ഉച്ചയൂണിന് അല്പം ഹെൽത്തിയായ ഒരു നാടൻ കറി വെച്ചാലോ? മത്തൻ ഇലയും പരിപ്പും ചേർത്ത് കിടിലൻ സ്വാദിലൊരു കറി. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന മത്തൻ ഇല- പരിപ്പ് കറി റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- മത്തൻ ഇല- 7 എണ്ണം
- വേവിച്ച പരിപ്പ്- അര കപ്പ്
- വെളിച്ചെണഅണ- 2 ടീസ്പൂൺ
- വെളുത്തുള്ളി ചെറുതായി അരിഞ്ഞത്- 2 എണ്ണം
- പച്ചമുളക്- 1
- മഞ്ഞൾപൊടി- അര ടീസ്പൂൺ
- മുളക് പൊടി- അര ടീസ്പൂൺ
- ഉപ്പ്- ആവശ്യത്തിന്
- തേങ്ങ- അര കപ്പ്
- ചെറിയ ഉള്ളി- 1
- ജീരകം- അര ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
മത്തൻ ഇല ചെറുതായി അരിയുക. ഒരു മൺചട്ടി ചൂടാക്കി എണ്ണയൊഴിച്ച് അതിലേക്ക് പച്ചമുളകും. വെളുത്തുള്ളിയും ചേർത്ത് വഴറ്റുക. ഇതിലേക്ക് മത്തൻ ഇലയും ചേർത്ത് വഴറ്റുക. മഞ്ഞൾപൊടി, മുളകുപൊടി എന്നിവ ചേർത്തിളക്കുക. വേവിച്ച പരിപ്പ്, വെള്ളം, ഉപ്പ് എന്നിവ കൂടി ചേർത്ത് അടച്ച് വെച്ച് വേവിക്കുക. തേങ്ങ, സവാള, ജീരകം എന്നിവ മിക്സിയിൽ അടിച്ച് കറിയിലേക്ക് ചേർക്കുക. നന്നായി തിള വരുമ്പോൾ കടുക്, ചെറിയ ഉള്ളി, വറ്റൽമുളക്, കറിവേപ്പില എന്നിവ താളിച്ച് ഒഴിക്കാം.