Kerala

അവസാനമായി വിളിച്ചപ്പോൾ പറഞ്ഞത് കണ്ണൂരെത്തിയെന്ന്; ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ്; നാട്ടിലേക്കുള്ള യാത്രയ്ക്കിടയിൽ മലയാളി സൈനികനെ കാണാനില്ലെന്ന് പരാതി | army man missing

എടിഎം കാര്‍ഡില്‍ നിന്ന് 15,000 രൂപ പിന്‍വലിച്ചതായും കണ്ടെത്തിയിട്ടുണ്ട്

കോഴിക്കോട്: മലയാളിയായ സൈനികനെ കാണാനില്ലെന്ന് പരാതി. കോഴിക്കോട് എരഞ്ഞിക്കൽ കണ്ടംകുളങ്ങര ചെറിയകാരംവള്ളി സുരേഷിന്റെ മകന്‍ വിഷ്ണുവിനെയാണ് കഴിഞ്ഞ ബുധനാഴ്ച മുതൽ കാണാനില്ലെന്ന് ബന്ധുക്കൾ പരാതി നൽകിയിരിക്കുന്നത്. പൂനെയിലെ ആർമി സപ്പോർട്ട് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് നാട്ടിലേക്ക് വരികയാണെന്ന് തിങ്കളാഴ്ച വിഷ്ണു അമ്മയെ വിളിച്ച് അറിയിച്ചിരുന്നു.

ചൊവ്വാഴ്ച പകല്‍ 2.15നാണ് വിഷ്ണു അവസാനമായി വീട്ടിലേക്ക് വിളിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. അമ്മയെ വിളിച്ചപ്പോള്‍ പറഞ്ഞത് കണ്ണൂരില്‍ എത്തിയെന്നാണ്. എന്നാല്‍ രാത്രി വൈകിയും കാണാഞ്ഞതിനെ തുടര്‍ന്ന് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്വിച്ച്ഡ് ഓഫ് ആയിരുന്നു. പിന്നീടാണ് എലത്തൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. കുടുംബത്തിന്‍റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ വിഷ്ണുവിന്‍റെ ഫോണ്‍ ലൊക്കേഷന്‍ പൂണെയില്‍ തന്നെയാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. എടിഎം കാര്‍ഡില്‍ നിന്ന് 15,000 രൂപ പിന്‍വലിച്ചതായും കണ്ടെത്തിയിട്ടുണ്ട്. സൈനികരുടെ നേതൃത്വത്തില്‍ പൂണെയിലും അന്വേഷണം പുരോഗമിക്കുകയാണ്.

STORY HIGHLIGHT: army man gone missing