കോഴിക്കോട്: സ്കൂൾ പരീക്ഷകളുടെ ചോദ്യക്കടലാസ് ചോർന്ന സംഭവത്തിൽ എംഎസ് സൊലൂഷൻസ് ഉടമ മുഹമ്മദ് ഷുഹൈബിനു ചോദ്യം ചെയ്യലിനു ഹാജരാകാൻ ക്രൈംബ്രാഞ്ച് നോട്ടിസ് നൽകി. കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് നീക്കം തുടങ്ങിയതിനിടെ ഷുഹൈബ് ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. ചോദ്യപ്പേപ്പർ ചോർത്തിയിട്ടില്ലെന്നും എല്ലാവരും നടത്തിയതു പോലെ പ്രവചനം മാത്രമേ നടത്തിയിട്ടുള്ളൂ എന്നും ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകരായ പി.കുമാരൻ കുട്ടി, എം.മുഹമ്മദ് ഫിർദൗസ് എന്നിവർ മുഖേന മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.
ചോദ്യപ്പേപ്പർ കാണാത്ത ഒരാൾക്ക് ഇത്തരത്തിൽ കൃത്യതയോടെ പ്രവചിക്കാൻ കഴിയില്ലെന്നു ക്രൈംബ്രാഞ്ച് പറയുന്നു. അധ്യാപകരിൽ നിന്നും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരിൽ നിന്നും നേരത്തെ മൊഴിയെടുത്തിരുന്നു. അതിനു ശേഷമാണ് ഷുഹൈബിനു നോട്ടിസ് നൽകിയത്. വകുപ്പ് ജീവനക്കാരുടെ പങ്കും അന്വേഷിക്കുന്നുണ്ട്. ഷുഹൈബിന്റെ സ്ഥാപനത്തിൽ നിന്നു പിടികൂടിയ ഹാർഡ് ഡിസ്ക്, ലാപ്ടോപ്, വീട്ടിൽ നിന്നു പിടികൂടിയ ഫോൺ എന്നിവ ഫൊറൻസിക് പരിശോധനയ്ക്ക് അയയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇയാളുടെ ഫോൺ രേഖകളും ബാങ്ക് ഇടപാടുകളും പരിശോധിക്കുന്നുണ്ട്.