Saudi Arabia

ഉദ്യാനപരിപാലകന്റെ ജോലിയെന്ന്​ പറഞ്ഞെത്തിച്ചു; കൊണ്ടുപേയിട്ടത് മരുഭൂമിയിൽ ആടിനെ നോക്കാൻ; ഒന്നര വർഷത്തെ ‘ആടുജീവിതത്തിന്’ ശേഷം അമ്മാസി നാടണഞ്ഞു | ammasi saudi

മലയാളി നൽകിയ വിസയിൽ ഒന്നര വർഷം മുമ്പാണ് ഇയാൾ സൗദിയിൽ എത്തിയത്

റിയാദ്​: ‘നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകൾ ആണ്’- ബെന്യാമിന്റെ ആടുജീവിതത്തിൽ എഴുതിയിരിക്കുന്ന ഈ വരികൾ സത്യം തന്നെയാണ്. മരുഭൂമിയിൽ അകപ്പെട്ടുപോയ നിരവധി ആളുകളുടെ കഥകൾ പുറംലോകം അറിയുമ്പോൾ പലതും നമുക്ക് ഉൾക്കൊള്ളാൻ പോലും കഴിയാറില്ല. നജീബിന്റെ കഥയും അത്തരത്തിൽ ഒന്നായിരുന്നു. വലിയ കമ്പനിയിലെ ജോലിക്ക് എന്നു പറഞ്ഞു പോയിട്ട് മരുഭൂമിയിൽ ആടിനെ നോക്കേണ്ടി വന്ന നജീബ് എല്ലാവർക്കും ഒരു നോവ് ആയിരുന്നു. ഇപ്പോൾ ഇതാ അത്തരത്തിൽ മറ്റൊരു ആളുടെ കഥ കൂടിയാണ് പുറത്തുവരുന്നത്. തോട്ടക്കാരന്റെ ജോലി എന്ന് പറഞ്ഞ് എത്തിച്ചിട്ട് ഒന്നരവർഷം മരുഭൂമിയിൽ ഇയാൾ അനുഭവിച്ചത് കൊടിയ ദുരിതമാണ്. തമിഴ്നാട് സ്വദേശിയായ അമ്മാസിയാണ് ഒടുവിൽ എംബസിയും സാമൂഹിക പ്രവർത്തകരും രക്ഷകരായപ്പോൾ നാടണഞ്ഞത്.

പൂന്തോട്ടം പരിപാലകന്റെ ജോലി എന്ന വ്യാജേന ഒരു മലയാളി നൽകിയ വിസയിൽ ഒന്നര വർഷം മുമ്പാണ് ഇയാൾ സൗദിയിൽ എത്തിയത്. എന്നാൽ സ്പോൺസർ വിജനമായ മരുഭൂമിയിൽ പാറക്കെട്ടിന്‍റെ താഴ്വരയിൽ 150ഓളം ആടുകളെ മേക്കുന്ന ജോലിയാണ്​ ഏൽപ്പിച്ചത്​. ജോലി ഭാരവും സ്പോൺസറുടെ ഉപദ്രവവും കാരണം കുടുംബം ഏഴ്​ മാസം മുമ്പ് ചില സാമൂഹിക പ്രവർത്തകർ വഴി ഇന്ത്യൻ എംബസിയിൽ പരാതി നൽകിയിരുന്നു. ഖത്തറിലുള്ള ബന്ധു സൗദിയിലുള്ള സുഹൃത്ത് ബഷീറുമായും ജിദ്ദയിലുള്ള അലി മങ്കടയുമായും കാര്യങ്ങൾ സംസാരിച്ചു. കുടുംബം രണ്ട് മാസം മുമ്പ് വീണ്ടും ഇന്ത്യൻ എംബസിയിൽ നേരിട്ടും പരാതി അയച്ചു. ഇതി​ന്‍റെ അടിസ്ഥാനത്തിൽ എംബസി ഈ വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തി അമ്മാസിയെ രക്ഷിക്കാൻ വേണ്ടത്​ ചെയ്യാൻ പൊതുപ്രവർത്തകനായ സിദ്ധീഖ്​ തുവ്വൂരിനെ ചുമതലപ്പെടുത്തി.

അടുത്ത ദിവസം തന്നെ റിയാദിൽനിന്ന് 450 കിലോമീറ്റർ ദൂരെയുള്ള ആ പ്രദേശത്തെ പൊലീസ് സ്​റ്റേഷനിലെത്തി. വിവരങ്ങൾ കേട്ടറിഞ്ഞ പൊലീസുദ്യോഗസ്ഥർ​ സ്പോൺസറെ വിളിച്ച്​ തൊഴിലാളിയെ ഉടൻ സ്​റ്റേഷനിൽ ഹാജരാക്കാൻ ആവശ്യപ്പെട്ടു. എന്നാൽ താൻ സ്ഥലത്തില്ലെന്നും അടുത്ത ദിവസം വരാമെന്നുമായിരുന്നു സ്​പോൺസറുടെ മറുപടി. സ്​റ്റേഷനിൽനിന്ന് പൊലീസുദ്യോഗസ്ഥരും സിദ്ധീഖും കൂടി അമ്മാസി അയച്ച ലൊക്കേഷൻ നോക്കി മണിക്കൂറുകൾ നീണ്ട സാഹസിക യാത്ര നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല.

എന്നാൽ അടുത്ത ദിവസം സ്പോൺസർ അമ്മാസിയുമായി പൊലീസ് സ്​റ്റേഷനിലെത്തി. ഉദ്യോഗസ്ഥർ സംസാരിച്ച അടിസ്ഥാനത്തിൽ ശമ്പള കുടിശ്ശിക നൽകി രണ്ടാഴ്ചക്കുള്ളിൽ നാട്ടിലയക്കാമെന്നേറ്റു. ഓക്ടോബർ അവസാനം ഫൈനൽ എക്സിറ്റ് വിസ ഇഷ്യു ചെയ്തെങ്കിലും നാട്ടിലേക്കയച്ചില്ല. പൊലീസും എംബസിയും സിദ്ധീഖും നിരന്തരം സ്പോൺസറെ ബന്ധപ്പെട്ടു. ഒടുവിൽ സ്​പോൺസർ അമ്മാസിക്ക്​ നാട്ടിലേക്കുള്ള വഴി തുറന്നുകൊടുത്തു. കഴിഞ്ഞ ദിവസം ബു​റൈദ എയർപോർട്ട് വഴി നാടണഞ്ഞു. ഫൈസൽ, അസ്കർ, യൂസുഫ്, സന്തോഷ് എന്നിവരും വിവിധ ഘട്ടങ്ങളിൽ ഈ ദൗത്യത്തിന്‍റെ ഭാഗമായി.

STORY HIGHLIGHT: ammasis goat life in saudi desert