Kerala

മലയാളി സൈനികൻ്റെ തിരോധാനം; പ്രത്യേക സംഘത്തെ രൂപീകരിച്ച് അന്വേഷണം നടക്കുന്നുണ്ടെന്ന് മന്ത്രി എ കെ ശശീന്ദ്രൻ

മലയാളി സൈനികൻ വിഷ്ണുവിൻ്റെ തിരോധാനത്തിൽ പ്രതികരണവുമായി മന്ത്രി എ കെ ശശീന്ദ്രൻ. പ്രത്യേക സംഘത്തെ രൂപീകരിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അന്വേഷണസംഘം പൂനെയിലേക്ക് പുറപ്പെട്ടു. എന്നാൽ തിരോധാനവുമായി ബന്ധപ്പെട്ട് പൊലീസിന് ഇപ്പോൾ ഒരു നിഗമനത്തിൽ എത്താൻ കഴിഞ്ഞിട്ടില്ല. കോഴിക്കോട് കമ്മീഷണർ ജമ്മുവിലെയും പൂനെയിലെയും ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി ആശയ വിനിമയം നടത്തുന്നുണ്ടെന്നും മന്ത്രി എകെ ശശീന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.

പൂനെയില്‍ ജോലി ചെയ്തുവരികയായിരുന്ന വിഷ്ണുവിനെ അന്വേഷിച്ച് സൈബര്‍ വിദഗ്ധനുള്‍പ്പെടെയുള്ള സംഘമാണ് പൂനെയിലേക്ക് പോയത്. എലത്തൂര്‍ എസ്‌ഐക്കാണ് നാലംഗ ടീമിന്റെ ചുമതല. മഹാരാഷ്ട്ര പൊലീസുമായി ഇവര്‍ ബന്ധപ്പെട്ടുവെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ ദിവസം അമ്മയെ വിളിച്ച് കണ്ണൂരെത്തിയെന്ന് പറഞ്ഞ വിഷ്ണുവിന്റെ മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ ശേഖരിച്ചപ്പോള്‍ അവസാന ടവര്‍ ലൊക്കേഷന്‍ കണ്ണൂരല്ലെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. വിഷ്ണുവിന്‍റെ അവസാന ടവർ ലൊക്കേഷൻ പൂനെയിലെ ലോണാവാലയിലാണെന്നാണ് കണ്ടെത്തൽ. ഇതോടെയാണ് അന്വേഷണ സംഘം പൂനെയിലേക്ക് തിരിക്കാൻ തീരുമാനിച്ചത്. കോഴിക്കോട് എരഞ്ഞിക്കല്‍ കണ്ടംകുളങ്ങര ചെറിയകാരംവള്ളി സുരേഷിന്റെ മകനായ വിഷ്ണുവിനെ കഴിഞ്ഞ ബുധനാഴ്ച മുതല്‍ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കളാണ് പൊലീസില്‍ പരാതി നല്‍കിയത്.