ഗർഭകാലത്ത് പല കാര്യങ്ങളിലും അതീവ ശ്രദ്ധ തന്നെ വേണം. ഇതിൽ ഭക്ഷണം മാത്രമല്ല, ഗർഭകാലത്തെ ഇരിപ്പും കിടപ്പും നിൽപ്പുമെല്ലാം പെടുന്നു. ഗർഭകാലത്തെ ചെറിയ അശ്രദ്ധകൾ പലപ്പോഴും വലിയ അപകടത്തിലേയ്ക്കു നയിക്കുകയും ചെയ്യും. പണ്ടു കാലത്ത് നമ്മുടെ കുടുംബത്തിലെ മുതിർന്ന സ്ത്രീകൾ പലപ്പോഴും ഗർഭകാലത്തു ചില അരുതുകൾ വയ്ക്കാറുണ്ട്. ഇതൊക്കെ അൽപം അലോസരമുണ്ടാക്കും. ഇന്നത്തെ തലമുറ പലതും അന്ധവിശ്വാസമെന്ന പേരിൽ തള്ളിക്കളയുകയും ചെയ്യുന്നു. ഗർഭകാലത്ത് കഴിയ്ക്കുന്നതും കുടിയ്ക്കുന്നതും മാത്രമല്ല, പ്രകൃതി പോലും കുഞ്ഞിന് അനുകൂലമാകണം എന്നു പറയും. ഇതിങ്ങനെ പറയാൻ ചില കാര്യങ്ങളുമുണ്ട്. ഇതിൽ ഒരു പ്രധാന ഘടകത്തെ കുറിച്ചറിയൂ, സൗണ്ട് അഥവാ ഒച്ച അഥവാ ശബ്ദം.
ഗർഭസ്ഥ ശിശുവിന്, അതായത് വയറ്റിലെ കുഞ്ഞിന് നല്ല പാട്ടു കേൾപ്പിച്ചു കൊടുക്കുന്നതും സംസാരിയ്ക്കുന്നതുമെല്ലാം ഗുണം ചെയ്യുമെന്നു ശാസ്ത്രവും പറയുന്നു. ശാന്തമായ ശബ്ദം എന്നതു പ്രധാനമാണ്. ശാന്തവും കേൾക്കാൻ ഇമ്പമുള്ളതുമായ ശബ്ദം കുഞ്ഞിന് ഗുണം ചെയ്യുന്നതു പോലെ തന്നെ വല്ലാതെ കൂടിയ ശബ്ദം കുഞ്ഞിനെ ഭയപ്പെടുത്തുകയും ചെയ്യുന്നു. ഇത്തരം ശബ്ദം കുഞ്ഞിനെ പേടിപ്പെടുത്തും എന്നതു മാത്രമല്ല, പല തരത്തിലെ ദോഷങ്ങൾ വരുത്തുകയും ചെയ്യും. ഇത് ആജീവനാന്തകാലം കുഞ്ഞിന്റെ സ്വഭാവത്തിൽ നിഴലിയ്ക്കുകയും ചെയ്യും. ഇതിനാൽ തന്നെ ഇത്തരം കാര്യങ്ങളിൽ അമ്മമാർ ഗർഭകാലത്തു കൂടുതൽ ശ്രദ്ധിയ്ക്കണം.
ഗർഭകാലത്ത് എന്തൊക്കെ കാര്യങ്ങളിൽ ശ്രദ്ധ നൽകണമെന്ന് നോക്കാം…
ഒന്ന്…
ഗർഭിണി ആയിരിക്കുമ്പോൾ അമ്മ ചെയ്യുന്ന ഓരോ കാര്യങ്ങളും കുട്ടികളുടെ വളർച്ചയിലും പ്രധാന ഘടകമാകാറുണ്ട്. അതുകൊണ്ടുതന്നെ ഗർഭിണികൾ എപ്പോഴും സന്തോഷത്തോടെയും ആരോഗ്യത്തോടെയും ഇരിക്കാൻ ശ്രദ്ധിക്കണം.
രണ്ട്…
ഗർഭകാലത്ത് അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യതകൾ വളരെ ഏറെയാണ് അതുകൊണ്ടുതന്നെ അതീവ ശ്രദ്ധയോടെ വേണം സ്ത്രീകൾ ഓരോ കാര്യങ്ങളും ചെയ്യാൻ.
മൂന്ന്…
ഗർഭിണിയായിരിക്കുമ്പോൾ കഴിക്കുന്ന ഭക്ഷണത്തിൽ ഏറെ കരുതൽ വേണം. ഈ സമയങ്ങളിൽ ഏറ്റവും ആരോഗ്യഗുണമുള്ള, പോഷകാഹാരം കഴിക്കാൻ ശ്രമിക്കുക. പയർവർഗങ്ങൾ, നട്‌സ് തുടങ്ങി ഓരോ ഭക്ഷണം കഴിക്കുമ്പോഴും അത് ശരീരത്തിനും ആരോഗ്യത്തിനും ഏറ്റവും മികച്ചതെന്ന് ഉറപ്പുവരുത്തണം.
