കേരള പി.എസ്.സി യുടെ ഉത്തരവാദിത്വമില്ലായ്മ വാർത്തയാക്കിയതിൻ്റെ പേരിൽ മാധ്യമം ദിനപത്രത്തിലെ ലേഖകൻ അനിരു അശോകന്‍റെ മൊബൈൽ ഫോൺ പിടിച്ചെടുക്കാനുള്ള ക്രൈംബ്രാഞ്ച് നീക്കം പൊതു സമൂഹത്തെ അണിനിരത്തി നേരിടുമെന്ന് തിരുവനന്തപുരം പ്രസ് ക്ലബ് അറിയിച്ചു. അങ്ങേയറ്റം അപലപനീയമായ ഈ നീക്കത്തിനെതിരെ നിയമ നടപടിയും സ്വീകരിക്കും.
മാധ്യമങ്ങൾക്കു മൂക്കുകയർ ഇടാനുള്ള അജണ്ടയുടെ ഭാഗമായി മാത്രമേ പൊലീസ് നടപടിയെ കാണാൻ കഴിയൂ. ഭരണഘടന ഉറപ്പ് നൽകുകയും ഹൈക്കോടതി ആവർത്തിച്ചു ശരിവയ്ക്കുകയും ചെയ്ത മാധ്യമ സ്വാതന്ത്ര്യത്തിന്‍റെ കടയ്ക്കൽ കത്തിവയ്ക്കുന്ന ഈ നീക്കം ജനാധിപത്യമൂല്യങ്ങൾക്കു തന്നെ എതിരാണ്.
കേരള പബ്ലിക് സർവിസ് കമീഷനിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികളുടെ യൂസർ ഐഡിയും പാസ്‌വേഡും സൈബർ ഹാക്കർമാർ പി.എസ്.സി സർവറിൽനിന്ന് ചോർത്തി ഡാർക്ക് വെബിൽ വിൽപനക്ക് വച്ച വിവരം വാർത്തയായതിന്‍റെ പേരിലാണ് ക്രൈംബ്രാഞ്ച് നടപടി. ഇന്നലെ (ശനി) രണ്ടു മണിക്കൂർ മാധ്യമം ലേഖകൻ അനിരു അശോകനെ ചോദ്യംചെയ്ത ക്രൈംബ്രാഞ്ച് രണ്ടു ദിവസത്തിനകം ഫോൺ ഹാജരാക്കണമെന്നാവശ്യപ്പെട്ട് പുതിയ നോട്ടീസ് നൽകിയിരിക്കുകയാണ്. വാർത്തയ്ക്കാധാരമായ രേഖകൾ എത്തിച്ചു തന്ന പി എസ് സി ഉദ്യോഗസ്ഥനാരെന്നാണ് ചോദ്യം ചെയ്ത ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിക്ക് അറിയേണ്ടിയിരുന്നത്. സ്രോതസ് വെളിപ്പെടുത്താനാവില്ലെന്ന ഉറച്ച നിലപാട് തന്നെ അനിരുവും മാധ്യമം എഡിറ്ററും സ്വീകരിച്ചു. കോടതി തന്നെ വിലക്കിയിട്ടുള്ളതാണ് ഇത്തരം നടപടികൾ.
കോളിളക്കം സൃഷ്ടിക്കുന്ന വാർത്തകൾക്ക് ആധാരമായ രേഖകൾ മാധ്യമങ്ങൾ പുറത്തുവിടുന്നത് സ്വാഭാവികം മാത്രമാണ്. എല്ലാ ജനാധിപത്യ ഭരണകൂടങ്ങളും ഇതിനൊപ്പം നിന്നിട്ടുമുണ്ട്. കേരളത്തിൻ്റെ മുഖ്യമന്ത്രി ഇതൊന്നും അറിയുന്നില്ലെന്നാണോ. ജനപക്ഷത്തു നിന്നു വാർത്ത ചെയ്യുകയെന്നത് മാധ്യമ ധർമമാണ്. പൊലീസ് നടപടികളിലുടെ അതിനു തടയിടാൻ ശ്രമിക്കുന്നത് ജനാധിപത്യ വ്യവസ്ഥക്ക് ഭൂഷണമല്ല. ചുറ്റും നടക്കുന്ന തെറ്റായ പ്രവണതകൾ തിരിച്ചറിഞ്ഞു പ്രതിരോധിക്കാനുള്ള പൗരന്‍റെ അവകാശങ്ങൾക്കു വിലങ്ങിടാനാണ് ഇതുവഴി പൊലീസ് യഥാർത്ഥത്തിൽ ശ്രമിക്കുന്നത്. മാധ്യമങ്ങളുടെ വായ മൂടിക്കെട്ടാനുള്ള ശ്രമത്തിനെതിരെ ശക്തമായ പോരാട്ടം സംഘടിപ്പിക്കുമെന്ന് പ്രസ് ക്ലബ് പ്രസിഡൻ്റ് പി.ആർ. പ്രവീണും സെക്രട്ടറി എം.രാധാകൃഷ്ണനും അറിയിച്ചു.
CONTENT HIGH LIGHTS;Crime Branch’s move to seize journalist Aniru Ashok’s phone will not be allowed: Press Club