Travel

സസ്യജന്തുജാലങ്ങളാൽ സമ്പന്നം; വെള്ളക്കടുവകളുടെ തറവാട് ബാന്ധവ്ഘര്‍ ! | Bandhavgarh is the home of white tigers

രിവാ പ്രവിശ്യയിലെ രജപുത്ര രാജാക്കന്മാര്‍ക്ക് നായാട്ട് കേളിയുടെ പ്രിയസങ്കേതമായിരുന്നു ഈ വനാന്തരങ്ങള്‍

വിന്ധ്യാപര്‍വ്വത നിരയുടെ താഴ്വാരങ്ങളിലാണ് ബാന്ധവ്ഘര്‍ എന്ന വനഭൂമി. കേവലം ഒരു വനമെന്ന ശീര്‍ഷകത്തിന് കീഴില്‍ ഒതുങ്ങുന്നതല്ല ബാന്ധവ്ഘര്‍. വൃക്ഷങ്ങളുടെ നിബിഢതയും സസ്യജന്തുക്കളുടെ വകഭേദങ്ങളും വിവിധങ്ങളായ പറവകളും അരുവിയും കുളിരും കൂട്ടിനുള്ള ഒരു മാതൃകാവനം എന്നതിലുപരി വന്യസൗന്ദര്യത്തിന്റെ അപൂര്‍വ്വ ജനുസ്സായ വെള്ളക്കടുവകളുടെ ആവാസകേന്ദ്രമാണിത്. ലോകത്തെങ്ങുമുള്ള മൃഗശാലകളിലെ വെള്ളക്കടുവകളുടെ താഴ്വര ചികഞ്ഞാല്‍ ചെന്നെത്തുന്നത് ബാന്ധവ്ഘര്‍ വനത്തിലാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.

രിവാ പ്രവിശ്യയിലെ രജപുത്ര രാജാക്കന്മാര്‍ക്ക് നായാട്ട് കേളിയുടെ പ്രിയസങ്കേതമായിരുന്നു ഈ വനാന്തരങ്ങള്‍. വനത്തെ തന്റെ അധീശത്വത്തിന്റെ വരുതിയിലാക്കി ഇന്നും തലയെടുപ്പോടെ നിലകൊള്ളുന്ന പഴയ കോട്ട അതിന് തെളിവാണ്. മൃഗയാ വിനോദത്തിന്റെ പറുദീസയായി ഒരുകാലത്ത് ലോകം മുഴുവന്‍ ഇതറിയപ്പെട്ടിരുന്നു. ഈ രാജകീയ വിനോദം ഇന്നൊരു ഓര്‍മ്മ മാത്രമാണ്. വേട്ടക്കാരുടെ തോക്കിന്‍ മുനയില്‍ നിന്ന് കടുവകളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ഊര്‍ജ്ജിതമായ നടപടികള്‍ കൈകൊണ്ടതിന്റെ ഫലമായി ദേശീയോദ്യാനത്തിലെ ഈ വി.ഐ.പികള്‍ക്ക് ആശ്വാസകരമായ തോതില്‍ വംശവര്‍ദ്ധനവുണ്ടാകുന്നുണ്ട്.

വിപുലമായ ഒരു ജൈവവൈവിധ്യത്തെ ഉള്‍കൊള്ളുന്ന ബാന്ധവ്ഘറിന് 1968 ല്‍ ദേശീയോദ്യാനം എന്ന അംഗീകാരം ലഭിച്ചു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കടുവകള്‍ വസിക്കുന്ന സംരക്ഷിത വനം എന്ന അസൂയാര്‍ഹമായ സ്ഥാനലബ്ധിയുടെ ഗര്‍വ്വുമായാണ് ഇത് പരിലസിക്കുന്നത്. കടുവകള്‍ക്ക് പുറമെ സമൃദ്ധമായ തോതില്‍ പുള്ളിപ്പുലികളും മാനുകളുടെ നിരവധി വംശങ്ങളും ആരണ്യകങ്ങളില്‍ മാത്രം കാണപ്പെടുന്ന അസുലഭ ജീവജാതികളും ഇവിടെയുണ്ട്. ഇരുനൂറ്റിയന്‍പതോളം പറവജാതികളും മുപ്പത്തിഏഴ് ഇനം സസ്തനികളും കുഞ്ഞുപതംഗങ്ങളില്‍ ഒരു വര്‍ണ്ണവിസ്മയം പേറുന്ന എണ്‍പതോളം ഇനം ചിത്രശലഭങ്ങളും നാനാജാതി ഉരഗങ്ങളും ചേര്‍ന്ന് ഈ പാര്‍ക്കിനെ ഒരു ദൃശ്യവിസ്മയമാക്കുന്നുണ്ട്. അലഞ്ഞുനടക്കുന്ന കാട്ടുപൂച്ചകളും ഇവയ്ക്ക് പുറമെ ഇവിടെയുണ്ട്.