നാല്…
സ്ഥിരമായി ചായയും കാപ്പിയും കുടിക്കുന്നവരാണെങ്കിൽ അതിന് പകരം ജ്യൂസുകൾ കുടിക്കണം. ആപ്പിൾ, മുന്തിരി, ബീറ്റ്‌റൂട്ട്, പേരയ്ക്ക മുതലായ ജ്യൂസുകളാണ് ഏറ്റവും നല്ലത്. അതുപോലെ വെള്ളം കുടി നിർബന്ധമാക്കണം. ഗർഭകാലത്ത് യൂറിനറി ഇൻഫെക്ഷൻ ഉണ്ടാകാൻ സാധ്യത കൂടുതലായതിനാൽ വെള്ളം എപ്പോഴും കുടിക്കണം. തിളപ്പിച്ചാറ്റിയ വെള്ളമാണ് ഏറ്റവും നല്ലത്.
അഞ്ച്…
ചൂടുകാലത്താണ് ഗർഭിണികളിൽ ഏറ്റവുമധികം അസ്വസ്ഥതകൾ ഉണ്ടാകാറുള്ളത്. അമ്മയിൽ ഉണ്ടാകുന്ന ആസ്വസ്ഥതകൾ കുട്ടികളെയും ബാധിക്കുമെന്നതിനാൽ ചൂട് കാലത്ത് സ്ത്രീകൾ ഏറ്റവും ശ്രദ്ധ ചെലുത്തണം. . ഇറുകിയ കടും കളർ വസ്ത്രങ്ങൾക്ക് പകരം അയഞ്ഞ ലൈറ്റ് കളർ വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കണം.
ആറ്…
ഉറക്കം എല്ലാവർക്കും അത്യാവശ്യമാണ്. എന്നാൽ ഗർഭിണിയായിരിക്കുമ്പോൾ നന്നായി ഉറങ്ങണം. ഉറങ്ങാൻ കിടക്കുമ്പോൾ ഇടത് വശത്തോട്ട് ചരിഞ്ഞ് കിടക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
ഗർഭിണികൾ ശ്രദ്ധിക്കേണ്ടത്
- ശബ്ദഘോഷങ്ങളിൽ നിന്ന് ഒഴിഞ്ഞ് നിൽക്കുക. കാതടപ്പിക്കുന്ന വെടിക്കെട്ടുകൾ തീർത്തും ഒഴിവാക്കണം.
- ഇരുട്ട് വീണശേഷം കഴിവതും യാത്ര ഒഴിവാക്കുക. ഇരുട്ടിലെ ദൃശ്യങ്ങളും മറ്റും കണ്ട് ഭയപ്പെടാതിരിക്കാനാണിത്.
- അക്രമം, ഹൊറർ എന്നിവ നിറഞ്ഞ സിനിമകൾ ഒഴിവാക്കുക.
- മരണം നടന്ന വീട്, അപകടം നടന്ന സ്ഥലം, വേദനിപ്പിക്കുന്ന ദൃശ്യങ്ങളുള്ള ആശുപത്രി തുടങ്ങിയ അതിവൈകാരികത നിറഞ്ഞ ഇടങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കുക.
- കടുത്ത നിറമുള്ള വസ്ത്രങ്ങൾ, കടുത്ത മണമുള്ള സുഗന്ധലേപനങ്ങൾ തുടങ്ങിയവ ഉപയോഗിക്കാതിരിക്കുക.
- ചൂടുനിറഞ്ഞ അന്തരീക്ഷത്തിൽ നിന്ന് ഒഴിഞ്ഞ് നിൽക്കുക. അൽപം തണുപ്പുള്ള മേഖലയിൽ തങ്ങുന്നതാവും നല്ലത്.
- അമിതവേഗതയുള്ള വാഹനങ്ങളിൽ സഞ്ചരിക്കാതിരിക്കുക.
- ജോലി സ്ഥലത്തെ സമ്മർദങ്ങളും ടെൻഷനും വീടുകളിലെത്തുമ്പോഴെങ്കിലും ഒഴിവാക്കുക.
- മനസിന് ആനന്ദവും ശാന്തിയും പകരുന്ന സ്ഥലങ്ങൾ സന്ദർശിക്കുക. വിനോദസഞ്ചാരം ശരീരത്തിന് ദോഷമാവാത്ത വിധം നടത്തുന്നതും നല്ലതാണ്.
- മൊബൈൽഫോൺ ഉപയോഗം കുറക്കുക. റേഡിയേഷൻ പ്രശ്‌നങ്ങളുണ്ട്.
- കഠിനാധ്വാനം ചെയ്യരുത്.
- സ്വയം ശാരീരിക പീഡനങ്ങൾ ഏൽപ്പിക്കുകയോ പീഡനങ്ങൾ ഏൽക്കുകയോ ചെയ്യരുത്.
- മനസിന് സന്തോഷം തരുന്ന കാര്യങ്ങളിൽ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുക.
- ജനിക്കാൻ പോകുന്ന കുട്ടിയുടെ സുന്ദരമായ മുഖത്തെയും കളിചിരികളെയും പറ്റി നല്ല ചിന്തകൾ മനസ്സിൽ നിറയ്ക്കുക.
- മനസ്സിനിഷ്ടപ്പെട്ട സംഗീതം താഴ്ന്ന ശബ്ദത്തിൽ ആസ്വദിക്കാം.
- മനോരമ്യകഥകൾ നിറഞ്ഞ പുസ്തകം വായിക്കുകയോ, സിനിമ കാണുകയോ ചെയ്യുക.
- നല്ല സുഹൃത്തുക്കൾക്കൊപ്പം സമയം ചെലവിടുക.
- വീട്ടിലെയും കുടുംബത്തിലെയും അന്തരീക്ഷം നല്ലതായിരിക്കണം.
content highlight: pregnancy-care