World

പേടിച്ചാൽ പിന്നെ കണ്ണ് കാണില്ല..; ഹൂതികളെ പേടിച്ച് അമേരിക്കൻ സൈന്യം ചെങ്കടലിൽ വെടിവച്ചിട്ടത് സ്വന്തം വിമാനം | US NAVY

നാവിക സേനയുടെ എഫ് എ 18 വിമാനമാണ് തകർന്നത്

ചെങ്കടലിൽ ഹൂത്തി വിമതരെ ലക്ഷ്യമിട്ടുള്ള നിരീക്ഷണത്തിനിടയിൽ അമേരിക്കൻ നാവികസേനക്ക് പറ്റിയത് വമ്പൻ അബദ്ധം. ചെങ്കടലിലെ പരീക്ഷണ പറക്കലിനിടെ സ്വന്തം വിമാനം വെടിവെച്ചിട്ടിരിക്കുകയാണ് യുഎസ് നേവി. നാവിക സേനയുടെ എഫ് എ 18 വിമാനമാണ് തകർന്നത്. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും ജീവനോടെ രക്ഷപ്പെട്ടതായാണ് അമേരിക്കൻ നാവിക സേന വിശദമാക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി അമേരിക്ക അറിയിച്ചു.

ഹാരി എസ് ട്രൂമാൻ വിമാനവാഹിനി കപ്പലിൽ നിന്ന് പറന്നുയർന്ന എഫ്എ 18 സൂപ്പർ ഹോർണറ്റെന്ന യുദ്ധ വിമാനത്തിനു നേരെ ​ഗെറ്റിസ്ബർ​ഗ് എന്ന മറ്റൊരു യുഎസ് യുദ്ധവിമാനമാണ് വെടിയുതിർത്തത്. അപകടം മണത്ത വിമാനത്തിൽ ഉണ്ടായിരുന്ന പൈലറ്റുമാർ ഉടൻ തന്നെ താഴേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. ഇതിൽ ഒരാൾക്ക് പരുക്കേറ്റിട്ടുണ്ട്. ഇറാൻ പിന്തുണയോടെ യെമനിലെ ഹൂതി വിമതർ ചെങ്കടലിൽ നടത്തുന്ന ആക്രമണങ്ങൾ തടയാൻ പട്രോളിംഗ് നടത്തുന്നതിനിടയിലാണ് സംഭവം.

ഇക്കഴിഞ്ഞ നവംബറിൽ മാസത്തിൽ രണ്ട് അമേരിക്കൻ യുദ്ധക്കപ്പലുകൾക്ക് യെമനിലെ ഹൂതികൾ വ്യോമാക്രമണം നടത്തിയിരുന്നു. അവരുടെ വിമാനം വീണ്ടും ആക്രമണത്തിന് എത്തിയെന്ന് തെറ്റിദ്ധരിച്ചാണ് വെടിവച്ചിട്ടതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ എതു സാഹചര്യത്തിലാണ് ഇത്തരമൊരു അബദ്ധം പിണഞ്ഞതെന്ന് അമേരിക്കൻ സൈന്യം ഇനിയും വ്യക്താക്കിയിട്ടില്ല. അമേരിക്കൻ യുദ്ധക്കപ്പലുകൾക്ക് നേരെ എട്ട് ആളില്ലാ വിമാനങ്ങളും അഞ്ച് ആന്റി ഷിപ്പ് ബാലിസ്റ്റിക് മിസൈലുകളും മൂന്ന് ആന്റി ഷിപ്പ് ക്രൂസ് മിസൈലുകളും ഉപയോഗിച്ചായിരുന്നു ഹൂതി ആക്രമണം.

ഗാസയിൽ ഇസ്രയേൽ-ഹമാസ് യുദ്ധം ആരംഭിച്ചതുമുതൽ യുഎസ് ഈ മേഖലയിൽ നാവികസേനാ യുദ്ധക്കപ്പലുകളുടെ സ്ഥിര സാന്നിധ്യം നിലനിർത്തിയിട്ടുണ്ട്. യെമനിലെ ഹൂതി കേന്ദ്രങ്ങൾക്ക് നേരെ യുഎസ് വ്യോമാക്രമണം നടത്തിയെന്ന് നേരത്തെ അറിയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറിൽ ഇസ്രയേൽ ഗാസയിൽ ആക്രമണം ആരംഭിച്ചതിന് പിന്നാലെ 100ലേറെ ചരക്കുകപ്പലുകളാണ് ഹൂതികളുടെ ആക്രമണം നേരിട്ടത്.

STORY HIGHLIGHT: us navy shot down own plane in the red sea