സാല്‍, ദോബിന്‍, സാല, സജ എന്നീ വൃക്ഷങ്ങളടങ്ങിയ സസ്യലോകവും ഇതിനകത്തുണ്ട്. ഈ വൃക്ഷപ്രപഞ്ചവും ജന്തുജാലങ്ങളുമടങ്ങുന്ന ബാന്ധവ്ഘര്‍ ചുറ്റിക്കാണാന്‍ മൂന്ന് രാപ്പകലുകളെങ്കിലും കുറഞ്ഞത് വേണ്ടിവരും. പ്രകൃതിയുമായി താദാത്മ്യം പ്രാപിക്കുവാനും രൌദ്രസൌന്ദര്യത്തിന്റെ പ്രതീകങ്ങളായ കടുവകളെയും വന്യതയുടെ നൈസര്‍ഗ്ഗിക ചാരുതയെയും അടുത്തറിയുവാന്‍ ഈ സമയദൈര്‍ഘ്യം ആവശ്യമാണ്. വിന്ധ്യാപര്‍വ്വതനിരയ്ക്ക് ഒരുപാട് മലയടിവാരങ്ങളുണ്ട്. ചെറുതും ചേതോഹരവുമായ പുല്‍തകിടികളിലേക്കാണ് ഇവയോരോന്നും ചെന്നെത്തുന്നത്. നാട്ടുകാര്‍ക്കിടയില്‍ ‘ബൊഹേര’ എന്നാണ് ഈ പുല്‍മേടുകളുടെ പേര്. ഇത്തരമൊരു മലയടിവാരത്തിലാണ് ബാന്ധവ്ഘര്‍ കോട്ട നിലയുറപ്പിച്ചിട്ടുള്ളത്. ഈ കോട്ടയും അതിന്റെ താഴ്വാരഭംഗിയും കണ്ണെടുക്കാനാവാത്ത കാഴ്ചകളാണെന്ന് ഏതൊരു സഞ്ചാരിയും ഒരു ഞൊടിയില്‍ സമ്മതിക്കും.

മധ്യപ്രദേശിലെ പ്രധാന സഞ്ചാരകേന്ദ്രമാണ് ബാന്ധവ്ഘര്‍ നാഷണല്‍ പാര്‍ക്ക്. പാര്‍ക്കിലെ ഏറ്റവും താഴ്ന്ന പ്രദേശത്ത് താല എന്നപേരില്‍ മനോഹരമായ ഒരിടമുണ്ട്. ഈ പാര്‍ക്ക് തന്നെയാണ് ബാന്ധവ്ഘര്‍ ടൂറിസത്തിന്റെ നെടുംതൂണ്. ഇത്തരത്തില്‍ ഒന്‍പത് നാഷണല്‍ പാര്‍ക്കുകളും ഇരുപത്തിയഞ്ചോളം വന്യമൃഗ വിഹാരകേന്ദ്രങ്ങളും മധ്യപ്രദേശിന്റെ അഭിമാനമായി ഈ സംസ്ഥാനത്തിലുണ്ട്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കടുവകളുടെ സാന്നിദ്ധ്യമുള്ള ഈ സംസ്ഥാനം ടൈഗര്‍ സ്റ്റേറ്റ് എന്നറിയപ്പെടുന്നതില്‍ ഒട്ടും അതിശയോക്തിയില്ല. ബാന്ധവ്ഘര്‍ കുന്ന്, നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഗുഹകള്‍, മനോജ്ഞമായ താലാ ഗ്രാമം, പാര്‍ക്കിന്റെയും ചുറ്റുമുള്ള പ്രകൃതിയുടെയും ഉപരിവീക്ഷണത്തിന് ഉതകുന്ന ക്ളൈമ്പേഴ്സ് പോയിന്റ്, ഘര്‍പുരി ഡാം, ശേഷശയ്യ എന്ന പേരില്‍ മഹാവിഷ്ണുവിന്റെ ഒരതികായ പ്രതിമ, കാടിന്റെ സംഗീതത്തെ പ്രതിധ്വനിപ്പിക്കുന്ന ഗോരാദെമോന്‍ വെള്ളച്ചാട്ടം എന്നിങ്ങനെ ബാന്ധവ്ഘര്‍ ടൂറിസം ഒരു ദൃശ്യാനുഭവമാണ്. വ്യതിരിക്തവും അനുഭൂതിദായകവുമായ കാഴ്ചകളുടെ മോഹന സമ്മേളനമാണ്. പൊയ്പോയ യുഗങ്ങളുമായി സംവദിക്കാന്‍ വഗേല മ്യൂസിയം സന്ദര്‍ശകര്‍ക്ക് വാതായനങ്ങള്‍ തുറന്നിട്ടിട്ടുണ്ട്.

ഹിന്ദുസ്ഥാനി – പേര്‍ഷ്യന്‍ സംസ്കൃതികളുടെ സമ്പന്നമായ ഒരു സങ്കലന ചരിതം മധ്യപ്രദേശിന് പറയാനുണ്ട്. ഇവിടത്തെ പാചകകലകളില്‍ അതിന്റെ പ്രതിഫലനം വേണ്ടുവോളമുണ്ട്. കൊതിയൂറുന്ന ആ രുചിവൈവിദ്ധ്യം ഒന്നനുഭവവേദ്യമാക്കാതെ ബാന്ധവ്ഘര്‍ സന്ദര്‍ശനം പൂര്‍ണ്ണമാവില്ല. ഭുട്ടെ കി കീസ്, മാവാ ബനി ഖബാബ്, ഖൊപ് രപക് എന്നിവ ഏറെ മധുരതരമായ മധ്യേന്ത്യന്‍ വിഭവങ്ങളാണ്. വ്യോമ, റെയില്‍, റോഡുകള്‍ വഴി ബാന്ധവ്ഘറില്‍ അനായാസം ചെന്നെത്താം. സമീപസ്ഥമായ വിമാനത്താവളവും റെയില്‍വേസ്റ്റേഷനും ജബല്‍പൂരിലാണ്. ഈ സ്ഥലം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയാണ്.

STORY HIGHLIGHTS : bandhavgarh-is-the-home-of-white-tigers