ചേരുവകൾ
ആവോലി – 500 ഗ്രാം
കാശ്മീരി മുളക് പൊടി – 3 / 4 ടേബിൾസ്പൂൺ
കുരുമുളക് പൊടി – ഒരു ടീസ്പൂൺ
മഞ്ഞൾ പൊടി – 1 / 2 ടീസ്പൂൺ
പെരുംജീരകപ്പൊടി – 3/ 4 ടീസ്പൂൺ
നാരങ്ങാ നീര് – ഒരു നാരങ്ങായുടേത്
ഉപ്പ് – ആവശ്യത്തിന്
വെളിച്ചെണ്ണ – ആവശ്യമുള്ളത്
(മീൻ മസാല പുരട്ടി ഫ്രിഡ്ജിൽ കുറഞ്ഞത് 4 – 5 മണിക്കൂർ മാരിനേഷന് വയ്ക്കണം )
മസാല ഉണ്ടാക്കാൻ ആവശ്യമുള്ളത് :
സബോള – 4 എണ്ണം നീളത്തിൽ അരിഞ്ഞത്
ചെറുള്ളി – 250 ഗ്രാം നീളത്തിൽ അരിഞ്ഞത്
ഇഞ്ചി – ഒരു ഇടത്തരം കഷ്ണം ചതച്ചത്
വെളുത്തുള്ളി – 8 കഷ്ണം ചതച്ചത്
പച്ചമുളക് കീറിയത് – 4 എണ്ണം
വേപ്പില – ഒരു തണ്ട്
മല്ലിപ്പൊടി – 1 1/ 2 ടീസ്പൂൺ
മുളക് പൊടി – 2 1/ 2 ടീസ്പൂൺ
മഞ്ഞൾ പൊടി – 1/ 2 ടീസ്പൂൺ
കുരുമുളക് പൊടി – 3 / 4 ടീസ്പൂൺ
തക്കാളി – രണ്ട് ചെറുത് ( വലുതാണെങ്കിൽ 1 1/ 2 എണ്ണം )
കുടം പുളി – രണ്ട് കഷ്ണം കുതിർത്ത വെള്ളത്തോടൊപ്പം ചേർക്കുക
ഉപ്പ് – ആവശ്യത്തിന്
വെളിച്ചെണ്ണ – ആവശ്യമുള്ളത്
പൊള്ളിച്ചെടുക്കാൻ ആവശ്യമുള്ളത് :
വാഴയില – ഒരു വലിയ കഷ്ണം
വാഴ നാര്
വെളിച്ചെണ്ണ – 3 – 4 റ്റേബിൾസ്പൂൺ
വേപ്പില – ഒരു തണ്ട്
ഉണ്ടാക്കുന്ന വിധം :
500 ഗ്രാം ആവോലി വൃത്തിയായി കഴുകി മസാല പുരട്ടാനായി കത്തി കൊണ്ട് വരഞ്ഞെടുത്ത് മസാല പുരട്ടി ഫ്രിഡ്ജിൽ 5 മണിക്കൂർ മാരിനേറ്റ് ചെയ്യാൻ വയ്ക്കുക . രണ്ട് കഷ്ണം കുടംപുളി 1 / 4 കപ്പ് വെള്ളത്തിൽ കുതിരാൻ വയ്ക്കുക .. 5 മണിക്കൂറിന് ശേഷം മീൻ ഫ്രിഡ്ജിൽ നിന്നെടുത്ത് തണുപ്പ് വിടാൻ വയ്ക്കണം ( തണുപ്പ് പൂർണ്ണമായും വിട്ടതിന് ശേഷം മാത്രമേ വറുക്കാനെടുക്കാവൂ ).തണുപ്പ് വിട്ട ശേഷം ഒരു പരന്ന നോൺ സ്റ്റിക് പാത്രത്തിൽ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കുറച്ച് വേപ്പില വിതറി മീൻ ഇരുപുറവും നന്നായി വറുത്തെടുക്കുക ( വലിയ മീൻ ആയതിനാൽ ഓരോ പുറവും മൊരിഞ്ഞു വരാൻ സമയമെടുക്കും. ക്ഷമയോടെ വറുത്തെടുക്കുക ). . മറ്റൊരു പാത്രത്തിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി . സബോള അരിഞ്ഞത് , ചെറുള്ളി അരിഞ്ഞത് , ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചത് , വേപ്പില , പച്ചമുളക് എന്നിവ ചേർത്ത് നന്നായി വഴറ്റിയെടുക്കുക. തുടർന്ന് മസാലപ്പൊടികൾ ചേർക്കാം . മല്ലിപ്പൊടി ,മുളക് പൊടി , മഞ്ഞൾപ്പൊടി, കുരുമുളക് പൊടി ഉപ്പ് എന്നിവ ചേർത്ത് പച്ചമണം മാറും വരെ വെളിച്ചെണ്ണയിൽ മൂപ്പിച്ചെടുക്കുക . ഇനി തക്കാളി ചേർത്ത് നന്നായി വഴറ്റുക . മസാല നന്നായി വഴന്ന് എണ്ണ തെളിയുമ്പോൾ രണ്ട് കഷ്ണം കുടംപുളി കുതിർക്കാൻ വച്ച വെള്ളത്തോട് കൂടി ചേർക്കുക ( മുഴുവൻ വേണമെന്നില്ല 3 -4 ടേബിൾസ്പൂൺ മതിയാകും , പുളി നോക്കി ചേർക്കുക ) . ഇതോടെ മസാല തയ്യാറായി . .ഒരു വലിയ വാഴയിലയുടെ കഷ്ണമെടുത്ത് തീയിൽ വാട്ടി എടുക്കുക . ഇനി തയ്യാറാക്കിയ മസാലയുടെ പകുതി വാഴയിലയുടെ നടു ഭാഗത്ത് പരത്തി മുകളിൽ വറുത്ത ആവോലി വയ്ക്കുക . മീനിന്റെ മുകളിൽ ബാക്കി പകുതി മസാല കൂടി പരത്തുക . ഇനി വാഴയില വാഴനാര് കൊണ്ടോ ചരട് കൊണ്ടോ നന്നായി പൊതിഞ്ഞു കെട്ടുക. . ഒരു പരന്ന പാത്രത്തിൽ അൽപ്പം എണ്ണയൊഴിച്ച് പൊതിഞ്ഞു വച്ചിരിക്കുന്ന മീൻ വച്ച് ഓരോ പുറവും 5 മിനിറ്റ് വച്ച് പൊള്ളിച്ചെടുക്കുക ( കരിഞ്ഞു പോകാതെ ശ്രെദ്ധിക്കണം ) . മൊത്തം 8 – 10 മിനിറ്റ് കഴിഞ്ഞാൽ ആവോലി പൊള്ളിച്ചത് തയ്യാർ .