സാധാരണ ചോറും ബിരിയാണിയുമൊക്കെ കഴിച്ചു മടുത്തോ? എന്നാൽ അല്പം വ്യത്യസ്തമായി ഒരു റൈസ് തയ്യാറാക്കിയാലോ? രുചികരമായ ലെമൺ റൈസ് റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- ബസ്മതി റൈസ് – 2 കപ്പ് (400 ഗ്രാം)
- വെള്ളം- 8 കപ്പ്
- ഉപ്പ്- 3 ടീസ്പൂൺ
- എണ്ണ- 2 1/2 ടേബിൾസ്പൂൺ
- കടുക്- 1/2 ടീസ്പൂൺ
- ഉഴുന്ന്-1 ടേബിൾസ്പൂൺ
- കടലപരിപ്പ്- 1 ടേബിൾസ്പൂൺ
- കപ്പലണ്ടി- 2 ടേബിൾസ്പൂൺ
- ഉണക്കമുളക്-2 എണ്ണം
- പച്ചമുളക്- 2 എണ്ണം നീളത്തിൽ അരിഞ്ഞത്
- ഇഞ്ചി – 1/2 ഇഞ്ച് ചെറുതായി അരിഞ്ഞത്
- കറിവേപ്പില- ആവശ്യത്തിന്
- കായപ്പൊടി- കാൽ ടീസ്പൂൺ
- മഞ്ഞൾപ്പൊടി- കാൽ ടീസ്പൂൺ
- നാരങ്ങനീര് – 2 ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം
ബസ്മതി റൈസ് ഏകദേശം 30 മിനുട്ട് വരെ വെള്ളത്തിൽ കുതിർക്കുക. പിന്നീട് വെള്ളം ഊറ്റി കളയുക. അരി വേവിക്കുന്നതിനായി 8 കപ്പ് വെള്ളം ഗ്യാസിൽ വെക്കുക. തിളക്കാൻ തുടങ്ങുമ്പോൾ 3 ടീസ്പൂൺ ഉപ്പ് ചേർക്കുക. അതിലേക്ക് നേരത്തെ കുതിർത്തുവച്ച അരി ചേർക്കുക. അരി ഉടഞ്ഞു പോവാത്ത രീതിയിൽ വേവിക്കുക. വെന്തു കഴിയുമ്പോൾ വെള്ളം ഊറ്റി കളഞ്ഞ് ചോറ് മാറ്റിവയ്ക്കുക.
ഒരു പാൻ എടുത്ത് അടുപ്പിൽ വെച്ച് അതിലേക്ക് 2 1/2 ടേബിൾ സ്പൂൺ എണ്ണ ഒഴിക്കുക. എണ്ണ ചൂടായതിന് ശേഷം 1/2 ടീസ്പൂൺ കടുക് ഇടുക. കടുക് പൊട്ടിയതിന് ശേഷം ഉഴുന്ന് ഇടുക. കടലപരിപ്പ് ഒരു ടേബിൾസ്പൂൺ, രണ്ട് ടേബിൾ സ്പൂൺ കപ്പലണ്ടി, 2 ഉണക്കമുളക് എന്നിവ ചേർത്ത് നന്നായി ഇളക്കി റോസ്റ്റ് ചെയ്യുക. ഇതിലേക്ക് പച്ചമുളക് രണ്ടെണ്ണം, 1/2 ഇഞ്ച് ഇഞ്ചി ചെറുതായി അരിഞ്ഞത്, അൽപ്പം കറിവേപ്പില എന്നിവ ചേർത്ത് ഇളക്കുക.
കായപ്പൊടി കാൽ ടീസ്പൂൺ, മഞ്ഞൾപ്പൊടി കാൽ ടീസ്പൂൺ എന്നിവ ചേർത്ത് തീ ഓഫ് ചെയ്ത് ഇളക്കി യോജിപ്പിക്കുക. ഒന്ന് ചൂടാറിയ ശേഷം 2 ടേബിൾസ്പൂൺ നാരങ്ങ നീര് ചേർക്കുക. 1 1/2 ടീസ്പൂൺ ഉപ്പ് ചേർക്കുക. നന്നായി യോജിപ്പിക്കുക ശേഷം നേരത്തെ മാറ്റിവെച്ച ചോറ് ഇടുക. മല്ലിയിലയും ചേർത്ത് മീഡിയം തീയിൽ ഒന്നുകൂടി വേവിക്കുക. 5 മിനുട്ടിന് ശേഷം തീ ഓഫ് ചെയ്ത് ഇറക്കിവയ്ക്കുക.