India

43 വർഷത്തിന് ശേഷം പ്രധാനമന്ത്രി ഇന്ന് കുവൈത്തിൽ

കുവൈത്ത് സിറ്റി: പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് കുവൈത്തിലെത്തും. നീണ്ട 43 വർഷത്തിന് ശേഷമാണ് ഒരു പ്രധാനമന്ത്രി കുവൈത്ത് സന്ദർശിക്കുന്നത്. നാളെ ഉച്ചയോടെ കുവൈത്തില്‍ ഔദ്യോഗിക സന്ദര്‍ശനത്തിന് എത്തുന്ന പ്രധാനമന്ത്രി ഞായറാഴ്ച തിരിച്ചുപോകും. കുവൈത്ത് അമീർ ഉൾപ്പെടെയുള്ള ഭരണ നേതൃത്വവുമായി മോദി കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ഇന്ത്യ-കുവൈത്ത് ഉഭയകക്ഷി ബന്ധത്തിലും കൂടുതല്‍ നിക്ഷേപ സാധ്യതകൾക്കും കരാറുകൾക്കും ഇടയാക്കുമെന്നാണ് പ്രതീക്ഷ. നിലവില്‍ ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയിൽ, എൽപിജി എന്നിവയുടെ പ്രധാന വിതരണക്കാരാണ് കുവൈത്ത്.

സുരക്ഷ ഉള്‍പ്പടെയുള്ള ക്രമീകരണങ്ങള്‍ പരിശോധിക്കുവാന്‍ ഇന്ത്യയില്‍ നിന്നും കഴിഞ്ഞ ദിവസം സുരക്ഷാ ഉദ്യോഗസ്ഥര്‍ കുവൈത്തിലെത്തിയിരുന്നു. കുവൈത്തിലെ ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ നാളെ സംഘടിപ്പിക്കുന്ന പൊതു സമ്മേളനത്തില്‍ ഇന്ത്യന്‍ പ്രവാസി സമൂഹത്തെ നരേന്ദ്ര മോദി അഭിസംബോധന ചെയ്യും. സബാ അല്‍ സാലത്തുള്ള ഷെയ്ഖ് സാദ് അല്‍ അബ്ദുല്ല അല്‍ സലേം അല്‍ സബാഹ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ വൈവിധ്യമാര്‍ന്ന കലാ പരിപാടികളാണ് ഇന്ത്യന്‍ പ്രവാസി സംഘടനകളുടെ നേത്രുത്വത്തില്‍ ഒരുക്കിയിട്ടുള്ളത്.

12.30 മുതല്‍ പ്രവേശനം അനുവദിക്കും. പരിപാടിയ്ക്ക് ഒരു മണിക്കൂര്‍ മുൻപ് എല്ലാ ഗേറ്റുകളും അടയ്ക്കും. മുന്‍കൂട്ടി റജിസ്റ്റർ ചെയ്തവര്‍ക്കും പ്രത്യേകം ക്ഷണിച്ചവര്‍ക്കുമാണ് പ്രവേശനം. രാജ്യത്തെ പ്രധാന പാതകളിലും ബസുകളിലും പ്രധാന മന്ത്രിയെ സ്വാഗതം ചെയ്തുള്ള ചിത്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനിടയില്‍ ഇന്ത്യന്‍ തൊഴിലാളി ക്യാമ്പും പ്രധാനമന്ത്രി സന്ദര്‍ശിക്കും. കുവൈത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹമായ ഇന്ത്യാക്കാർ പ്രധാനമന്ത്രിയുടെ സന്ദർശനത്തെ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.