Kerala

ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർ കൈ കാണിച്ചിട്ടും നിർത്തിയില്ല; എയർ ഹോൺ മുഴക്കി ചീറിപ്പാഞ്ഞ ‘കൃതിക’ കസ്റ്റഡിയിൽ | private bus

കോഴിക്കോട് - കണ്ണൂർ റൂട്ടിൽ ഓടുന്ന കൃതിക ബസ് ആണ് പോലീസ് കസ്റ്റഡിയിലെടുത്തത്

കോഴിക്കോട്: നിരത്തിൽ അപകടകരമായ രീതിയിൽ ഓടിച്ച സ്വകാര്യ ബസ് പിന്തുടർന്ന് പിടികൂടി. എയർ ഹോൺ മുഴക്കിയ അപകടം ഉണ്ടാകുന്ന വിധത്തിൽ അമിത വേഗതയിൽ പാഞ്ഞ സ്വകാര്യബസ്സാണ് കോഴിക്കോട് എലത്തൂർ പുതിയനിരത്തിൽ വച്ചുപിടികൂടിയത്. ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർ കൈ കാണിച്ചിട്ടും നിർത്താതെ പോയ കോഴിക്കോട് – കണ്ണൂർ റൂട്ടിൽ ഓടുന്ന കൃതിക ബസ് ആണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

വാഹനത്തിന്റെ അമിത വേഗം ശ്രദ്ധയില്‍പ്പെട്ട ട്രാഫിക് എസ്‌ ഐ അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസുകാര്‍ പുതിയനിരത്തില്‍ വച്ച് കൈ കാണിച്ചെങ്കിലും ഡ്രൈവര്‍ നിര്‍ത്താന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് പൊലീസുകാര്‍ പിന്തുടര്‍ന്ന് കൊട്ടേടത്ത് ബസാറില്‍ വച്ച് ബസ് തടഞ്ഞാണ് പിടികൂടിയത്.

ലൈസന്‍സ് കാണിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഡ്രൈവറായ കണ്ണൂര്‍ ചൊവ്വ സ്വദേശി മൃതുന്‍ (24) അതിന് തയ്യാറാകാതെ ഉദ്യോഗസ്ഥരോട് തട്ടിക്കയറിയതായി പൊലീസുകാര്‍ പറഞ്ഞു. നാട്ടുകാര്‍ ഇടപെട്ടതിനെ തുടര്‍ന്ന് ബസ് ജീവനക്കാര്‍ പിന്‍മാറുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് മൃതുനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു. ബസ് കസ്റ്റഡിയില്‍ എടുത്ത പൊലീസ് എയര്‍ ഹോണ്‍ അഴിച്ചു മാറ്റുകയും 10,000 രൂപ പിഴ ചുമത്തുകയും ചെയ്തു.

STORY HIGHLIGHT: private bus in traffic police custody