Kerala

കുടിവെള്ളം ശേഖരിക്കാൻ പോകവേ വള്ളം മറിഞ്ഞ് അപകടം; യുവതിയ്ക്ക് ദാരുണാന്ത്യം, മകൻ നീന്തി കയറി രക്ഷപ്പെട്ടു | boat overtuned

കുടിവെള്ളം ശേഖരിക്കാൻ മറുകരയിലേക്ക് പോയപ്പോഴാണ് അപകടം

കൊല്ലം: കുടിവെള്ളം ശേഖരിക്കാൻ പോകവേ വള്ളം മറിഞ്ഞ് യുവതി മരിച്ചു. കൊല്ലം പുത്തൻതുരുത്ത് സ്വദേശി സന്ധ്യയാണ് മരിച്ചത്. വള്ളം മറിഞ്ഞതോടെ മകൻ നീന്തി കയറി രക്ഷപ്പെട്ടു. വള്ളത്തിൽ കുടിവെള്ളം ശേഖരിക്കാൻ മറുകരയിലേക്ക് പോയപ്പോഴാണ് അപകടം ഉണ്ടായത്.

തുരുത്തിൽ കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ മറു കരയിൽ നിന്നാണ് പ്രദേശവാസികൾ വെള്ളമെടുക്കുന്നത്. ഇന്ന് വെള്ളം എടുക്കാനായി മറുകരയിലേക്ക് വള്ളത്തിൽ പോയതായിരുന്നു സന്ധ്യ. മീൻപിടിക്കാനും കുടിവെള്ളമെടുക്കാനും വേണ്ടി മകനൊപ്പമാണ് സന്ധ്യ പോയത്. ഇരുവരും സഞ്ചരിച്ച വള്ളം കെട്ടിയിട്ടിരുന്ന ബോട്ടിൽ ഇടിച്ച് മറിയുകയായിരുന്നു. സന്ധ്യയ്ക്ക് നീന്തലറിയില്ലായിരുന്നു. വള്ളം മറിഞ്ഞതോടെ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും സന്ധ്യയുടെ ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ സന്ധ്യയുടെ മകൻ രക്ഷപ്പെട്ടു. നീന്തൽ അറിയാവുന്നത് കൊണ്ടാണ് മകൻ രക്ഷപ്പെട്ടതെന്ന് സന്ധ്യയുടെ ബന്ധുക്കൾ പറഞ്ഞു.

വറയിൽ പൈപ്പിൻ്റെ പണി നടക്കുന്നതിനാൽ ഈ പ്രദേശത്ത് വെള്ളക്ഷാമം നേരിടുകയാണ്. ആയിരത്തോളം വീടുകളാണ് ഇവിടെ താമസിക്കുന്നത്. പൈപ്പ് വെള്ളമാണ് ഏക ആശ്രയം. കഴിഞ്ഞ ഞായറാഴ്ച്ചയാണ് കുടിവെള്ളം വന്നത്. അതിന് ശേഷം ഇതുവരേയും വെള്ളമെത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ് സന്ധ്യ മകനൊപ്പം വെള്ളമെടുക്കാൻ മറുകരയിലേക്ക് പോയത്. സന്ധ്യയുടെ മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

STORY HIGHLIGHT: boat overtuned kollam