വി ഡി സതീശന്‍ അഹങ്കാരിയായ നേതാവെന്ന് വെള്ളാപ്പള്ളി; സമുദായിക നേതാക്കളുടെ അഭിപ്രായത്തെ എതിർക്കാനില്ലെന്ന് രമേശ്‌ ചെന്നിത്തല | ramesh chennithala

പ്രതിപക്ഷ നേതാവിന് പക്വതയില്ലെന്നും വെറുപ്പ് വിലയ്ക്കുവാങ്ങുന്ന ആളാണെന്നും വെള്ളാപ്പള്ളി

തിരുവനന്തപുരം: സമുദായിക നേതാക്കൾ സമൂഹത്തിൽ വിലയുള്ള ആളുകളാണെന്നും അവരുടെ അഭിപ്രായത്തെ എതിർക്കാനില്ലെന്ന് രമേശ്‌ ചെന്നിത്തല. വി.ഡി. സതീശനെതിരായ എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ വിമർശനത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിപക്ഷ നേതാവിന് പക്വതയില്ലെന്നും വെറുപ്പ് വിലയ്ക്കുവാങ്ങുന്ന ആളാണെന്നും വെള്ളാപ്പള്ളി തുറന്നടിച്ചു. എസ് എന്‍ ഡി പി -എന്‍ എസ് എസ്. നേതൃത്വത്തോട് സതീശനെക്കാളും അടുപ്പം ചെന്നിത്തലയ്ക്കാണെന്നും എന്‍.എസ്.എസുമായി ചെന്നിത്തല അകന്നുനില്‍ക്കാന്‍ പാടില്ലെന്നും വെള്ളാപ്പളി പറഞ്ഞിരുന്നു. മന്നം ജയന്തിയോട് അനുബന്ധിച്ച് നടക്കുന്ന പൊതുസമ്മേളനത്തില്‍ മുഖ്യപ്രഭാഷകനായി ചെന്നിത്തലയെ ക്ഷണിച്ച എൻഎസ്എസ് നിലപാടിനെക്കുറിച്ച് പ്രതികരിക്കവേയാണ് വെള്ളാപ്പള്ളി രമേശിനെ പിന്തുണച്ചും വിഡി സതീശനെ വിമർശിച്ചും രംഗത്ത് വന്നത്.

വെള്ളാപ്പള്ളി എന്നെക്കുറിച്ച് ചില നല്ലകാര്യങ്ങൾ പറഞ്ഞു എന്നേയുള്ളൂവെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പരാമർശത്തെക്കുറിച്ച് ചെന്നിത്തലയുടെ പ്രതികരണം. ഞാൻ കെപിസിസി പ്രസിഡന്റ് ആയിരുന്നപ്പോഴും പ്രതിപക്ഷ നേതാവ് ആയിരുന്നപ്പോഴും ആഭ്യന്തര മന്ത്രി ആയിരുന്നപ്പോഴുമൊക്കെ എല്ലാ സമുദായിക സംഘടനകളുമായി നല്ല ബന്ധം പുലർത്തിയിരുന്നു. അത് ഒരു പൊതു പ്രവർത്തകന് വേണ്ട കാര്യമാണ്. എല്ലാ സാമുദായിക സംഘടനകളുമായി നല്ല ബന്ധമാണുള്ളത്. ആരെയാണ് പരിപാടിക്ക് വിളിക്കേണ്ടത് എന്നുള്ളത് അവരുടെ ഇഷ്ടമാണ്. മന്നം ജയന്തി സമ്മേളനത്തിൽ പങ്കെടുക്കുന്നതിൽ അഭിമാനമുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

കോൺഗ്രസിൽ നിന്ന് മുഖ്യമന്ത്രി സ്ഥാനാർഥി ആര് എന്നത് മാധ്യമങ്ങളുടെ ചർച്ചയാണ്. നിങ്ങൾ ചോദ്യം ചോദിച്ചതു കൊണ്ടാണ് വെള്ളാപ്പള്ളി അങ്ങനെ ഒരു ഉത്തരം പറഞ്ഞത്. ആരാണ് മുഖ്യമന്ത്രി ആകേണ്ടത് എന്ന് സംബന്ധിച്ച് സാമുദായിക സംഘടനകൾക്കും അഭിപ്രായം പറയാമെന്നും ചെന്നിത്തല പറഞ്ഞു. കെപിസിസി പുനഃസംഘടന സംബന്ധിച്ച് ഒരു ചർച്ചയും നടന്നിട്ടില്ല. തെരഞ്ഞെടുപ്പിന് മുൻപ് പാർട്ടിയെ ശക്തിപ്പെടുത്തണം, 2026 അധികാരത്തിൽ എത്തുക എന്നതാണ് കോൺഗ്രസിന്‍റെ ലക്ഷ്യം.

ശബരിമലയിൽ മാസ്റ്റർ പ്ലാനിനുള്ള പണം സർക്കാർ വേഗത്തിൽ അനുവദിക്കണം. ദേവസ്വം ബോർഡ് ജീവനക്കാരും പൊലീസ് ഉദ്യോഗസ്ഥരും നന്നായി പ്രവർത്തിക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന് അമിത് ഷായെ ഭയമാണ്. കേസ് ഉള്ളതുകൊണ്ടാണ് മുഖ്യമന്ത്രി അമിത് ഷായ്ക്കെതിരെ ഒന്നും പറയാത്തത്. വന ഭേദഗതി ബില്ലിൽ സർക്കാർ കർഷകർക്ക് ഒപ്പം നിൽക്കണം. വനപാലകർക്ക് കൂടുതൽ അധികാരം നൽകിയാൽ അത് ദോഷം ചെയ്യും. കോൺഗ്രസ് ഇത് നിയമസഭയിൽ ശക്തമായി എതിർക്കുമെന്നും ചെന്നിത്തല പറഞ്ഞു.

STORY HIGHLIGHT: vellappally natesan statement against vd satheesan