ബെർലിൻ: ജർമനിയിൽ ആൾക്കൂട്ടത്തിനിടയിലേക്ക് കാർ പാഞ്ഞുകയറി രണ്ട് പേർ മരിച്ചു. 68 പേർക്ക് പരിക്കേറ്റു. ഇവരിൽ പതിനഞ്ചോളം പേരുടെ നില ഗുരുതരമാണ്. ഇവരെ ആശുപത്രികളിലേക്ക് മാറ്റി അതേസമയം സംഭവത്തിലെ ആക്രമണ സാധ്യത പൊലീസ് തള്ളുന്നില്ല. കാർ ഓടിച്ചിരുന്ന 50 വയസുകാരനായ ആളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. സൗദി പൗപരനായ ഇയാൾ ഡോക്ടറാണെന്നും റിപ്പോർട്ടുകളുണ്ട്.
ഈസ്റ്റേൺ ജർമനിയിലെ മാഗ്‍ഡെബർഗ് നഗരത്തിലുള്ള ക്രിസ്മസ് മാർക്കറ്റിലായിരുന്നു സംഭവം. പ്രാദേശിക സമയം വെള്ളിയാഴ്ച രാത്രി ഏഴു മണിയോടെയാണ് സംഭവം. കാർ ആൾകൂട്ടത്തിനിടയിലൂടെ നാനൂറ് മീറ്ററോളം മുന്നോട്ടു നീങ്ങി. സംഭവത്തിന്റെ ദൃശ്യം സാമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
കാറിൽ സ്ഫോടക വസ്തുക്കളുണ്ടെന്ന സംശയത്തിൽ സ്ഥലത്തു നിന്ന് ആളുകളെ ഒഴിപ്പിച്ച ശേഷം പൊലീസ് നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ലെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. പ്രതി താമസിക്കുന്ന ബേൺബർഗ് കേന്ദ്രീകരിച്ചും പൊലീസിന്റെ പരിശോധന തുടരുകയാണ്.