India

‘ഇവിടെന്ത് വീണാലും അത് ദൈവത്തിന്റെ’; കാണിക്ക വഞ്ചിയിലേക്ക് വീണുപോയ ഐഫോൺ മടക്കി നൽകാതെ ക്ഷേത്രഭാരവാഹികൾ | tamilnadu temple

പോക്കറ്റില്‍ നിന്നും പണം എടുക്കുന്നതിനിടെയാണ് ഐഫോണ്‍ വീണുപോവുകയായിരുന്നു

കാണിക്ക വഞ്ചിയിലേക്ക് വീണ ഐഫോൺ മടക്കി നൽകാതെ ക്ഷേത്രഭാരവാഹികൾ. ക്ഷേത്രദർശനത്തിനിടെ അബദ്ധത്തിലാണ് ഐഫോൺ കാണിക്ക വഞ്ചിയിലേക്ക് വീണത്. എന്നാൽ ഇത് തിരികെ നൽകുന്നില്ല എന്ന് പറയുന്ന അവർ അതിനെ ന്യായീകരിക്കുന്നത് കാണിക്കവഞ്ചിയിൽ വീണുകഴിഞ്ഞാൽ എല്ലാം ദൈവത്തിന്റേതാണ് എന്നാണ്. തമിഴ്നാട്ടിൽ നിന്നും ആണ് ഈ വാർത്ത പുറത്തുവരുന്നത്.

ചെന്നൈ വിനായഗപുരം സ്വദേശിയായ ദിനേശാണ് തന്റെ ഐഫോണ്‍ തിരികെ ലഭിക്കുന്നതിനായി ക്ഷേത്രഭാരവാഹികളുടെ പിന്നാലെ നടക്കുന്നത്. അരുള്‍മിഗു കന്ദസ്വാമി ക്ഷേത്രത്തിലെ കാണിക്ക വഞ്ചിയിലാണ് ദിനേശിന്റെ ഫോണ്‍ വീണു പോയത്. കഴിഞ്ഞ മാസം കുടംബത്തടൊപ്പം ക്ഷേത്രദര്‍ശനത്തിന് എത്തിയപ്പോഴായിരുന്നു ദിനേശിന്റെ ഫോണ്‍ നഷ്ടമായത്. പ്രാര്‍ത്ഥനയ്ക്ക് ശേഷം കാണിക്ക വഞ്ചിയിലേക്ക് ഇടാനായി പോക്കറ്റില്‍ നിന്നും പണം എടുക്കുന്നതിനിടെയാണ് ഐഫോണ്‍ വീണുപോവുകയായിരുന്നു.

അപ്പോള്‍ തന്നെ ദിനേശ് ഭാരവാഹികളെ സമീപിച്ചു. എന്നാല്‍ ക്ഷേത്ര ആചാരപ്രകാരം രണ്ട് മാസത്തില്‍ ഒരിക്കല്‍ മാത്രമേ കാണിക്കവഞ്ചി തുറക്കുകയുള്ളൂ എന്നുപറഞ്ഞ് മടക്കി. കാണിക്കവഞ്ചി തുറക്കുന്ന ദിവസം അന്വേഷിച്ചറിഞ്ഞ് ദിനേശ് ക്ഷ്ത്രത്തില്‍ എത്തിയെങ്കിലും മൊബൈല്‍ നല്‍കാന്‍ ഭാരവാഹികള്‍ തയാറായില്ല. കാണിക്ക വഞ്ചിയില്‍ ഇട്ടുകഴിഞ്ഞാല്‍ അത് ദൈവത്തിന്റെ സ്വത്താണ് എന്നാണ് ഇതിന് നല്‍കുന്ന ന്യായീകരണം. ഐഫോണിലെ വിവരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാനും സിം കാര്‍ഡ് ഊരിയെടുക്കാനും ദിനേശിന് അനുമതി നല്‍കി.

ദിനേശ് കാണിക്കയായി ഐഫോണ്‍ ഇട്ടശേഷം മനംമാറ്റം ഉണ്ടായതാണോ എന്നും അറിയില്ലെന്നും ക്ഷേത്രഭാരവാഹികള്‍ പറയുന്നു. അബദ്ധത്തില്‍ ഫോണ്‍ വീഴാനുള്ള സാധ്യത കുറവാണ്. ഇരുമ്പ് വേലി ഉപയോഗിച്ച് സംരക്ഷിച്ചാണ് കാണിക്ക വഞ്ചി സ്ഥാപിച്ചിരിക്കുന്നതെന്നും അവര്‍ അവകാശപ്പെട്ടു.

STORY HIGHLIGHT: temple refuses to return iphone dropped in hundi

Latest News