റാഞ്ചി : മെൻസ് അണ്ടർ 23 സ്റ്റേറ്റ് ട്രോഫിയിൽ കേരളത്തെ തോല്പിച്ച് ഹരിയാന. പത്ത് വിക്കറ്റിനായിരുന്നു ഹരിയാനയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളം ഇരുപത്തി ഏഴാം ഓവറിൽ വെറും 80 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഹരിയാന 7.2 ഓവറിൽ ലക്ഷ്യത്തിലെത്തി.
ബാറ്റിങ് നിര അമ്പെ പരായജപ്പെട്ടതാണ് മത്സരത്തിൽ കേരളത്തിന് തിരിച്ചടിയായത്. സ്കോർ ആറിലെത്തിയപ്പോൾ തന്നെ കേരളത്തിന് ആദ്യ വിക്കറ്റ് നഷ്ടമായി. മൂന്ന് റൺസെടുത്ത അഭിഷേക് നായരാണ് ആദ്യം പുറത്തായത്, തുടർന്നെത്തിയ വരുൺ നായനാർ രണ്ടാം പന്തിൽ തന്നെ പുറത്തായപ്പോൾ കാമിൽ അബൂബക്കർ ഒരു റൺസെടുത്ത് പുറത്തായി. ഒമർ അബൂബക്കറും ക്യാപ്റ്റൻ രോഹൻ നായരും ചേർന്നുള്ള 46 റൺസിൻ്റെ കൂട്ടുകെട്ട് കേരളത്തിന് പ്രതീക്ഷ നല്കി. എന്നാൽ ഇരുവരും പുറത്തായതോടെ കേരളത്തിൻ്റെ ബാറ്റിങ് നിര ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞു. വെറും മൂന്ന് റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ആറ് വിക്കറ്റുകളാണ് വീണത്. മധ്യനിരയെയും വാലറ്റത്തെയും പുറത്താക്കി ഭുവൻ റോഹില്ലയാണ് കേരള ബാറ്റിങ് നിരയെ തകർത്തെറിഞ്ഞത്. 8.2 ഓവറിൽ വെറും 22 റൺസ് വഴങ്ങിയാണ് ഭുവൻ ആറ് വിക്കറ്റ് വീഴ്ത്തിയത്. അനൂജ് തക്രൽ മൂന്ന് വിക്കറ്റും വീഴ്ത്തി. 31 റൺസെടുത്ത ഒമർ അബൂബക്കറും 19 റൺസെടുത്ത രോഹൻ നായരും 14 റൺസെടുത്ത ജെറിൻ പി സും മാത്രമാണ് കേരള ബാറ്റിങ് നിരയിൽ രണ്ടക്കം കടന്നത്.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഹരിയാനയ്ക്ക് ഓപ്പണർ അർഷ് രംഗയുടെ പ്രകടനമാണ് അനായാസ വിജയം ഒരുക്കിയത്. 25 പന്തിൽ 54 റൺസ് നേടിയ അർഷും 22 റൺസെടുത്ത യഷ് വർധൻ ദലാലും ചേർന്ന് എട്ടാം ഓവറിൽ ഹരിയാനയെ ലക്ഷ്യത്തിലെത്തിച്ചു
content highlight: Men’s Under-23 State Trophy