Automobile

ഇനി പെട്രോളടിച്ച് കാശ് കളയേണ്ട, ഒറ്റ ചാർജിൽ 153 കിലോ മീറ്റർ ; ചേതക് ഇവിയുമായി ബജാജ്

പെട്രോൾ വില ഉയർന്നു നിൽക്കുന്ന സമയത്ത് ഇലക്‌ട്രിക് സ്‌കൂട്ടർ ഒരെണ്ണാം വാങ്ങിയാൽ കൊള്ളാമെന്ന് ആഗ്രഹിക്കാത്തവരായി ആരും തന്നെ ഇപ്പോഴുണ്ടാകില്ല. 106 രൂപ കൊടുത്ത് ഒരു ലിറ്ററടിച്ചാൽ പരമാവധി ഓടാനാവുന്നത് 60 കിലോമീറ്ററായിരിക്കും. അതേസമയം ഇവിയാണെങ്കിൽ ഫുൾ ചാർജിൽ 100 കിലോമീറ്ററിലധികം കൊണ്ടുനടക്കാനുമാവും. പെട്രോളടിക്കുന്ന പകുതി പൈസ പോലുമാവില്ല ചാർജ് ചെയ്യാൻ എന്നതാണ് പലരേയും മോഹിപ്പിക്കുന്ന കാര്യം. ബജാജും ടിവിഎസും ഹോണ്ടയും പോലുള്ള പ്രമുഖ ബ്രാൻഡുകളെല്ലാം വൈദ്യുത വാഹന നിർമാണത്തിലേക്ക് കടക്കുകയും ചെയ്‌തിരിക്കുന്നതിനാൽ വിശ്വസിച്ച് വാങ്ങാനുമാവും. ഇപ്പോഴിതാ ബജാജ് ഓട്ടോ ലിമിറ്റഡ് തങ്ങളുടെ ഇലക്‌ട്രിക് ബൈക്കായ ചേതക് 35 സീരീസ് ഇന്ത്യയിൽ അവതരിപ്പിച്ചു.

ചേതക് 3501, ചേതക് 3502, ചേതക് 3503 എന്നീ മോഡലുകളാണ് 35 സീരീസിൽ അവതരിപ്പിച്ചിരിക്കുന്നത്. നിരവധി ഫീച്ചറുകളുമായാണ് കമ്പനി പുതിയ സീരീസ് അവതരിപ്പിച്ചിരിക്കുന്നത്. പുതിയ ചേതക് 35 സീരീസ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഓൺലൈനിലോ ഇന്ത്യയിലെ 200 അംഗീകൃത ബജാജ് ഡീലർഷിപ്പുകൾ വഴി ബുക്ക് ചെയ്യാനാകും.

പുതിയ ഇലക്‌ട്രിക് സ്‌കൂട്ടർ അതിൻ്റെ മുൻ മോഡലിനേക്കാൾ ഭാരം കുറഞ്ഞതാണ്. ചേതക് 35 സീരീസിൽ ബാറ്ററിയെ സംരക്ഷിക്കുന്നതിനായി ബാറ്ററി പാക്കിന് ചുറ്റും കൂടുതൽ മെറ്റൽ ഷീറ്റുകൾ കൊണ്ട് ആവരണം നൽകിയിട്ടുണ്ട്. മുൻ മോഡലുകളേക്കാൾ കൂടുതൽ നീളമുള്ള സീറ്റുകളാണ് 35 സീരീസിൽ നൽകിയിരിക്കുന്നത്. 725 എംഎം നീളമുള്ള സീറ്റാണ് നൽകിയിരിക്കുന്നത്. പുതിയ മോഡലിന് മുൻ മോഡലുകളേക്കാൾ 80 എംഎം നീളം അധികമാണ്. സർക്യൂട്ട് സുരക്ഷയ്ക്കായി പുതിയ ഐഫ്യൂസും ഇലക്ട്രിക് മോട്ടോറിനും കൺട്രോളറുകൾക്കുമായി പുതിയ കൂളിങ് ലേഔട്ടും നൽകിയിട്ടുണ്ട്.

ചേതക് 3502 മോഡലിന് 1.20 ലക്ഷം രൂപയും 3501 മോഡലിന് 1.27 ലക്ഷം രൂപയുമാണ് വില. 3503 മോഡലിന്‍റെ വില ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. 4.2 കിലോ വാട്ടിന്‍റെ ​​ഇലക്ട്രിക് മോട്ടോറാണ് ചേതക് 35 സീരീസിൽ നൽകിയിരിക്കുന്നത്. ഇതിന് 5.6 ബിഎച്ച്‌പി പവർ ഉത്പാദിപ്പിക്കാനാകും. മണിക്കൂറിൽ 73 കിലോമീറ്റർ വേഗത കൈവരിക്കാൻ വാഹനത്തിനാകും. ഇക്കോ, സ്‌പോർട്ട് എന്നിങ്ങനെ രണ്ട് റൈഡിങ് മോഡുകളിൽ ചേതക് 35 സീരീസ് ലഭ്യമാകും.