Kerala

ബേക്കറി ജീവനക്കാരിയായ വീട്ടമ്മയെ കടന്നുപിടിച്ചു, കൂടെ താമസിക്കാൻ വന്നില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിയും; യുവാവ് അറസ്റ്റിൽ

വീട്ടമ്മയെ കടന്നുപിടിച്ച യുവാവ് പൊലീസ് പിടിയിൽ. ആറ്റിൻപുറം സ്വദേശി ഷിജുവാണ് പിടിയിലായത്. തിരുവനന്തപുരം പനവൂരിൽ ഈമാസം പന്ത്രണ്ടാം തീയതിയാണ് സംഭവം നടക്കുന്നത്. ബേക്കറി ജീവനക്കാരിയായ വീട്ടമ്മ തനിക്കൊപ്പം താമസിക്കണം എന്ന് പറഞ്ഞായിരുന്നു യുവാവ് അതിക്രമം നടത്തിയത്. വീട്ടമ്മയായ യുവതി ജോലിചെയ്യുന്ന ബേക്കറിയിലെത്തിയ പ്രതി യുവതിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. തനിക്കൊപ്പം താമസിക്കാൻ വന്നില്ലെങ്കിൽ യുവതിയെയും ഭർത്താവിനെയും കൊല്ലുമെന്നായിരുന്നു ഷിജുവിന്‍റെ ഭീഷണി. തുടർന്ന് ഇയാൾ യുവതിയെ കയറിപ്പിടിക്കുകയായിരുന്നു. നാട്ടുകാർ ഇടപെട്ടതോടെ ഇയാൾ ബേക്കറിയിൽ നിന്നും രക്ഷപ്പെടുകയായിരുന്നു. തുടർന്നാണ് യുവതി നെടുമങ്ങാട് പൊലീസിൽ പരാതി നൽകിയത്. പൊലീസ് കേസെടുത്തതോടെ ഷിജു ഒളിവിൽ പോയി. അന്വേഷണത്തിനൊടുവിൽ പനവൂരിലെ വനപ്രദേശത്തുള്ള ഒരു വീട്ടിൽ നിന്നും കഴിഞ്ഞ ദിവസം രാവിലെയാണ് ഷിജുവിനെ നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഷിജുവിനെ റിമാൻഡ് ചെയ്തു.