India

പണമുള്ള രണ്ടാംകെട്ടുകാരുടെ ഭാര്യയായ ശേഷം സ്വർണവും പണവുമായി മുങ്ങും; യുവതി പിടിയിൽ

സമ്പന്നരെ വിവാഹം കഴിച്ച് സ്വർണവും പണവുമായി മുങ്ങുന്ന യുവതി പൊലീസ് പിടിയിൽ. സീമ അഗർവാൾ എന്ന ഡെറാഡൂൺ സ്വദേശിനിയാണ് അറസ്റ്റിലായത്. രണ്ടാം വിവാഹം തേടുന്ന സാമ്പത്തിക ശേഷിയിൽ മുന്നിട്ട് നിൽക്കുന്ന പുരുഷന്മാരെ മാട്രിമോണിയൽ ആപ്പിലൂടെ പരിചയപ്പെടുകയും പിന്നീട് വിവാഹം കഴിക്കുകയുമാണ് യുവതിയുടെ രീതി. വിവാ​ഹം കഴിഞ്ഞ് മൂന്നോ നാലോ മാസം ഭർത്താവിനൊപ്പം കഴിയും. ഇതിനിടയിൽ യുവതി വീട്ടുകാരുടെ മുഴുവൻ വിശ്വാസം നേടിയെടുക്കുകയും ചെയ്യും.

എന്നാൽ, പിന്നീട് വീട്ടിലുള്ള മുഴുവൻ സ്വർണവും പണവും തട്ടിയെടുത്ത് യുവതി അപ്രത്യക്ഷയാകും. നിരവധി പേരാണ് യുവതിയുടെ തട്ടിപ്പിനിരകളായതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ജയ്പൂരിലെ പ്രശസ്തനായ ജ്വല്ലറി ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ രാജസ്ഥാൻ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് യുവതി കുടുങ്ങിയത്. ഭർതൃവീട്ടുകാരുടെ വിശ്വാസം സമ്പാദിച്ച ശേഷം 30 ലക്ഷത്തിന്‍റെ സ്വർണവും 6.5 ലക്ഷം രൂപയുമെടുത്ത് കടന്നുകളഞ്ഞെന്നായിരുന്നു പരാതി. കഴിഞ്ഞ വർഷം ജൂലൈയിലാണ് ജ്വല്ലറി ഉടമ പരാതി നൽകിയത്. മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ ജയ്പൂർ പൊലീസ് യുവതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ അമിത് കുമാർ പറഞ്ഞു. നേരത്തെയും യുവതി ചില വ്യവസായികളെയും നല്ല ശമ്പളമുള്ള യുവാക്കളെയും പറ്റിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

ഭാര്യമാർ മരിച്ചുപോയവരോ വിവാഹ മോചനം നേടിയവരോ ആയ സമ്പന്നരെയാണ് യുവതി ഇരകളാക്കിയിരുന്നത്.