കോഴിക്കോട്: ചോദ്യക്കടലാസ് ചോർച്ചയിൽ എംഎസ് സൊലൂഷൻസ് ഉടമ മുഹമ്മദ് ഷുഹൈബിനോട് നാളെ ചോദ്യം ചെയ്യലിനു ഹാജരാകാൻ ക്രൈംബ്രാഞ്ച് നിർദേശം. ഇയാൾ ഒളിവിൽ പോയതിനാൽ വീട്ടിലാണ് ക്രൈംബ്രാഞ്ച് നോട്ടിസ് നൽകിയത്. എംഎസ് സൊലൂഷൻസിലെ ജീവനക്കാരെയും ചോദ്യം ചെയ്യാനുള്ള തയാറെടുപ്പിലാണ് പൊലീസ്. ഇവിടെ ക്ലാസെടുത്തിരുന്ന അധ്യാപകരെയും ചോദ്യം ചെയ്യും. ഇയാളുടെ സ്ഥാപനത്തിൽ നിന്നു പിടികൂടിയ ലാപ്ടോപ്, ഹാർഡ് ഡിസ്ക്, വീട്ടിൽ നിന്നു പിടികൂടിയ മൊബൈൽ ഫോൺ എന്നിവ ക്രൈംബ്രാഞ്ച് കോടതിക്കു കൈമാറി.
ഇവയിലെ നിർണായകമായ പല വിവരങ്ങളും ഡിലീറ്റ് ചെയ്യപ്പെട്ടതായി സംശയമുണ്ട്. ഫോണിലെ വാട്സാപ് സന്ദേശങ്ങൾ നീക്കം ചെയ്ത നിലയിലാണ്. ഇവ തിരിച്ചെടുക്കാനാണു ഫൊറൻസിക് ലാബിലേക്കു കൈമാറുന്നത്. അതേസമയം നാളെ ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷയും കോഴിക്കോട് ജില്ലാ കോടതിയുടെ മുന്നിലെത്തും. കഴിഞ്ഞ ക്രിസ്മസ് പരീക്ഷ, ഈ വർഷത്തെ ഓണപ്പരീക്ഷ, ക്രിസ്മസ് പരീക്ഷ എന്നിവയുടെ ചോദ്യ പേപ്പറുകൾ ചോർന്നതായാണു പരാതി.