ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാമ്യം ലഭിച്ച ഉടൻതന്നെ സെന്തിൽ ബാലാജിയെ തമിഴ്നാട്ടിൽ മന്ത്രിയായി നിയമിച്ചതിനെതിരെ സുപ്രീംകോടതി. അങ്ങേയറ്റം തെറ്റായ തീരുമാനം എന്നാണ് ജസ്റ്റിസുമാരായ അഭയ് എസ്. ഓക, അഗസ്റ്റിൻ ജോർജ് മാസിഹ് എന്നിവരടങ്ങിയ ബെഞ്ചിന്റെ വിമർശനം.
‘‘ഇത്രയധികം കേസുകളുള്ളപ്പോൾ എങ്ങനെ മന്ത്രി എന്ന നിലയിൽ ഉത്തരവാദിത്തം ഏറ്റെടുക്കാനാകും? ജാമ്യം നൽകിയതിന്റെ പിറ്റേന്ന് മന്ത്രിയായി ചുമതലയേറ്റത് എങ്ങനെ ന്യായീകരിക്കാനാകും. ഇത്തരം നടപടികള്‍ കേസിലെ സാക്ഷികൾക്കുമേൽ സമ്മർദം സൃഷ്ടിക്കില്ലേ’’ -കോടതി ചോദിച്ചു. സുപ്രീംകോടതി ജാമ്യം അനുവദിച്ച കേസിൽ വിചാരണ നടപടികൾ വൈകിപ്പിക്കാൻ ബാലാജി ബോധപൂർവം ശ്രമിച്ചുവെന്ന് ഇ.ഡി ആരോപിച്ചു.
കേസില്‍ വാദം കേൾക്കുന്നത് ജനുവരി 15ലേക്ക് മാറ്റി. 2023 ജൂണിലാണ് സർക്കാർ ജോലിക്ക് കോഴ വാങ്ങിയെന്ന കേസിലും കള്ളപ്പണം വെളുപ്പിക്കൽ കേസിലും ഇ.ഡി ബാലാജിയെ അറസ്റ്റ് ചെയ്തത്. 471 ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് ജാമ്യം ലഭിച്ചത്. അടുത്ത ദിവസംതന്നെ മന്ത്രിയായി ചുമതലയേറ്റതാണ് സുപ്രീംകോടതിയുടെ വിമർശം വിളിച്ചുവരുത്തിയത്.
content highlight : senthil-balaji-supreme-court-issues-notice-to-tamil-nadu-government