കടകളിലും മറ്റും വറുത്തുകോരുന്ന എണ്ണ കണ്ടിട്ടില്ലേ ? അതിന്റെ കളർ കണ്ടാൽ അറിയാം കാലപ്പഴക്കം എത്രയാണെന്ന്. ഒന്നിലേറെ തവണ ഒരേ എണ്ണ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന് നമുക്കറിയാം. പക്ഷേ ഈ എണ്ണ പിന്നീട് എന്തു ചെയ്യും ? അത്തരത്തിൽ പാചക എണ്ണയെ ജൈവ ഡീസൽ ആക്കി മാറ്റാൻ സാധിക്കും. എന്നാൽ ഈ പ്രക്രിയകൾ നടക്കുന്നത് ഉയർന്ന താപനിലയിലാണ്. കൂടാതെ ഗ്ലിസറിൻ, സോപ്പ് എന്നിവയും ഉപോൽപ്പന്നങ്ങളായി ഉണ്ടാക്കാൻ സാധിക്കും. ഇവയെല്ലാം ശുദ്ധീകരിക്കുന്നതിനും മറ്റുമായി ധാരാളം ഊർജ്ജവും പണവും ചെലവാകും. എന്നാൽ പാചക എണ്ണയെ കുറഞ്ഞ താപനിലയിൽ ജൈവ ഡീസൽ ആക്കി മാറ്റാനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകർ.
അമേരിക്കയിലെ സ്റ്റാൻഡ് ക്രൂസ സർവകലാശാലയിലെ രസതന്ത്രം ഗവേഷകരാണ് ഇത്തരത്തിൽ കുറഞ്ഞ താപനിലയിൽ പാചക എണ്ണയെ ജൈവ ഡീസൽ ആക്കി മാറ്റാനുള്ള സാങ്കേതികവിദ്യക്ക് പിന്നിൽ. റസ്റ്ററന്റിൽ നിന്നും ശേഖരിച്ച പാചകയെണ്ണ, സോയബീൻ എണ്ണ, ചോളത്തിന്റെ എണ്ണ, മൃഗക്കൊഴുപ്പ് എന്നിവയിലാണിവർ പരീക്ഷണം നടത്തിയത്. സോഡിയം ടെട്രോമീതോക്സീബോറോറ്റ് എന്ന രാസവസ്തുവാണ് ഇതിനായി ഉപയോഗിച്ചത്. ഇത് പാചകയെണ്ണയെ ജൈവഡീസലാക്കി മാറ്റാൻ സഹായിക്കുന്നു. പണവും ഊർജവും സമയവും ഈ കണ്ടുപിടിത്തതിലൂടെ ലാഭിക്കാൻ കഴിഞ്ഞുവെന്നതാണ് ഏറ്റവും വലിയ നേട്ടം.
40 ഡിഗ്രി സെൽഷ്യസിന് താഴ്ന്ന താപനിലയിൽ ഒരു മണിക്കൂറിനുള്ളിൽ തന്നെ രാസപ്രവർത്തനം നടന്നു. ഉപോൽപന്നങ്ങൾ ഖരാവസ്ഥയിലായിരുന്നതിനാൽ വേർതിരിച്ചെടുക്കാനും എളുപ്പമായിരുന്നു. പാചകയെണ്ണയുടെ 85 ശതമാനത്തെയും വ്യവസായികാവശ്യത്തിനായി മാറ്റിയെുക്കാൻ കഴിഞ്ഞു. ഈ പ്രവർത്തനത്തിന് ഒരു റിഫൈനറി വേണമെന്നാവശ്യമില്ല. ഒരു ഫാമിലും ഇത് പ്രവർത്തിപ്പിക്കാം എന്നാണ് ഇതിന് നേതൃത്വം നൽകിയവർ പത്രക്കുറിപ്പിൽ പറഞ്ഞിരിക്കുന്നത്. അമേരിക്കൻ കെമിക്കൽ സൊസൈറ്റി ജേണൽ എനർജി ആൻഡ് ഫ്യുവൽസ് എന്ന പ്രസിദ്ധീകരണത്തിലാണ് ഗവേഷണഫലങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
അമേരിക്കയിൽ 3 ലക്ഷം ബാരൽ ഡീസലാണ് 2022ൽ ഒരു ദിവസം ഉപയോഗിച്ചിരിക്കുന്നതായി കണക്കുകൾ കാണിക്കുന്നത്. ഇത് രാജ്യത്തെ ആകെ ഊർജ ഉപഭോഗത്തിന്റെ 75% ആണ്. അമേരിക്കയിലെ ഗതാഗതമേഖലയിൽ 2002ൽ ഉപയോഗിച്ച ആകെ ഊർജ വിഭവങ്ങളിൽ 6 ശതമാനം മാത്രമാണ് ജൈവ ഇന്ധനങ്ങൾ. സസ്യയെണ്ണയിൽ നിന്നും ഉൽപാദിപ്പിക്കുന്ന ഡീസൽ പുനരുപയോഗിക്കുന്നതാണ്. ഇപ്പോൾ അമേരിക്കയിൽ ഉപയോഗിക്കുന്ന 60 ശതമാനം ജൈവഡീസലും സോയാബീൻ എണ്ണയിൽ നിന്നാണ് ഉൽപാദിപ്പിക്കുന്നതാണ്.
CONTENT HIGHLIGHT: biodiesel from cooking oil