India

പഞ്ചാബിൽ 6 നില കെട്ടിടം തകർന്നുവീണു; നിരവധിപ്പേർ കുടുങ്ങിക്കിടക്കുന്നു; ഒരു മരണം

ചണ്ഡിഗഡ്: പഞ്ചാബിലെ മൊഹാലിയിലെ സൊഹാനയിൽ ആറുനില കെട്ടിടം തകർന്നു നിരവധിപ്പേർ കുടുങ്ങിക്കിടക്കുന്നു. കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ ഒരാൾ മരിച്ചു. ശനിയാഴ്ച വൈകിട്ടോടെയാണ് കെട്ടിടം തകർന്നുവീണത്. അവശിഷ്ടങ്ങൾക്കുള്ളിൽ എത്രപേർ കുടുങ്ങിയെന്നതു സംബന്ധിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടില്ല. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നു മൊഹാലി എസ്എസ്പി ദീപക് പരീഖ് അറിയിച്ചു.

എൻഡിആർഎഫ് സംഘം രക്ഷാപ്രവർത്തനത്തിനായി നിലയുറപ്പിച്ചിട്ടുണ്ട്. ദുഃഖകരമായ സംഭവമാണ് നടന്നതെന്നും ആരുടേയും ജീവൻ നഷ്ടപ്പെടരുതെന്നാണു പ്രാർഥനയെന്നും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ എക്‌സിൽ കുറിച്ചു. ഉദ്യോഗസ്ഥരെല്ലാം സ്ഥലത്തുണ്ട്. അവരുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു. കെട്ടിടം തകർന്നു വീഴുമ്പോൾ ഉഗ്ര ശബ്ദം കേട്ടതായി പ്രദേശവാസികൾ പറഞ്ഞു. തകർന്ന കെട്ടിടത്തിന്റെ മൂന്ന് നിലകളിലും ജിം പ്രവർത്തിച്ചിരുന്നതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.