ന്യൂഡൽഹി: വിളകൾക്ക് താങ്ങുവില ഉറപ്പാക്കാൻ നിയമനിർമാണം കൊണ്ടുവരുന്നതടക്കം വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നിരാഹാര സമരം നടത്തുന്ന കർഷക നേതാവ് ജഗ്ജിത് സിങ് ദല്ലേവാളിനെ സമരസ്ഥലത്തിനടുത്ത് സ്ഥാപിച്ച താൽക്കാലിക ആശുപത്രിയിലേക്ക് മാറ്റണമെന്ന് പഞ്ചാബ് സർക്കാറിനോട് സുപ്രീംകോടതി.
ആരോഗ്യം മോശമായ ദല്ലേവാളിനെ ഏത്രയും വേഗം ആശുപത്രിയിലേക്ക് മാറ്റി ആവശ്യമായ എല്ലാ വൈദ്യസഹായവും നൽകുമെന്ന് പഞ്ചാബ് ചീഫ് സെക്രട്ടറി, ഡി.ജി.പി എന്നിവർ സത്യവാങ് മൂലം നൽകണമെന്ന് കോടതി നിർദേശിച്ചു.
ദല്ലേവാളിനെ സന്ദർശിച്ച് വൈദ്യസഹായം നൽകാനും അനിശ്ചിതകാല നിരാഹാരം അവസാനിപ്പിക്കാൻ പ്രേരിപ്പിക്കാനും കേന്ദ്ര സർക്കാറിനും പഞ്ചാബ് സർക്കാറിനും സുപ്രീംകോടതി നേരത്തേ നിർദേശം നൽകിയിരുന്നു.
എഴുപതുകാരനും അർബുദ രോഗിയുമാണ് ദല്ലേവാൾ. നവംബർ 26 മുതൽ പഞ്ചാബ്- ഹരിയാന അതിർത്തിയിലെ, കർഷകർ സമരം ചെയ്യുന്ന ഖനൗരിയിൽ പ്രത്യേകം സജ്ജമാക്കിയ പന്തലിലാണ് നിരാഹാരം അനുഷ്ഠിക്കുന്നത്.
ആരോഗ്യാവസ്ഥ മോശമായ ദല്ലേവാളിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്. എന്നാൽ, മരണം വരെ നിരാഹാരമിരിക്കുമെന്ന നിലപാടിൽ അദ്ദേഹം ഉറച്ചു നിൽക്കുകയാണെന്ന് കർഷക നേതാക്കൾ പ്രതികരിച്ചു.
content highlight : supreme-court-asks-punjab-authorities-to-take-call-on-shifting-jagjit-singh