തിരുവനന്തപുരം: തൃശൂർ പൂരം കലക്കലിൽ ഡിജിപി തള്ളിക്കളഞ്ഞ എംആർ അജിത് കുമാറിൻ്റെ റിപ്പോർട്ടിൻ്റെ പകർപ്പ് പുറത്ത്. റിപ്പോർട്ടിൽ തിരുവമ്പാടി ദേവസ്വത്തിന് രൂക്ഷ വിമർശനമാണുള്ളത്. ദേവസ്വത്തിലെ ചിലർ ഗൂഢാലോചന നടത്തിയെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് പൂരനാളിൽ ബോധപൂർവം കുഴപ്പമുണ്ടാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു.
ബിജെപിയുടെ പേര് പറയാതെയാണ് അജിത് കുമാറിന്റെ റിപ്പോർട്ട്. പൂരം കലക്കാൻ ദേവസ്വത്തിലെ ചിലർ ഗൂഢാലോചന നടത്തി. നിയമപരമായി സാധ്യമാകാത്ത കാര്യങ്ങൾ ദേവസ്വം ആവശ്യപ്പെട്ടുകൊണ്ടിരുന്നു. അവലോകന യോഗങ്ങളിൽ അടക്കം ദേവസ്വം ഈ ആവശ്യങ്ങൾ മുന്നോട്ടുവച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിലെ വിശദാംശങ്ങൾ നേരത്തെ പുറത്തു വന്നിരുന്നു. അജിത് കുമാറിന്റെ ഈ റിപ്പോർട്ട് ഡിജിപി നേരത്തെ തള്ളിയിരുന്നു. വീഴ്ച ഉണ്ടാകുമ്പോൾ അജിത് കുമാർ എന്ത് ചെയ്തെന്നായിരുന്നു ഡിജിപിയുടെ വിമർശനം. പൂരം കലക്കലിൽ തൃതല അന്വേഷണമാണ് ഒടുവിൽ സർക്കാർ പ്രഖ്യാപിച്ചത്.