Health

ഹൃദയാഘാതം; ശരീരം പ്രകടിപ്പിക്കുന്ന ഈ സൂചനകൾ നിസാരമാക്കരുത് – signs and symptoms before a heart attack

ലോകത്ത് ഏറ്റവും കൂടുതൽ ആളുകളെ മരണത്തിലേക്ക് നയിക്കുന്ന ഒരു രോഗവസ്ഥയാണ് ഹൃദയാഘാതം അഥവാ ഹാർട്ട് അറ്റാക്ക്. ചെറുപ്പക്കാരിൽ പോലും ഹൃദയാഘാതം സാധാരണയായി കണ്ടുവരുന്നു. പെട്ടന്നാണ് പലരിലും ഹാർട്ട് അറ്റാക്ക് ഉണ്ടാകുന്നത്. എന്നാൽ ഹാർട്ട് അറ്റാക്ക് നേരത്തെ തന്നെ നിങ്ങൾക്ക് തിരിച്ചറിയാൻ സാധിക്കുമെന്നാണ് വിദഗ്‌ധർ പറയുന്നത്. ചില കാര്യങ്ങൾ കൃത്യമായി ശ്രദ്ധിച്ചാൽ ഹാർട്ട് അറ്റാക്ക് തടയാനും ജീവൻ സംരക്ഷിക്കാനും സാധിക്കുമെന്നാണ് വിദഗ്‌ധരുടെ അഭിപ്രായം.

ദീർഘകാലം കൊണ്ടാണ് രക്തധമനികളിൽ തടസ്സം രൂപപ്പെടുന്നത്. ഇങ്ങനെ തടസ്സമുണ്ടായി രക്തക്കുഴലിന്റെ ഉൾവ്യാസം കുറയുമ്പോൾ രക്തമൊഴുക്കു കുറയും. ഹൃദയപേശിക്ക് ആവശ്യത്തിനു രക്തം ലഭിക്കാതെ വന്നു ഹൃദയാഘാതത്തിൽ അവസാനിക്കുന്നു. ഹൃദയം ഇടതുവശത്തായി സ്ഥിതി ചെയ്യുന്നതുകൊണ്ട് ഇടതുവശത്തെ വേദന മാത്രമാണ് ഹൃദയാഘാതത്തിന്റേതെന്ന് എന്നൊരു തെറ്റിധാരണ പലർക്കുമുണ്ട്. എന്നാൽ, നെഞ്ചിന്റെ നടുവിലെ അസ്വസ്ഥതയായും ഹൃദയാഘാതത്തിന്റെ വേദന അനുഭവപ്പെടാം.

നെഞ്ചിലെ അസ്വസ്ഥത: ഹാർട്ട് അറ്റാക്കിന്‍റെ ഏറ്റവും പ്രധാനവും സാധാരണവുമായ ലക്ഷണമാണ് നെഞ്ചിന്‍റെ ഭാഗങ്ങളിലുണ്ടാകുന്ന അസ്വസ്ഥത. നെഞ്ചുവേദന, ഭാരം, നെഞ്ചിന്‍റെ നടുഭാഗത്തോ ഇടതുഭാഗത്തോ അനുഭവപ്പെടുന്ന ഇറുക്കം, ഞെരുക്കം തുടങ്ങിയവ ഹാർട്ട് അറ്റാക്കിന്‍റെ ലക്ഷണങ്ങളാണ്.

വിയർപ്പ്: ശരീരം വിയർക്കുന്നത് സാധാരണയാണ്. എന്നാൽ പ്രത്യക്ഷമായ കാര്യങ്ങൾ ഇല്ലാതെ നിങ്ങൾ അമിതമായി വിയർക്കുന്നുവെങ്കിൽ ഇത് അറ്റാക്കിന്‍റെ സൂചനയാകാം. ഹൃദയത്തിലേക്ക് ആവശ്യമായ രക്തം എത്താതെ വരുമ്പോൾ ശരീരം അമിതമായി വിയർക്കാൻ തുടങ്ങും. മാത്രമല്ല ചിലരിൽ ദഹന പ്രശ്‌നങ്ങൾ, ഓക്കാനം തടുങ്ങിയ ലക്ഷണങ്ങളും കണ്ടുവരുന്നതായി വിദഗ്‌ധർ പറയുന്നു.

തലകറക്കം: കാരണങ്ങൾ ഇല്ലാതെ ഇടയ്ക്കിടെ തലകറക്കം അനുഭവപ്പെടുകയായെങ്കിൽ അത് അവഗണിക്കരുതെന്ന് ഡോക്‌ടർമാർ പറയുന്നു. തലകറക്കം, തലവേദന, നെഞ്ചുവേദന, കുറഞ്ഞ രക്തസമ്മർദ്ദം തുടങ്ങിയവ ഹൃദയാഘാതത്തിൻ്റെ സൂചനകളാകാം.

വർദ്ധിച്ച ഹൃദയമിടിപ്പ്: ഹൃദയത്തിന് ആവശ്യമായ രക്തം ലഭിക്കാതെ വരുമ്പോൾ ഹൃദയമിടിപ്പ് വർധിക്കുന്നത് സ്വാഭാവികമാണ്. ഹാർട്ട് അറ്റാക്ക് ഉണ്ടാകുന്നതിന് ദിവസങ്ങൾക്ക് മുൻപേ ഹൃദയമിടിപ്പ് വർധിക്കുന്നതായി അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് അവഗണിക്കാതിരിക്കേണ്ടത് പ്രധാനമാണ്.

ശ്വാസതടസം: ശ്വസിക്കാൻ ബുദ്ധിമുട്ട് നേരിടുന്നതും ഹാർട്ട് അറ്റാക്കിനെ സൂചിപ്പിക്കാം. നടക്കുമ്പോഴോ ഉറങ്ങുമ്പോഴോ ശ്വാസതടസം അനുഭവപ്പെടുന്നുണ്ടെകിൽ അവഗണിക്കാതിരിക്കുക. ഇതും ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട ഒരു പ്രധാന ലക്ഷണമാണ്.

കൂടാതെ കൈക്കു വേദന, പരവേശം തുടങ്ങിയ പല ലക്ഷണങ്ങളും ഹൃദയാഘാത സൂചനയായി കാണുന്നു. ഇവയെല്ലാം നിസ്സാരമാക്കി കളയാതെ വളരെ ഗൗരവമുള്ള വിഷയമായി പരിഗണിക്കേണ്ടത് വളരെ അത്യാവശ്യമാണ്.

STORY HIGHLIGHT: signs and symptoms before a heart attack