ബേക്കറിയിൽ അതേ സ്വാദിൽ എഗ്ഗ് പഫ്സ് ഇനി വീട്ടിൽ തയ്യാറാക്കിയാലോ? വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന എഗ്ഗ് പഫ്സ് റെസിപ്പി.
ആവശ്യമായ ചേരുവകൾ
- എണ്ണ-2 ടേബിൾ സ്പൂൺ
- ഇഞ്ചി-1 ടീസ്പൂൺ അരിഞ്ഞത്
- വെളുത്തുള്ളി -1 ടീസ്പൂൺ അരിഞ്ഞത്
- പച്ചമുളക് -2 എണ്ണം നീളത്തിൽ അരിഞ്ഞത്
- സവാള- അരിഞ്ഞത് 3 എണ്ണം
- ഉപ്പ്-ആവശ്യത്തിന്
- മഞ്ഞൾപ്പൊടി- കാൽ ടീസ്പൂൺ
- മുളകുപൊടി-1 ടീസ്പൂൺ
- മല്ലിപ്പൊടി-1 ടീസ്പൂൺ
- ഗരംമസാലപ്പൊടി-3/4 ടീസ്പൂൺ
- തക്കാളി -1 എണ്ണം അരിഞ്ഞത്
- മുട്ട പുഴുങ്ങിയത് -5 എണ്ണം
- പഫ്സ് ഷീറ്റ് -ആവശ്യത്തിന്
- മുട്ട-1 എണ്ണം
തയ്യാറാക്കുന്ന വിധം
ആദ്യമായി മുട്ടമസാല തയ്യാറാക്കണം. അതിനായി ഒരു പാൻ തീയിൽ വയ്ക്കുക. ശേഷം പാൻ ചൂടാവുമ്പോൾ 2 ടേബിൾ സ്പൂൺ എണ്ണ ഒഴിക്കുക. എണ്ണ ചൂടായി വരുമ്പോൾ 1 ടീസ്പൂൺ ഇഞ്ചി, 1 ടീസ്പൂൺ വെളുത്തുള്ളി അരിഞ്ഞത് ചേർക്കുക. പച്ചമുളക് 2 എണ്ണം നീളത്തിൽ അരിഞ്ഞത് ചേർക്കുക. നന്നായി ഇളക്കുക. ഇതിലേക്ക് 3 സവാള അരിഞ്ഞത് ചേർക്കുക. ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി വഴറ്റിയതിന് ശേഷം കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, 1 ടീസ്പൂൺ മുളകുപൊടി, 1 ടീസ്പൂൺ മല്ലിപ്പൊടി, 3/4 ടീസ്പൂൺ ഗരംമസാലപ്പൊടി എന്നിവ ചേർത്ത് നന്നായി ഇളക്കുക.
അതിലേക്ക് 1 തക്കാളി അരിഞ്ഞത് ചേർക്കുക. തക്കാളി വേവുന്നത് വരെ കുറച്ച് വെള്ളം ചേർത്ത് മസാല ഒരു മിനിറ്റ് അടച്ചു വെക്കുക. തീ ഓഫ് ചെയ്യുുക. മുട്ട പുഴുങ്ങിയത് രണ്ടായി മുറിച്ച് മാറ്റിവെക്കുക. പഫ്സ് ഷീറ്റ് എടുത്ത് ചതുരത്തിൽ കട്ട് ചെയ്ത് അതിലേക്ക് നേരത്തെ തയ്യാറാക്കിയ മസാലയും മേലെ മുട്ടയും വച്ച് നാല് വശവും വെള്ളം പുരട്ടി മടക്കുക. ശേഷം ഒരു മുട്ട പൊട്ടിച്ച് നന്നായി ബീറ്റ് ചെയ്യുക.
ഒരു ഇഡ്ഡ്ലി തട്ട് എടുത്ത് എണ്ണ പുരട്ടുക. അതിലേക്ക് പഫ്സ് വെച്ചുകൊടുക്കുക. ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായതിന് ശേഷം സ്റ്റാൻ്റ് വെച്ച് അതിന് മുകളിൽ ഇഡ്ഡ്ലി തട്ട് വെക്കുക. അതിനു മുകളിൽ നേരത്തെ ബീറ്റ് ചെയ്ത മുട്ട ഓരോ പഫ്സിന് മുകളിലും പുരട്ടി കൊടുക്കുക. ശേഷം മൂടി വച്ച് 20 മിനുട്ടിൽ മീഡിയം ഫ്ളേമിലും ഹൈഫ്ളേമിലുമായി തീ കത്തിച്ച് വേവിച്ചെടുക്കുക. രുചിയൂറും എഗ്ഗ് പഫ്സ് റെഡി.