ഇന്ത്യൻ ഓവർസീസ് ബാങ്കിൽ കോടികളുടെ വൻ കവർച്ച. ഇന്ത്യൻ ഓവർസീസ് ബാങ്കിൻറെ ലഖ്നൗവിലെ ചിൻഹാട്ടിലുള്ള ശാഖയിൽ ശനിയാഴ്ച രാത്രിയാണ് മോഷണം നടന്നത്. ഭിത്തി തുരന്ന് അകത്തു കടന്ന സംഘം മുന്നറിയിപ്പ് സംവിധാനമായ അലാറം കേടുവരുത്തിയ ശേഷമാണ് മോഷണം നടത്തിയത്. നാല് പേരുടെ ദൃശ്യം ക്യാമറയിൽ പതിഞ്ഞു. രണ്ട് മണിക്കൂറോളം സംഘം ബാങ്കിനുള്ളിലുണ്ടായിരുന്നുവെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി. ഇലക്ട്രിക് കട്ടർ ഉപയോഗിച്ചാണ് ഭിത്തി തുരന്നത്. രണ്ടരയടി വീതിയിൽ ദ്വാരമുണ്ടാക്കിയാണ് അകത്തുകടന്നത്. ലോക്കറിൽ നിന്ന് കൃത്യമായി എത്ര രൂപയുടെ ആഭരണങ്ങൾ പോയെന്നത് വ്യക്തമല്ല. കോടിക്കണക്കിന് രൂപയുടെ ആഭരണങ്ങൾ ആ 30 ലോക്കറുകളിലായി സൂക്ഷിച്ചിരുന്നു എന്നാണ് വിവരം.
ഞായറാഴ്ച ബാങ്കിന് അവധിയായിരുന്നതിനാൽ മോഷണം നടന്നത് ആരും അറിഞ്ഞില്ല. അടുത്തുള്ള ഫർണിച്ചർ കടയുടെ ഉടമയാണ് ബാങ്കിൻറെ മതിലിലെ ദ്വാരം ശ്രദ്ധിച്ചത്. തുടർന്ന് പൊലീസിൽ അറിയിച്ചു. ഡോഗ് സ്ക്വാഡ് സംഘവും ചിൻഹട്ട് പൊലീസും സ്ഥലത്തെത്തി അന്വേഷണം നടത്തി. ബാങ്ക് മാനേജരിൽ നിന്ന് മോഷണത്തെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് ഡിസിപി ശശാങ്ക് സിംഗ് പറഞ്ഞു. ഫോറൻസിക്, ഡോഗ് സ്ക്വാഡ് സംഘങ്ങൾ അന്വേഷണം നടത്തിവരികയാണ്. നാലു പേർ ബാങ്കിൽ കടന്നതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ബാങ്കിൽ സുരക്ഷാ ജീവനക്കാരൻ ഉണ്ടായിരുന്നില്ല. അലമാരയിൽ സൂക്ഷിച്ചിരുന്ന 12 ലക്ഷം രൂപ അവിടെ തന്നെയുണ്ടെന്ന് ബാങ്ക് മാനേജർ സന്ദീപ് സിങ് പറഞ്ഞു.