റമ്പൂട്ടാൻ സാധാരണയിൽ നിന്നും അല്പം വ്യത്യസ്തമായി കഴിച്ചാലോ? റംബൂട്ടാൻ അച്ചാറിട്ട് കഴിക്കാൻ. ഇനി ഇത് കിട്ടുമ്പോൾ ഈ അച്ചാർ ഒന്ന് പരീക്ഷിച്ചുനോക്കൂ.
ആവശ്യമായ ചേരുവകൾ
- റമ്പൂട്ടാൻ- 1കിലോ
- നല്ലെണ്ണ- 3 ടേബിൾ സ്പൂൺ
- കടുക്
- ഉലുവ
- വെളുത്തുള്ളി- 20 അല്ലി
- ഇഞ്ചി- 1 കഷ്ണം
- പച്ചമുളക്- 5 എണ്ണം
- കറിവേപ്പില- 3 തണ്ട്
- മഞ്ഞൾപൊടി- 1 ടീസ്പൂൺ
- മുളക് പൊടി- 3 ടേബിൾ സ്പൂൺ
- ജീരകപ്പൊടി- 1 ടീസ്പൂൺ
- വിനാഗിരി- 5 ടേബിൾ സ്പൂൺ
- ഉപ്പ്- ആവശ്യത്തിന്
- കായപൊടി- കാൽ ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
റമ്പൂട്ടാൻ തോട് അടർത്തിയെടുക്കുക. ഒരു മൺചട്ടിയെടുത്ത് അടുപ്പത്ത് വച്ച് ചൂടാകുമ്പോൾ മൂ നല്ലെണ്ണ ഒഴിക്കുക. ഇതിലേക്ക് കടുക്, ഉലുവ എന്നിവ ചേർത്ത് വറുത്തെടുക്കുക. വെളുത്തുള്ളിയും ചെറുതായി അരിഞ്ഞ ഇഞ്ചിയും വട്ടത്തിൽ അരിഞ്ഞ പച്ചമുളകും ചേർത്ത് ഇളക്കി യോജിപ്പിക്കുക. കറിവേപ്പില ചേർക്കുക. കറിവേപ്പിലയുടെ ഇലയുടെ നിറം മാറി വരുന്നതുവരെ വഴറ്റുക. ശേഷം മഞ്ഞൾപൊടി, മുളക് പൊടി, ജീരകപ്പൊടി എന്നീ മസാലകൾ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
പൊടി നന്നായി മൂത്തുവരുമ്പോൾ അഞ്ച് ടേബിൾ സ്പൂൺ വിനാഗിരിയും ആവശ്യത്തിന് ഉപ്പും ചേർക്കുക. ഇനിയാണ് റമ്പൂട്ടാൻ പഴങ്ങൾ ചേർക്കേണ്ടത്. കുരുവുള്ള റമ്പൂട്ടാൻ ആണ് ചേർക്കുന്നതെങ്കിലും പഴകുന്നതിനു അനുസരിച്ച് കുരു താനെ അടർന്നു പോയ്ക്കൊള്ളും. പുളി കൂടുതൽ ഉള്ള റമ്പൂട്ടാൻ പഴങ്ങൾ ആണെങ്കിൽ അൽപ്പം ശർക്കര കൂടി ചേർത്തു കൊടുക്കാം. റമ്പൂട്ടാനിൽ മസാല പിടിക്കുന്ന രീതിയിൽ നന്നായി ഇളക്കി യോജിപ്പിച്ച് അതിലേക്ക് അൽപ്പം കായപ്പൊടി കൂടി ചേർത്തു കൊടുക്കാം. അച്ചാർ റെഡി. അച്ചാർ വായുസഞ്ചാരമില്ലാത്ത പാത്രത്തിലേക്ക് മാറ്റിയാൽ ഏറെ നാൾ ഉപയോഗിക്കാം.