Business

സ്റ്റാർബക്സ് ഇന്ത്യ വിടുന്നു ? ടാറ്റ ​ഗ്രൂപ്പിന്റെ മറുപടി ഇങ്ങനെ

പ്രമുഖ അമേരിക്കൻ ബ്രാൻഡ് ആയ സ്റ്റാർബക്സ് ഇന്ത്യയിൽ പ്രവർത്തനം തുടരില്ലെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നിരുന്നു. വില അൽപ്പം കൂടിയാലും പത്രാസിനൊട്ടും കുറവില്ലാത്ത ഇടമാണ് അന്താരാഷ്ട്ര ബ്രാൻഡായ സ്റ്റാർബക്സ്. ഐടി, ടെക് ലോകത്ത് സ്റ്റാർബക്‌സിനുള്ള പ്രചാരം ചില്ലറയല്ല. ലോകത്തെ തന്നെ ഏറ്റവും പ്രശസ്തമായ കഫേ ശൃംഖലകളിൽ ഒന്നാണ് സ്റ്റാർബക്‌സ്. ഇന്ത്യയിൽ ടാറ്റ ഗ്രൂപ്പിന്റെ എഫ്എംസിജി കമ്പനിയായ ടാറ്റ കൺസ്യൂമർ പ്രൊഡക്ട്‌സ് ലിമിറ്റഡുമായി സഹകരിച്ചാണ് ബ്രാൻഡ് പ്രവർത്തിച്ചുവരുന്നത്.

സ്റ്റാർബക്‌സ് എന്ന ബ്രാൻഡിൽ ഇന്ത്യയിൽ കഫേ ശൃംഖല നടത്തുന്ന യുഎസ് ആസ്ഥാനമായുള്ള സ്റ്റാർബക്‌സ് കോർപ്പറേഷൻ ഇന്ത്യൻ വിപണി ഉപേക്ഷിക്കാൻ ഒരുങ്ങുന്നുവെന്നാണ് അടുത്തിടെ പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ ഇതുസംബന്ധിച്ച് ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ് പ്രസ്താവന ഇറക്കിയിരിക്കുകയാണ് ഇപ്പോള്‍. റിപ്പോര്‍ട്ടുകള്‍ ‘അടിസ്ഥാനരഹിതം’ എന്നാണ് അറിയിച്ചുകൊണ്ട് ഇന്ത്യയിൽ തുടരുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ടാറ്റ ഗ്രൂപ്പ് കമ്പനിയായ ടാറ്റ കൺസ്യൂമർ പ്രൊഡക്ട്. ഇന്ത്യയിലെ ഉയർന്ന പ്രവർത്തനച്ചെലവ് നഷ്ടം കൂട്ടുന്നതായും ഇതു മുൻനിർത്തി ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കാൻ ആലോചിക്കുന്നതായുമുള്ള റിപ്പോർട്ടുകളെത്തുടർന്നാണ് വിശദീകരണം. അന്താരാഷ്ട്ര കോഫി ബ്രാൻഡായ സ്റ്റാർബക്സ് ടാറ്റ കൺസ്യൂമർ പ്രൊഡക്ട്‌സുമായി ചേർന്നാണ് ഇന്ത്യയിൽ പ്രവർത്തിക്കുന്നത്. ടാറ്റ സ്റ്റാർ ബക്സിന് രാജ്യത്ത് 75 നഗരങ്ങളിലായി 460 സ്റ്റോറുകളാണുള്ളത്. 2028-ഓടെ സ്റ്റോറുകളുടെ എണ്ണം 1,000 ആയി ഉയർത്താനായിരുന്നു പദ്ധതി.

2012 ഒക്ടോബറിലാണ് ടാറ്റയുമായി ചേർന്ന് സ്റ്റാർബക്‌സ് ഇന്ത്യയിൽ എത്തിയത്. ഇന്ത്യയിലെ ആദ്യത്തെ സ്റ്റാർബക്‌സ് സ്റ്റോർ മുംബൈയിലെ എൽഫിൻസ്റ്റൺ ബിൽഡിംഗിലാണ് ആരംഭിച്ചത്. തുടർന്ന് ശൃംഖല അതിവേഗം വളർന്നു പന്തലിച്ചു. ഇതിനു കാരണം ഹോളിവുഡ് സിനിമകളിലും മറ്റും സ്റ്റാർബക്‌സിനു ലഭിച്ച സ്വീകാര്യത കൂടിയായിരുന്നു.

ഇക്കഴിഞ്ഞ സെപ്റ്റംബർ പ്രകാരം 70 നഗരങ്ങളിലായി 457 സ്റ്റോറുകൾ സ്റ്റാർബക്സിനുണ്ട്. 2028 സാമ്പത്തിക വർഷത്തോടെ സ്‌റ്റോറുകളുടെ എണ്ണം 1,000 ആക്കാൻ കമ്പനി ലക്ഷ്യമിട്ടിരുന്നു. ഇതിനിടെയാണ് പുതിയ ആശങ്ക പടർന്നിരിക്കുന്നത്. 2024 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ പ്രവർത്തന വരുമാനം 12 ശതമാനം ഉയർന്ന് 1,218.06 കോടി രൂപയായി. ഇപ്പോൾ എന്തായാലും സ്റ്റാർബക്‌സ് കഫേ ശൃംഖല വികസിപ്പിക്കുന്നതിലാണ് ശ്രദ്ധയെന്നും, ലാഭം നോക്കുന്നില്ലെന്നും ടാറ്റ കൺസ്യൂമർ പ്രൊഡക്ട്‌സ് ലിമിറ്റഡ് എംഡിയും സിഇഒയുമായ സുനിൽ ഡിസൂസ പറയുന്നു. എന്നാൽ ഈ സമീപനം എത്രനാൾ തുടരാൻ സാധിക്കുമെന്നു കണ്ടറിയണം.

Tags: Starbucks