കുവൈത്ത് സിറ്റി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കുവൈത്തിന്റെ പരമോന്നത ബഹുമതി. ബയാൻ കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ കുവൈത്ത് അമീർ ‘മുബാറക് അൽ കബീർ’ ബഹുമതി മോദിക്കു സമ്മാനിച്ചു. സൗഹൃദത്തിന്റെ അടയാളമായി സമ്മാനിക്കുന്ന ബഹുമതിയാണിത്. രാജ്യത്തിനു കിട്ടിയ ബഹുമതിയാണിതെന്നു മോദി പറഞ്ഞു. യുഎസ് പ്രസിഡന്റായിരുന്ന ബിൽ ക്ലിന്റൻ, ജോർജ് ബുഷ്, ബ്രിട്ടനിലെ രാജാവായ ചാൾസ് എന്നിവർക്കു നേരത്തേ ‘മുബാറക് അൽ കബീർ’ ബഹുമതി ലഭിച്ചിട്ടുണ്ട്.
കുവൈത്ത് ഭരണാധികാരികളുമായി പ്രധാനമന്ത്രി ചർച്ച നടത്തി. ഇന്ത്യയുടെ നൈപുണ്യവും സാങ്കേതികവിദ്യയും നൂതനാശയങ്ങളും മാനവശേഷിയും കുവൈത്തിനു മോദി വാഗ്ദാനം ചെയ്തു. അമീർ ഷെയ്ഖ് മിഷാൽ അൽ അഹ്മദ് അൽ സബാഹിന്റെ അതിഥിയായി എത്തിയ മോദിക്ക് വൻ വരവേൽപാണു നൽകിയത്.
ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ, ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസഫ് അൽ സബാഹിന്റെ നേത്യത്വത്തിലുള്ള ഉന്നതതല സംഘം അദ്ദേഹത്തെ വിമാനത്താവളത്തിൽ സ്വീകരിച്ചു. 43 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യയുടെ പ്രധാനമന്ത്രി കുവൈത്ത് സന്ദർശിക്കുന്നത്.
content highlight: narendra-modi-awarded-kuwaits-highest-honor