Kerala

അവാർഡുകൾ നേടിയതുകൊണ്ട് മാത്രം കാര്യമില്ല, ഭരണം നിലനിർത്തണമെങ്കിൽ വേണ്ടത് ജനപിന്തുണ; തലസ്ഥാന നഗരസഭയ്ക്ക് സിപിഎം തിരുവനന്തപുരം സമ്മേളനത്തിൽ വിമർശനം | mayor arya rajendran

നഗരസഭയുടെ പ്രവര്‍ത്തനങ്ങളില്‍ തിരുത്തല്‍ വരുത്തിയില്ലെങ്കില്‍ 2025-ല്‍ ഭരണത്തില്‍ തിരിച്ചുവരാനാകില്ലെന്നും സമ്മേളനം

തിരുവനന്തപുരം: തലസ്ഥാന നഗരസഭയുടെ പ്രവർത്തനങ്ങളിൽ വിമർശനവുമായി പാർട്ടി ജില്ലാ സമ്മേളനം. അവാർഡുകൾ നേടിയതുകൊണ്ട് മാത്രം കാര്യമില്ല എന്നും ഭരണം നിലനിർത്തണമെങ്കിൽ ജനങ്ങളുടെ പിന്തുണയാണ് വേണ്ടതെന്നും സിപിഎം പ്രതിനിധികൾ പറയുന്നു.

നഗരസഭയുടെ നിലവിലെ പ്രവര്‍ത്തനങ്ങള്‍ തിരഞ്ഞെടുപ്പിനെ പ്രതികൂലമായി ബാധിക്കുമോയെന്ന ആശങ്കയുണ്ട്. നഗരസഭയുടെ പ്രവര്‍ത്തനങ്ങളില്‍ തിരുത്തല്‍ വരുത്തിയില്ലെങ്കില്‍ 2025-ല്‍ ഭരണത്തില്‍ തിരിച്ചുവരാനാകില്ലെന്നും സമ്മേളനം വിലയിരുത്തി. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കൂടുതല്‍ മികച്ച പ്രവര്‍ത്തനം നഗരസഭയുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

റോഡുകള്‍, കുടിവെള്ള പ്രശ്‌നം, മാലിന്യ സംസ്‌കരണം തുടങ്ങിയ വിഷയങ്ങളില്‍ പരാതി ഉണ്ടാകുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കണം. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ തുക അനുവദിക്കണം. നിലവില്‍ പ്രഖ്യാപനങ്ങള്‍ അല്ലാതെ ഫണ്ട് ലഭിക്കുന്നില്ലെന്നും സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നു.

എന്നാല്‍ മേയര്‍ ആര്യ രാജേന്ദ്രനെ പിന്തുണച്ച് ഒരുവിഭാഗം പ്രവര്‍ത്തകര്‍ എത്തിയിട്ടുണ്ട്. മേയറിനെ യു.ഡി.എഫും ബി.ജെ.പിയും വളഞ്ഞിട്ട് ആക്രമിക്കുകയാണ്. ഇവര്‍ക്കെതിരെ മാധ്യമങ്ങളില്‍ പോലും പ്രചാരവേലകള്‍ നടക്കുകയാണ്. അതുകൊണ്ടുതന്നെ നഗരസഭ ചെയ്യുന്ന കാര്യങ്ങള്‍ പോലും ജനങ്ങളിലേക്ക് എത്തുന്നില്ലെന്നും ആര്യ രാജേന്ദ്രന്‍ അനുകൂല പക്ഷം ചൂണ്ടിക്കാട്ടുന്നു.

STORY HIGHLIGHT: tvm cpm criticizes corporation performance in dist conference