ടുണ്ട്. എന്നാല്‍ ഒരു മീന്‍ കഴിച്ചിട്ട് സമാനമായ അവസ്ഥയിലൂടെ കടന്നുപോയാലോ? അങ്ങനെയും ഒരു മത്സ്യമുണ്ട്. ഡ്രീം ഫിഷ് എന്നാണ് ഈ ലഹരിമത്സ്യത്തിൻ്റെ പേര്. സമുദ്രത്തിനടിയില്‍ വിശാലവും നിഗൂഡവുമായ നിരവധി അത്ഭുതങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ട്.
അവയിലൊരു അത്ഭുതമാണ് ഡ്രീംഫിഷ് എന്നറിയപ്പെടുന്ന സലേമ പോര്‍ജി മത്സ്യം. ഒറ്റനോട്ടത്തില്‍ ഒരു സാധാരണ മത്സ്യമാണെന്ന് തോന്നുമെങ്കിലും ഈ മീന്‍ ഒട്ടുമേ സാധാരണക്കാരനല്ല. ഡ്രിം ഫിഷ് കഴിച്ചാൽ 36 മണിക്കൂര്‍ വരെ നീണ്ടുനില്‍ക്കുന്ന ഭ്രമാത്മകമായ അനുഭവം ഉണ്ടാകുമത്രേ!ഈ വിചിത്രമത്സ്യത്തെക്കുറിച്ച് നൂറ്റാണ്ടുകളായി ആളുകള്‍ക്ക് അറിവുള്ളതാണ്. റോമന്‍ സാമ്രാജ്യ കാലത്ത് ആളുകള്‍ ഇത് ഉപയോഗിച്ചിരുന്നെന്നും പറയപ്പെടുന്നു. ആധുനിക കാലത്തെ വിനോദ മയക്കുമരുന്ന് ഉപയോഗം പോലെ തന്നെ റോമക്കാര്‍ ഈ മത്സ്യം കഴിച്ചിരുന്നതായി സൂചനകളുണ്ട്. അതുകൊണ്ടാണ് ഈ മത്സ്യത്തിന് ഡ്രിംഫിഷ് എന്ന പേര് ലഭിച്ചത്.
ഡ്രിംഫിഷിന്റെ മാംസത്തില്‍ അടങ്ങിയിരിക്കുന്ന ചിലതരം വിഷവസ്തുക്കള്‍ മൂലമാണ് ഇത് കഴിക്കുമ്പോള്‍ ഭ്രമാത്മകതയുളള ഇഫെക്ട് ഉണ്ടാകുന്നത്. ഇത്തരം ടോക്‌സിന്‍സ് അതായത് വിഷാംശം അവയുടെ കോശങ്ങളില്‍ അടിഞ്ഞുകൂടുകയാണ് ചെയ്യുന്നത്. ഇത് മനുഷ്യ ശരീരത്തില്‍ എത്തുമ്പോള്‍ ഹാലുസിനോജെനിക് ഫലങ്ങള്‍ ഉണ്ടാവുകയാണ് ചെയ്യുന്നത്. ഇത് കഴിച്ചതിന് ശേഷം ഇങ്ങനെയുള്ള അനുഭവങ്ങളുണ്ടായ നിരവധി കേസുകള്‍ ഇതിനോടകം രേഖപ്പെടുത്തിയിട്ടുണ്ട്. ഈ മത്സ്യത്തിൻ്റെ പ്രത്യേകത അറിയാതെ ഇത് കഴിക്കുന്നവര്‍ പെട്ടുപോവുകയും ചെയ്യും.
ഇത്തരമൊരു പ്രത്യേകത ഉണ്ടെന്നറിഞ്ഞിട്ടും സലേമ പോര്‍ജി അല്ലെങ്കില്‍ ഡ്രിം ഫിഷ് ഇപ്പോഴും ലോകത്തിലെ പലയിടങ്ങളില്‍ പ്രത്യേകിച്ച് മെഡിറ്ററേനിയന്‍ മേഖലയില്‍ ഭക്ഷണമായി ഉപയോഗിക്കുന്നു. പലരും പരമ്പരാഗത വിഭവമായിട്ടാണ് ഇത് തയ്യാറാക്കുന്നത്.
STORY HIGHLIGHTS: miraculous-properties-of-dreamfish-found-in-the-eastern-atlantic-and-mediterranean-seas